നോർവേ രാജകുമാരിയും മന്ത്രവാദി ഡ്യുറെക് വെറെറ്റും വിവാഹിതരാകുന്നു
text_fieldsഓസ്‌ലോ: നോർവീജിയൻ രാജാവ് ഹെരാൾഡ് അഞ്ചാമന്‍റെ മൂത്ത മകൾ മാർത്ത ലൂയിസ് വിവാഹിതയാകുന്നു. യു.എസിലെ സ്വയം പ്രഖ്യാപിത മന്ത്രിവാദിയും ബദൽ തെറാപ്പിസ്റ്റുമായ ഡ്യുറെക് വെറെറ്റാണ് വരൻ. ഡ്യുറെകിനെ സ്വീകരിക്കുന്നതിൽ തന്റെ കുടുംബത്തിന് അതിയായ സന്തോഷമുണ്ടെന്ന് ഹെരാൾഡ് അഞ്ചാമൻ പ്രസ്താവനയിൽ പറഞ്ഞു.
ഡ്യുറെകുമായി പ്രണയത്തിലായ മാർത്ത കഴിഞ്ഞ വർഷം രാജകുടുംബത്തിന്റെ എല്ലാ പദവികളിൽനിന്നും ഒഴിഞ്ഞിരുന്നു. ഡ്യുറെകിനൊപ്പം ബദൽ മരുന്ന് വ്യാപാരത്തിൽ സജീവമാണ് മാർത്ത.
2022 ജൂണിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. നോർവേയിലെ രണ്ടാമത്തെ വലിയ നഗരമായ ബെർഗനിൽ നിന്ന് 265 കിലോമീറ്റർ വടക്കുള്ള ഗീറഞ്ചറിൽ അടുത്ത വർഷം ആഗസ്റ്റ് 24 നാണ് വിവാഹം നടക്കുക. വിവാഹശേഷം ഇരുവരും കാലിഫോര്‍ണിയയിലേക്ക് താമസം മാറുമെന്നാണ് റിപ്പോര്‍ട്ട്.
മരണത്തിൽ നിന്ന് പുനർജനിച്ചയാളാണ് താനെന്നും യു.എസിലെ ലോകവ്യാപാര കേന്ദ്രം ആക്രമണം രണ്ടു വർഷം മുമ്പ് പ്രവചിച്ചിരുന്നുവെന്നും ഡ്യുറെക് അവകാശപ്പെടുന്നുണ്ട്. തനിക്ക് മാലാഖമാരുമായി ബന്ധമുണ്ടെന്ന മാർത്തയുടെ അവകാശവാദവും ചർച്ചയായിരുന്നു. ഇതിന് പിന്നാലെ ഒരു രാജപദവിയും മാർത്ത വഹിക്കുന്നില്ലെന്ന നോർവേ റോയൽ ഹൗസ് പ്രസ്താവന പുറപ്പെടുവിച്ചിരുന്നു.
51 കാരിയായ മാർത്തയ്ക്ക് ആദ്യ വിവാഹത്തിൽ മൂന്നു മക്കളുണ്ട്. 2017ലാണ് മാർത്ത ആദ്യ വിവാഹബന്ധം വേർപ്പെടുത്തിയത്. രണ്ടു വർഷത്തിന് ശേഷം 2019ലെ ക്രിസ്മസ് ദിനത്തിൽ മുൻ ഭർത്താവായ അറി ബെഹ്ൻ ആത്മഹത്യ ചെയ്യുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.