ആണവ പദ്ധതി; യു.എസുമായി ചർച്ച ആശങ്ക പരിഹരിക്കാൻ മാത്രം - ഇറാൻ
text_fieldsതെഹ്റാൻ: ആണവായുധ പദ്ധതി സംബന്ധിച്ച ആശങ്ക പരിഹരിക്കാൻ വേണ്ടിയാണെങ്കിൽ മാത്രം യു.എസുമായി ചർച്ചക്ക് തയാറെന്ന് ഇറാൻ. അതേസമയം, ഇറാന്റെ സമാധാനപരമായ ആണവപദ്ധതി പൊളിക്കാൻ മുൻ യു.എസ് പ്രസിഡന്റ് ബറാക് ഒബാമ പരാജയപ്പെട്ട ശ്രമത്തിൽ തങ്ങൾ വിജയിച്ചെന്ന് അവകാശപ്പെടാനാണ് ലക്ഷ്യമെങ്കിൽ, അത്തരം ചർച്ചകൾക്ക് താൽപര്യമില്ലെന്നും മിഷൻ അറിയിച്ചു.
രാജ്യത്തെ യു.എൻ മിഷനാണ് ഇതുസംബന്ധിച്ച പ്രസ്താവന ‘എക്സ്’ൽ പോസ്റ്റ് ചെയ്തത്. പ്രശ്നങ്ങൾ പരിഹരിക്കാനല്ല, മറിച്ച് ആധിപത്യം സ്ഥാപിക്കാനും സ്വന്തം താൽപര്യങ്ങൾ അടിച്ചേൽപിക്കാനുമാണ് യു.എസ് ശ്രമമെന്നും അവരുമായി ചർച്ചക്ക് തയാറല്ലെന്നും കഴിഞ്ഞ ദിവസം പരമോന്നത നേതാവ് ആയത്തുല്ല ഖാംനഇ വ്യക്തമാക്കിയതിന് പിന്നാലെയാണ് സർക്കാർ നിലപാട് മയപ്പെടുത്തിയത്.
ആണവായുധം നിർമിക്കാൻ കഴിയുന്നതലത്തിൽ യുറേനിയം സമ്പുഷ്ടീകരിക്കുകയാണെന്ന് നേരത്തേ ആരോപണങ്ങളുണ്ടെങ്കിലും ഇറാൻ നിഷേധിച്ചിരുന്നു. സമാധാനപരമായ ആവശ്യങ്ങൾക്ക് വേണ്ടിയാണ് ആണവ പദ്ധതിയെന്നാണ് ഇറാന്റെ അവകാശവാദം. ആണവായുധം സ്വന്തമാക്കാൻ ഇറാനെ ഒരിക്കലും അനുവദിക്കില്ലെന്ന ഇസ്രായേലിന്റെയും യു.എസിന്റെയും നിലപാട് കാരണം മേഖല യുദ്ധത്തിലേക്ക് നീങ്ങുമെന്ന ആശങ്കയുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.