കിം ഈ മാസം റഷ്യ സന്ദർശിക്കുമെന്ന് റിപ്പോർട്ട്; ലക്ഷ്യം ആയുധ വിൽപന
text_fieldsസോൾ: ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ ഈ മാസം അവസാനം റഷ്യ സന്ദർശിച്ച് പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി ചർച്ച നടത്തുമെന്ന് റിപ്പോർട്ട്. അമേരിക്കൻ അധികൃതരാണ് ഇതുസംബന്ധിച്ച സൂചനകൾ പുറത്തുവിട്ടത്. യുക്രെയ്നെതിരായ യുദ്ധത്തിൽ റഷ്യക്ക് ആയുധ സഹായം നൽകുന്നതുസംബന്ധിച്ച് ഇരുവരും ചർച്ച ചെയ്യുമെന്നാണ് അറിയുന്നത്. എന്നാൽ, എവിടെവെച്ചാണ് ചർച്ച നടക്കുകയെന്ന കാര്യത്തിൽ വ്യക്തതയില്ല.
അതേസമയം, മാധ്യമ റിപ്പോർട്ടുകളെക്കുറിച്ച് റഷ്യയോ ഉത്തര കൊറിയയോ പ്രതികരിച്ചിട്ടില്ല. പ്രത്യേക സുരക്ഷയൊരുക്കിയ ട്രെയിനിലായിരിക്കും കിം യാത്ര ചെയ്യുകയെന്ന് ഔദ്യോഗിക വൃത്തങ്ങൾ ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിൽ ആയുധ കൈമാറ്റം സംബന്ധിച്ച് ചർച്ചകൾ സജീവമായി പുരോഗമിക്കുകയാണെന്ന് അടുത്തിടെ അമേരിക്ക വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ്, പുതിയ റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്.
സമീപകാലത്ത് റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷൊയ്ഗു നടത്തിയ ഉത്തര കൊറിയൻ സന്ദർശനത്തിനിടെ റഷ്യക്ക് ആയുധം വിൽക്കുന്നത് സംബന്ധിച്ച് ചർച്ച നടത്തിയതായി യു.എസ് ദേശീയ സുരക്ഷാ കൗൺസിൽ ഉപദേഷ്ടാവ് ജോൺ കിർബി പറഞ്ഞു. ഹ്വാസോങ് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ ഉൾപ്പെടെയുള്ള ആയുധങ്ങളും അദ്ദേഹത്തിന്റെ സന്ദർശന വേളയിൽ പ്രദർശിപ്പിച്ചിരുന്നു. കോവിഡ് മഹാമാരിക്കുശേഷം ആദ്യമായാണ് ഉത്തര കൊറിയ വിദേശ അതിഥികളെ സ്വീകരിക്കുന്നത്. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതു സംബന്ധിച്ച പുടിന്റെയും കിമ്മിന്റെയും കത്തുകൾ കൂടിക്കാഴ്ചക്കിടെ കൈമാറുകയും ചെയ്തു. റഷ്യയുമായുള്ള ആയുധ ചർച്ചകൾ അവസാനിപ്പിക്കണമെന്നും റഷ്യക്ക് ആയുധങ്ങൾ നൽകുകയോ വിൽക്കുകയോ ചെയ്യില്ലെന്ന ഉറപ്പ് ഉത്തര കൊറിയ പാലിക്കണമെന്നും കിർബി ആവശ്യപ്പെട്ടു. റഷ്യക്ക് ആയുധങ്ങൾ നൽകിയാൽ ഉത്തരകൊറിയക്കെതിരെ ഉപരോധമടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ആയുധങ്ങൾ നൽകുന്നതിന് പകരമായി റഷ്യയിൽനിന്ന് ഉത്തര കൊറിയക്ക് എന്താണ് ലഭിക്കുകയെന്ന കാര്യത്തിൽ അമേരിക്കയിലും ദക്ഷിണ കൊറിയയിലും ആശങ്ക ഉയർന്നിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണം ഇതോടെ കൂടുതൽ ശക്തമാകുമെന്നാണ് കരുതുന്നത്. അമേരിക്കയും ദക്ഷിണ കൊറിയയും ജപ്പാനും നടത്തിയതിന് സമാനമായി റഷ്യയും ചൈനയും ഉത്തര കൊറിയയും സംയുക്ത സൈനിക പരിശീലനം നടത്തണമെന്ന നിർദേശം റഷ്യൻ പ്രതിരോധ മന്ത്രി മുന്നോട്ടുവെച്ചതായി ദക്ഷിണ കൊറിയയുടെ ഇന്റലിജൻസ് ഏജൻസി തിങ്കളാഴ്ച വെളിപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.