എതിർപ്പുകൾക്കിടെ യു.എൻ ആണവായുധ നിരോധന കരാർ പ്രാബല്യത്തിൽ
text_fieldsയുനൈറ്റഡ് നാഷൻസ്: ലോകത്താദ്യമായി ആഗോളതലത്തിൽ ആണവായുധങ്ങൾ നിരോധിച്ചുകൊണ്ടുള്ള യു.എൻ കരാർ നിലവിൽ വന്നു. ആണവായുധങ്ങൾ കൈവശംവെക്കുന്ന രാജ്യങ്ങളുടെ കടുത്ത എതിർപ്പിനിടെയാണ് ചരിത്രപരമായ കരാർ പ്രാബല്യത്തിൽ വന്നത്.
കരാർ ഇനിമുതൽ അന്താരാഷ്ട്ര നിയമത്തിെൻറ ഭാഗമാകും. രണ്ടാംലോകയുദ്ധകാലത്ത് അമേരിക്കയുടെ ഹിരോഷിമ, നാഗസാക്കി ബോംബാക്രമണത്തിനു ശേഷമാണ് ആണവായുധങ്ങളുടെ നിരോധന കരാറിന് മുറവിളി ഉയർന്നത്. 2017ൽ യു.എൻ ആണവായുധ നിരോധന കരാർ വോട്ടിനിടാൻ തീരുമാനിച്ചപ്പോൾ 122 രാജ്യങ്ങൾ അനുകൂലിച്ചു. അന്ന് ഇന്ത്യയടക്കം എട്ടു രാജ്യങ്ങൾ ചർച്ചയിലും വോട്ടെടുപ്പിലും പങ്കെടുത്തില്ല.
ഇന്ത്യക്കു പുറമെ ആണവായുധങ്ങൾ കൈവശംവെക്കുന്ന അമേരിക്ക, ബ്രിട്ടൻ, ചൈന, പാകിസ്താൻ, ഉത്തരകൊറിയ, റഷ്യ, ഫ്രാൻസ്, ഇസ്രായേൽ എന്നീ രാജ്യങ്ങളാണ് വിട്ടുനിന്നത്.
ആണവായുധങ്ങൾ പൂർണമായി ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ അവ നിയമം വഴി നിരോധിക്കാനുള്ളതാണ് കരാർ.ആണവായുധത്തിെൻറ തിക്തഫലങ്ങൾ ഏറ്റവും കൂടുതൽ അനുഭവിച്ച ജപ്പാനും കരാറിനെ പിന്തുണച്ചില്ല.
ഐക്യരാഷ്ട്ര സഭയെയും ഹിരോഷിമ, നാഗസാക്കി ഇരകളെയും സംബന്ധിച്ച് വലിയ ദിവസമാണിതെന്നാണ് ആണവായുധങ്ങളുടെ നിരോധനത്തിനായി പ്രചാരണം നടത്തുന്ന ബിയാട്രിക് ഫിൻ പ്രതികരിച്ചത്.
നിലവിൽ 61 രാജ്യങ്ങൾ കരാർ അംഗീകരിച്ചിട്ടുണ്ട്. ആണവായുധങ്ങളുടെ നിർമാണം, പരീക്ഷണം, കൈവശം വെക്കൽ, കൈമാറ്റം ചെയ്യൽ എന്നിവക്കൊക്കെ നിയമം പ്രാബല്യത്തിലായതോടെ നിരോധനം വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.