യുക്രെയ്ൻ ആക്രമണത്തിൽ റഷ്യക്ക് കിമ്മിന്റെ പൂർണ പിന്തുണ; സഹകരണം ഊർജിതമാക്കും
text_fieldsപ്യോങ് യാങ്: പുറത്തുനിന്ന് ആക്രമണമുണ്ടായാൽ പരസ്പരം സഹായിക്കുന്നതിന് റഷ്യയും ഉത്തര കൊറിയയും കരാറിൽ ഒപ്പുവെച്ചു. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിെന്റ ഉത്തര കൊറിയൻ സന്ദർശനത്തിനിടെയാണ് കരാറിന് ധാരണയായത്.
റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തെ പൂർണമായി പിന്തുണക്കുന്നുവെന്ന് ഉത്തര കൊറിയൻ പ്രസിഡൻറ് കിം ജോങ് ഉൻ പറഞ്ഞു.
24 വർഷത്തിനിടെ ആദ്യമായി ഉത്തര കൊറിയ സന്ദർശിച്ച പുടിന് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയുടെ അടുത്ത ഘട്ടം മോസ്കോയിൽ നടക്കുമെന്നും പുടിൻ പറഞ്ഞു.
ഏതെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായാൽ പരസ്പരം സൈനികമായി സഹായിക്കുന്നതിനുള്ള കരാറിലാണ് ഇരു രാജ്യങ്ങളും എത്തിയിരിക്കുന്നതെന്ന് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
തങ്ങളുടെ ഏറ്റവും ആത്മാർഥ സുഹൃത്തും സഖ്യകക്ഷിയുമാണ് റഷ്യയെന്ന് കിം ജോങ് ഉൻ പറഞ്ഞു. കൊറിയൻ ജനതയുടെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തായാണ് പുടിനെ അദ്ദേഹം വിശേഷിപ്പിച്ചത്. സമാധാനപരവും സ്വയം പ്രതിരോധത്തിനുമുള്ളതാണ് സൈനിക കരാറെന്ന് കിം പറഞ്ഞു. കിമ്മുമായുള്ള കൂടിക്കാഴ്ചയിൽ സുരക്ഷ, അന്താരാഷ്ട്ര വിഷയങ്ങളാണ് കൂടുതലായി ചർച്ച ചെയ്തതെന്ന് പുടിൻ പറഞ്ഞു.
ഉത്തര കൊറിയയുമായി സൈനിക-സാങ്കേതിക സഹകരണം രൂപപ്പെടുത്തുന്നതിനുള്ള സാധ്യതയും പുടിൻ തള്ളിക്കളഞ്ഞില്ല. ആരോഗ്യപരിപാലനം, മെഡിക്കൽ വിദ്യാഭ്യാസം, ശാസ്ത്രം തുടങ്ങിയ മേഖലകളിലും ഇരു രാജ്യങ്ങളും കരാറുകളിൽ ഒപ്പുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.