ഇസ്രായേൽ സർക്കാറിനും സൈന്യത്തിനുമെതിരെ കേസുമായി ‘തൂഫാനുൽ അഖ്സ’യിൽനിന്ന് രക്ഷപ്പെട്ട ഇസ്രായേൽ പൗരന്മാർ
text_fieldsതെൽഅവീവ്: ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ‘തൂഫാനുൽ അഖ്സ’ ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ട ഇസ്രായേൽ പൗരന്മാർ ഇസ്രായേൽ സർക്കാറിനും സൈന്യത്തിനും പൊലീസിനുമെതിരെ നിയമനടപടി സ്വീകരിക്കുന്നു. സംഭവദിവസം നിരവധി പേർ കൊല്ലപ്പെട്ട സൂപ്പർനോവ സംഗീതോത്സവത്തിൽ പങ്കെടുത്ത 42 പേരാണ് നഷ്ടപരിഹാരം തേടി കേസ് കൊടുത്തതെന്ന് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇസ്രായേൽ സൈന്യം, ഇസ്രായേൽ പ്രതിരോധ മന്ത്രാലയം, പൊലീസ് സേന, രഹസ്യാന്വേഷണ സേവനവിഭാഗമായ ഷിൻ ബെറ്റ് എന്നിവരെ എതിർകക്ഷികളാക്കിയാണ് കേസ്. ഇവരിൽ നിന്ന് 466.57 കോടിരൂപ (56 മില്യൺ ഡോളർ) നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതി ഫയൽ ചെയ്തു.
ഒക്‌ടോബർ 7-ന് തെക്കൻ ഇസ്രായേലിൽ നടന്ന സൂപ്പർനോവ സംഗീതോത്സവത്തിൽ ഏകദേശം 3,500 പേരാണ് പങ്കെടുത്തത്. ‘തൂഫാനുൽ അഖ്സ’ എന്ന പേരിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ 260 പേർ കൊല്ലപ്പെടുകയും നിരവധി പേരെ ബന്ദികളാക്കുകയും ചെയ്തിരുന്നു.
ഇസ്രായേൽ സൈനിക ഉദ്യോഗസ്ഥർക്ക് ഒറ്റ ഫോൺ കോൾ വഴി ഇവരുടെ ജീവൻ രക്ഷിക്കാമായിരുന്നുവെന്നും തങ്ങളുടെ മാനസികവും ശാരീരികവുമായ പരിക്കുകൾക്ക് സൈന്യമാണ് ഉത്തരവാദിയെന്നും പരാതിക്കാർ പറഞ്ഞു.
അതേസമയം, ഇസ്രായേൽ ഗസ്സയിൽ നടത്തുന്ന നരനായാട്ട് മൂന്നുമാസം പിന്നിട്ടിട്ടും ഒരുബന്ദിയെ പോലും സൈനിക നടപടിയിലൂടെ മോചിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. സ്ത്രീകളും കുഞ്ഞുങ്ങളും അടക്കം 22000 ഫലസ്തീനികളെ കൊന്നൊടുക്കിയ ഇസ്രായേൽ അധിനിവേശ സേന, ഒടുവിൽ 5 ബ്രിഗേഡുകളിലെ നിരവധി സൈനികരെ കരയുദ്ധത്തിൽനിന്ന് പിൻവലിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.