നുസൈറാത് അഭയാർഥി ക്യാമ്പിൽ ബോംബിട്ടു; 17 മരണം
text_fieldsദേർ അൽ ബലഹ്: ഗസ്സയിലെ നുസൈറാത്തിൽ അഭയാർഥി ക്യാമ്പായി പ്രവർത്തിക്കുന്ന സ്കൂളിനുനേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 17 മരണം. 11 മാസം പ്രായമായ കുഞ്ഞും മരിച്ചവരിലുണ്ട്. 32 പേർക്ക് പരിക്കേറ്റു. ഹമാസ് പോരാളികളുടെ ഒളിത്താവളമെന്ന് ആരോപിച്ചാണ് ഇസ്രായേൽ നിരന്തരം അഭയാർഥി ക്യാമ്പുകൾ ലക്ഷ്യമിടുന്നത്. എന്നാൽ, ഹമാസ് ഇത് നിഷേധിക്കുകയാണ്.
വടക്കൻ ഗസ്സയിലെ ഉപരോധവും ആക്രമണവും 20ാം ദിവസത്തിലേക്ക് കടക്കുമ്പോൾ 770 ഫലസ്തീനികൾക്ക് ജീവൻ നഷ്ടപ്പെട്ടതായി ഗസ്സ മീഡിയ ഓഫിസ് അറിയിച്ചു. ജബാലിയയിലും പരിസരത്തുമായി നടക്കുന്ന ആക്രമണത്തിൽ 1000ഓളം പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ഹമാസ് കടുത്ത ചെറുത്തുനിൽപ്പും നടത്തുന്നുണ്ട്. ഗസ്സയിലെ ആകെ മരണം 42,847 ആയി. പരിക്കേറ്റവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു.
ലബനാൻ തലസ്ഥാനമായ ബൈറൂത്തിലും പരിസരത്തും ഇസ്രായേൽ കഴിഞ്ഞദിവസം മാത്രം മുന്നറിയിപ്പില്ലാതെ 17ഓളം ആക്രമണങ്ങൾ നടത്തിയതായി ലബനാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആറു കെട്ടിടങ്ങൾ തകർത്തു. ഒരാൾ മരിക്കുകയും അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അതിനിടെ, ലബനാനിലെ ഇസ്രായേൽ അധിനിവേശവും ഹിസ്ബുല്ലയുടെ പ്രത്യാക്രമണവും അവസാനിപ്പിക്കണമെന്ന് ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ആവശ്യപ്പെട്ടു. ലബനാന് ഫ്രാൻസ് 100 ദശലക്ഷം യൂറോ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പണം കണ്ടെത്താൻ പാരിസിൽ മാക്രോണിന്റെ നേതൃത്വത്തിൽ ഉച്ചകോടിയും സംഘടിപ്പിച്ചു. യു.എസും ഫ്രാൻസും ഇടപെട്ട് മുന്നോട്ടുവെച്ച 21 ദിവസത്തെ വെടിനിർത്തൽ പദ്ധതിയെ തങ്ങൾ ഇപ്പോഴും പിന്തുണക്കുന്നതായി ഉച്ചകോടിയിൽ പങ്കെടുത്ത ലബനാൻ ഇടക്കാല പ്രധാനമന്ത്രി നജീബ് മീകാത്തി പറഞ്ഞു.
അതേസമയം, ഗസ്സയിൽ വെടിനിർത്തലിനായി ചർച്ചകൾ വീണ്ടും സജീവമായി. വ്യാഴാഴ്ച ഖത്തറിലെത്തിയ യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽ ഥാനിയുമായി ചർച്ച നടത്തി. വരും ദിവസങ്ങളിൽ ഖത്തറിന്റെ മധ്യസ്ഥതയിൽ ഹമാസുമായും ഇസ്രായേലുമായും ചർച്ച നടക്കുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.