ചീര കഴിച്ചവർക്ക് മതിഭ്രമവും കാഴ്ച്ച മങ്ങലും; അന്വേഷണ സംഘം കണ്ടെത്തിയ കാരണം വിചിത്രം
text_fieldsചീര കഴിച്ച 200 ലധികം പേർക്ക് മതിഭ്രമവും കാഴ്ച്ച മങ്ങലും മറ്റ് ആരോഗ്യ പ്രശ്നങ്ങളും അനുഭവപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയ കാരണം വിചിത്രമായിരുന്നു. ഓസ്ട്രേലിയയിലാണ് നൂറുകണക്കിനുപേർക്ക് ചീര കഴിച്ചതിനു പിന്നാലെ ശാരീരിക അസ്വസ്ഥതകൾ നേരിട്ടത്. ചീരയിലെ വിഷാംശമാകാം കാരണം എന്നായിരുന്നു ആദ്യം കരുതിയത്. പിന്നീട് അന്വേഷണത്തിനൊടുവിലാണ് യഥാർത്ഥ വില്ലനെ തിരിച്ചറിഞ്ഞത്.
സംഭവം ഓസ്ട്രേലിയയിൽ വലിയ വാർത്തയായതോടെയാണ് ആരോഗ്യവകുപ്പ് അന്വേഷണം നടത്തിയത്. ചീരയ്ക്കൊപ്പം ഒരു തരം കഞ്ചാവ് ചെടി കൂടി കലർന്നതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് കണ്ടെത്തൽ. ത്രോൺആപ്പിൾ എന്നറിയപ്പെടുന്ന ചെടിയാണ് ചീരയ്ക്കൊപ്പം വളർന്നത്. ജിംസൺവീഡ് എന്നറിയപ്പെടുന്ന ഈ ചെടിയുടെ ശാസ്ത്രീയ നാമം ദത്തൂര സ്ത്രമോണിയം (Datura stramonium )എന്നാണ്.
മതിഭ്രമം, വേഗത്തിലുള്ള ഹൃദയമിടിപ്പ്, കണ്ണുകൾ ചുവക്കുക, മങ്ങിയ കാഴ്ച, പനി, കുഴഞ്ഞ സംസാരം, ഓക്കാനം, ഛർദ്ദി, വായയും ചർമവും വരണ്ടതായി അനുഭവപ്പെടുക തുടങ്ങിയ ലക്ഷണങ്ങളായിരുന്നു രോഗികൾക്ക് പ്രകടമായത്. ചീര കഴിച്ചതിന് പിന്നാലെയാണ് ലക്ഷണങ്ങൾ കണ്ടു തുടങ്ങിയതും. സൗത്ത് വെയിൽസിൽ മാത്രം 88 ഓളം പേർ ഇതേ ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയും ഇതിൽ 33 പേർ ഡോക്ടർമാരെ സമീപിക്കുകയും ചെയ്തു.
ചീരയ്ക്കൊപ്പം എങ്ങനെയാണ് കഞ്ചാവ് ചെടിയും വളർന്നത് എന്ന കാര്യം ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇക്കാര്യങ്ങൾ അന്വേഷിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു. ഓസ്ട്രേലിയയിലെ റിവീര ഫാമിൽ നിന്നുള്ള ചീരയാണ് ആശങ്ക പരത്തിയത്. ഇവിടെ നിന്നും ചീര വാങ്ങി കഴിച്ചവർക്ക് അസ്വസ്ഥതയുണ്ടാകുന്നുവെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട ഉടൻ തന്നെ ഫാം അധികൃതകർ നടപടിയും സ്വീകരിച്ചു. വിക്ടോറിയയിലെ ഫാമിലാണ് ചീര കൃഷി ചെയ്യുന്നത്. ഇവിടെ നിന്ന് മറ്റ് ഭാഗങ്ങളിലേക്ക് കയറ്റി അയക്കുകയാണ് പതിവ്.
സൗത്ത് വെയിൽസ്, വിക്ടോറിയ, ക്വീൻസ് ഐലന്റ് എന്നിവിടങ്ങളിൽ നിന്ന് സമാനമായ കേസുകൾ റിപ്പോർട്ട് ചെയ്തു. നിരവധി പേരെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടേയും സ്ഥിതി ഗുരുതരമല്ലെന്ന് ആരോഗ്യ വിദഗ്ധർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.