ദാവൂദ് ഇബ്രാഹിം കറാച്ചിയിലുണ്ടെന്ന റിപ്പോർട്ട് നിഷേധിച്ച് പാകിസ്താൻ
text_fieldsഇസ്ലാമാബാദ്: അധോലോക നായകൻ ദാവൂദ് ഇബ്രാഹിം കറാച്ചിയിലുണ്ടെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് പാകിസ്താൻ. കഴിഞ്ഞ ദിവസം, ദാവൂദ് ഉൾപ്പടെ ഭീകരരുടെ പട്ടിക മേൽവിലാസം സഹിതം പാകിസ്താൻ പ്രസിദ്ധീകരിച്ചിരുന്നു. ദാവൂദ് കറാച്ചിയിൽ കഴിയുന്നതായാണ് പട്ടികയിൽ പറയുന്നത്. ഈ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ദാവൂദ് തങ്ങളുടെ മണ്ണിൽ ഇല്ലെന്ന പഴയ വാദം പാകിസ്താൻ ആവർത്തിക്കുന്നത്. ഐക്യരാഷ്ട്ര സഭ സുരക്ഷാസമിതി തയാറാക്കിയ പട്ടിക പുന:പ്രസിദ്ധീകരിക്കുക മാത്രമാണ് തങ്ങൾ ചെയ്തതെന്ന് പാകിസ്താൻ അവകാശപ്പെടുന്നു.
കഴിഞ്ഞ 18ന് ഇറക്കിയ 259 ഭീകരരുടെ പട്ടികയിലാണ് ദാവൂദ് ഇബ്രാഹിമിന്‍റെ പേരുള്ളത്. കറാച്ചിയിലെ മേൽവിലാസവും പാസ്പോർട്ട് വിവരങ്ങളും ഇതിനൊപ്പമുണ്ട്. ഹാഫിസ് സയീദ്, മസൂദ് അസ്ഹർ തുടങ്ങിയവരുടെ പേരുകളുമുണ്ട്. ഇവരുടെ ആസ്തി മരവിപ്പിച്ചതായും യാത്രാ നിരോധനവും ആയുധ നിരോധനവും ഏർപ്പെടുത്തിയതായും പാകിസ്താൻ പറയുന്നു.
വർഷങ്ങളായി ഇന്ത്യ തേടിക്കൊണ്ടിരിക്കുന്ന അധോലോക കുറ്റവാളിക്ക് പാകിസ്താൻ അഭയം നൽകുന്നതായി നിരന്തരം ആരോപണമുന്നയിച്ചിരുന്നു. എന്നാൽ, ഇക്കാലമത്രയും ഈ ആരോപണം പാകിസ്താൻ നിഷേധിക്കുകയാണുണ്ടായത്.
ഭീകരതക്കുള്ള സാമ്പത്തിക സഹായം തടയുന്ന ആഗോള നിരീക്ഷണ ഏജൻസിയായ എഫ്.എ.ടി.എഫ് 2018ൽ പാകിസ്താനെ ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു. ഭീകരതക്കെതിരെ കടുത്ത നടപടിയുണ്ടായില്ലെങ്കിൽ കൂടുതൽ പ്രത്യാഘാതമുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. എഫ്.എ.ടി.എഫിന്‍റെ മുന്നറിയിപ്പ് മുൻനിർത്തിയാണ് ഇപ്പോൾ ഭീകരർക്കെതിരെ നടപടിയെടുത്തിരിക്കുന്നത്.
ഭീകരതക്കെതിരെ തങ്ങൾ നടപടിയെടുക്കുന്നുണ്ടെന്ന് കാണിക്കാനും അതുവഴി എഫ്.എ.ടി.എഫിന്‍റെ ഗ്രേ ലിസ്റ്റിൽ നിന്ന് ഒഴിവാകാമെന്നുമാണ് പാക് പ്രതീക്ഷ. ഇതു സംബന്ധിച്ച് എഫ്.എ.ടി.എഫിന്‍റെ അടുത്ത യോഗത്തിലാണ് തീരുമാനമുണ്ടാവുക.
37 അംഗങ്ങളാണ് എഫ്.എ.ടി.എഫിൽ ഉള്ളത്. ഇതിൽ 15 അംഗങ്ങളുടെ വോട്ട് ലഭിച്ചാൽ ഗ്രേ ലിസ്റ്റിൽ നിന്ന് പാകിസ്താന് പുറത്തുകടക്കാം. ചൈന, തുർക്കി, മലേഷ്യ, ഹോങ്കോങ് തുടങ്ങിയ രാജ്യങ്ങളുടെ പിന്തുണ പാകിസ്താന് ഉണ്ടെന്നാണ് വിവരം.
അധോലോക നായകനായി വളർന്ന ദാവൂദ് ഇബ്രാഹിം (59) മുംബൈ സ്ഫോടനത്തോടെയാണ് കൊടുംകുറ്റവാളി പട്ടികയിലായത്. 1993ലെ മുംബൈ സ്ഫോടന പരമ്പരയിൽ 257 പേരാണ് കൊല്ലപ്പെട്ടത്. 700ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ, കൊള്ളയടിക്കൽ തുടങ്ങിയ നിരവധി കുറ്റകൃത്യങ്ങളിലും ദാവൂദിന് പങ്കുണ്ട്. അൽഖ്വയ്ദ, ലഷ്കറെ ത്വയ്ബ തുടങ്ങിയ ഭീകരസംഘടനകൾക്ക് ദാവൂദ് സാമ്പത്തിക സഹായം നൽകുന്നതായി ഇന്ത്യയും അമേരിക്കയും ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.