അർധരാത്രി സൈനിക പരേഡുമായി ഉത്തരകൊറിയ; അഭിവാദ്യമർപ്പിച്ച് കിം ജോങ് ഉൻ
text_fieldsപ്യോങ്യാങ്: ഉത്തരകൊറിയയുടെ സ്ഥാപക വാർഷികത്തിൽ അർധരാത്രി സൈനിക പരേഡ് നടത്തി രാജ്യം. കിം ജോങ് ഉൻ പരേഡിന് അഭിവാദ്യം അർപ്പിക്കാൻ എത്തിയിരുന്നു. രാജ്യതലസ്ഥാനമായ പ്യോങ്യാങ്ങിലെ കിം ഇൽ സുങ് സ്ക്വയറിലായിരുന്നു പരേഡ്.
യുദ്ധവിമാനങ്ങളടക്കം പരേഡിൽ പങ്കെടുത്തുവെന്ന് കൊറിയൻ ദേശീയ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. ക്രീം നിറത്തിലുള്ള സ്യൂട്ട് ധരിച്ച് സൈനികരെ അഭിവാദ്യം ചെയ്യുന്ന കിം ജോങ് ഉന്നിന്‍റെ ചിത്രം ദ റോഡോങ് സിൻമുൺ പത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ വർഷം മൂന്നാം തവണയാണ് ഉത്തരകൊറിയ ഇത്തരത്തിൽ പരേഡ് നടത്തുന്നത്.
ഉത്തരകൊറിയയുടെ പരേഡ് വിവരം ദക്ഷിണകൊറിയയും സ്ഥിരീകരിച്ചു. രാജ്യത്തിന്‍റെ സൈനിക സംവിധാനങ്ങൾ മുഴുവൻ പരേഡിനായി അണിനിരന്നോയെന്നത് പരിശോധിക്കുകയാണെന്നും ദക്ഷിണകൊറിയ അറിയിച്ചു. കഴിഞ്ഞ ഒക്ടോബറിൽ നടത്തിയ സൈനിക പരേഡിൽ പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ ഉത്തരകൊറിയ പ്രദർശിപ്പിച്ചിരുന്നു. ജനുവരിയിലും ഉത്തരകൊറിയ സമാനമായ പരേഡ് നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.