ആണവ പദ്ധതി: ഇറാൻ-യു.എസ് ചർച്ച നിർണായക ഘട്ടത്തിൽ –ഐ.എ.ഇ.എ
text_fieldsതെഹ്റാൻ: ആണവ പദ്ധതി സംബന്ധിച്ച് ഇറാൻ-യു.എസ് ചർച്ച നിർണായക ഘട്ടത്തിലാണെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി (ഐ.എ.ഇ.എ) തലവൻ റാഫേൽ മരിയാനോ ഗ്രോസി. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഘ്ചിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന.
സുപ്രധാന ചർച്ചയുടെ ഘട്ടമാണിത്. ചർച്ചയിൽ നല്ല തീരുമാനമുണ്ടാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആണവ കരാർ യാഥാർഥ്യമായാൽ ഒന്നും ആശങ്കപ്പെടേണ്ടതില്ലെന്നും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിയെ കുറിച്ച് ഗ്രോസ് പ്രതികരിച്ചു.
ബുധനാഴ്ച തലസ്ഥാനമായ തെഹ്റാനിലെത്തിയ ഗ്രോസി, ഇറാന്റെ അറ്റോമിക് എനർജി ഓർഗനൈസേഷൻ തലവൻ മുഹമ്മദ് ഇസ്ലാമിയുമായും കൂടിക്കാഴ്ച നടത്തി. ആണവ പദ്ധതി ചർച്ചയിൽ ഐ.എ.ഇ.എ നിഷ്പക്ഷത പാലിക്കുകയും പ്രഫഷനലായി പ്രവർത്തിക്കുകയും ചെയ്യുമെന്നാണ് ഇറാൻ പ്രതീക്ഷിക്കുന്നതെന്ന് ഇസ്ലാമി പറഞ്ഞതായി ഔദ്യോഗിക വാർത്ത ഏജൻസിയായ ഇർന റിപ്പോർട്ട് ചെയ്തു.
ഇറാന്റെ ആണവപദ്ധതി സംബന്ധിച്ച് ശനിയാഴ്ച യു.എസ് വീണ്ടും വിശദ ചർച്ച നടത്താനിരിക്കുന്ന സാഹചര്യത്തിലാണ് ഐ.എ.ഇ.എ തലവൻ തെഹ്റാനിലെത്തുന്നത്. ഒമാന്റെ മധ്യസ്ഥതയിൽ റോമിലായിരിക്കും അടുത്ത കൂടിക്കാഴ്ച നടക്കുക. 2018ലാണ് ഇറാൻ ആണവ കരാറിൽനിന്ന് ട്രംപ് ഏകപക്ഷീയമായി പിന്മാറിയത്. പിന്നീട്, ആണവായുധം നിർമിക്കാൻ കഴിയുന്ന തലത്തിൽ ഇറാൻ യുറേനിയം സമ്പുഷ്ടീകരിച്ചതായാണ് ഐ.എ.ഇ.എ പറയുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.