കുരങ്ങ് വസൂരിക്ക് പുതിയ പേര് ട്രംപ്-22; ജനങ്ങൾ ആഗ്രഹിക്കുന്നതായി ലോകാരോഗ്യ സംഘടന
text_fieldsകുരങ്ങുപനിയെ ട്രംപ്-22 എന്ന് പുനർനാമകരണം ചെയ്യാൻ പൊതുജനങ്ങൾ ആഗ്രഹിക്കുന്നതായി ലോകാരോഗ്യ സംഘടന. കുരങ്ങുപനിക്ക് പുതിയ പേര് തേടി ലോകാരോഗ്യ സംഘടന ജനങ്ങളോട് അഭിപ്രായം തേടിയിരുന്നു. സാധാരണ ലോകാരോഗ്യ സംഘടനയുടെ ഒരു സമിതിയാണ് രോഗങ്ങളുടെ പേരുകൾ തെരഞ്ഞെടുക്കാറ്. എന്നാൽ, ഇക്കുറി ഡബ്ല്യു.എച്ച്.ഒ ഇതിന് പൊതുജനങ്ങൾക്ക് സൗകര്യം ചെയ്തുകൊടുക്കുകയായിരുന്നു. സ്വവർഗ ലൈംഗികതയിലൂടെ രോഗം പകരുന്നു എന്ന കാരണത്താൽ അതിനോട് അനുബന്ധമായ ചില പേരുകളും ചിലർ നിർദേശിച്ചിരുന്നു. എന്നാൽ, ഡബ്ല്യു.എച്ച്.ഒ ഇത് വെബ്സൈറ്റിൽനിന്ന് നീക്കി.
അക്കാദമിക് വിദഗ്ധർ, ഡോക്ടർമാർ, മറ്റ് കമ്മ്യൂണിറ്റി ആക്ടിവിസ്റ്റുകൾ എന്നിവരുൾപ്പെടെ നിരവധി പേരിൽ നിന്ന് ഇപ്പോൾ ഡസൻ കണക്കിന് പേരുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കുരങ്ങുകൾ അല്ല യഥാർത്ഥത്തിൽ കുരങ്ങുപനിക്ക് കാരണമെന്നതിനാൽ ഇപ്പോഴത്തെ പേര് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വിമർശനമുണ്ടായിരുന്നു. തുടർന്നാണ് രോഗത്തിന് ഒരു പുതിയ പേരിടാൻ തീരുമാനം ആയത്. ഈ വർഷം വരെ, കുരങ്ങുപനി പ്രധാനമായും പടിഞ്ഞാറൻ, മധ്യ ആഫ്രിക്കയിലെ ഒരു കൂട്ടം രാജ്യങ്ങളിൽ മാത്രമാണ് പടർന്നത്.
"കുരങ്ങുപനിക്ക് ഒരു പുതിയ പേര് കണ്ടെത്തുന്നത് വളരെ പ്രധാനമാണ്, കാരണം ഒരു ഗ്രൂപ്പിനും ഒരു പ്രദേശത്തിനും ഒരു രാജ്യത്തിനും മൃഗത്തിനും ഒരു കുറ്റവും സൃഷ്ടിക്കാതിരിക്കാനുള്ള ഏറ്റവും നല്ല സമ്പ്രദായമാണിത്" -ലോകാരോഗ്യ സംഘടനയുടെ വക്താവ് ഫഡെല ചൈബ് ചൊവ്വാഴ്ച പറഞ്ഞു. "ഡബ്ല്യു.എച്ച്.ഒ ഈ വിഷയത്തിൽ വളരെയധികം ആശങ്കാകുലരാണ്. കളങ്കപ്പെടുത്താത്ത ഒരു പേര് കണ്ടെത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു" -അവർ കൂട്ടിച്ചേർത്തു.
പുരുഷ ആരോഗ്യ സംഘടനയായ റെസോയുടെ ഡയറക്ടർ സാമുവൽ മിറിയല്ലോ സമർപ്പിച്ച എംപോക്സ് എന്ന പേരാണ് ഇതുവരെയുള്ളതിൽ കൂടുതൽ അംഗീകരിക്കപ്പെട്ടത്. കാനഡയിലെ മോൺട്രിയലിൽ ഇതിനകം തന്നെ ഈ പേര് ഉപയോഗിക്കുന്നുമുണ്ട്. മറ്റൊരു നിർദ്ദേശം ട്രംപ്-22 എന്നതാണ്. കൊറോണ വൈറസിനെ "ചൈനീസ് വൈറസ്" എന്ന വിവാദ പദം ഉപയോഗിച്ച് മുൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പരാമർശിച്ചിരുന്നു. അതിന് മറുപടിയാണ് ഇതെന്നും കരുതപ്പെടുന്നു. എന്നാൽ, പേര് നിർദേശിച്ചയാൾ പറയുന്നത് ഇങ്ങനെയാണ്: അതിന്‍റെ മുഴുവൻ പേര് "Toxic Rash of Unrecognized Mysterious Provenance of 2022" എന്നാണ്. സ്വവർഗ്ഗാനുരാഗ സമൂഹത്തെ പരിഹസിക്കുന്ന പേരുകൾ നേരത്തെ പോസ്റ്റ് ചെയ്തിരുന്നുവെങ്കിലും പിന്നീട് ഡബ്ല്യു.എച്ച്.ഒ സൈറ്റിൽ നിന്ന് നീക്കം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.