'പ്രകോപിപ്പിച്ചാൽ നശിപ്പിക്കും'; ദക്ഷിണ കൊറിയക്ക് കിം ജോങ് ഉന്നിന്‍റെ മുന്നറിയിപ്പ്
text_fieldsസിയോൾ: ദക്ഷിണ കൊറിയയുമായി ഒരുതരത്തിലുള്ള നയതന്ത്ര ബന്ധവും ആഗ്രഹിക്കുന്നില്ലെന്ന് ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ. പ്രകോപനം സൃഷ്ടിച്ചാൽ ദക്ഷിണ കൊറിയയെ ഇല്ലാതാക്കുമെന്നും കിം ജോങ് ഉൻ മുന്നറിയിപ്പ് നൽകി. ഇരുകൊറിയകളും തമ്മിലുള്ള ബന്ധം ഏറെ വഷളായിരിക്കുന്ന പശ്ചാത്തലത്തിലാണ് കിമ്മിന്‍റെ പ്രസ്താവന.
ഉത്തരകൊറിയ കൂടുതൽ മിസൈൽ പരീക്ഷണം തുടരുന്ന പശ്ചാത്തലത്തിൽ യു.എസും ജപ്പാനുമായുള്ള പ്രതിരോധ സഖ്യം ദക്ഷിണ കൊറിയ ശക്തമാക്കിയിരുന്നു. സംയുക്ത സൈനികപ്രകടനവും നടത്തിയിരുന്നു. ഇതാണ് ഉത്തരകൊറിയയെ പ്രകോപിപ്പിച്ചിരിക്കുന്നത്.
അതേസമയം, കിം ജോങ് ഉൻ പ്രസ്താവിക്കുന്നതു പോലെയുള്ള നേരിട്ടുള്ള ആക്രമണമോ യുദ്ധമോ സംഭവിക്കാനിടയില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. ദക്ഷിണ കൊറിയയിലും യു.എസിലും തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ സമ്മർദം സൃഷ്ടിക്കുകയാണ് കിമ്മിന്‍റെ ലക്ഷ്യമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
ദക്ഷിണ കൊറിയയും അമേരിക്കയും ജപ്പാനും നടത്തിയ സംയുക്ത നാവികാഭ്യാസത്തിന് പിന്നാലെ വെള്ളത്തിനടിയിലുള്ള ആണവ ആക്രമണ ഡ്രോൺ പരീക്ഷിച്ചതായി ഉത്തര കൊറിയ കഴിഞ്ഞയാഴ്ച അവകാശപ്പെട്ടിരുന്നു. നവംബറിൽ ചാര ഉപഗ്രഹം മൂന്നാമതും ഉത്തരകൊറിയ പരീക്ഷിച്ചിരുന്നു. ഇതിന് പുറമേ ഡിസംബറിൽ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണവും കൊറിയ നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.