എണ്ണ വറ്റി ലങ്ക; പ്രതിസന്ധി അതിഗുരുതരമെന്ന് വിക്രമസിംഗെ
text_fieldsകൊളംബോ: ഒരു ദിവസത്തേക്കു മാത്രം ശേഷിക്കുന്ന എണ്ണ മാത്രമാണ് രാജ്യത്തുള്ളതെന്ന് പുതുതായി അധികാരമേറ്റ ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ. സാമ്പത്തികരംഗം അതിഗുരുതര സ്ഥിതിയിലാണെന്നും എണ്ണ പ്രതിസന്ധി വരുംനാളുകളിൽ കൂടുതൽ തീവ്രമാകുമെന്നും ചുമതലയേറ്റ ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത അദ്ദേഹം മുന്നറിയിപ്പ് നൽകി. മഹിന്ദ അധികാരമൊഴിഞ്ഞ കസേരയിൽ കഴിഞ്ഞയാഴ്ച അവരോധിതനായ വിക്രമസിംഗെ എല്ലാ കക്ഷികളെയും ചേർത്ത് ദേശീയ കൗൺസിൽ രൂപവത്കരിക്കുമെന്നും പ്രഖ്യാപിച്ചു.
പ്രതിസന്ധിയിൽനിന്ന് കരകയറുന്നതിന്റെ മുന്നോടിയായി ശ്രീലങ്കൻ എയർലൈൻസ് സ്വകാര്യവത്കരിക്കുന്നത് പരിഗണിക്കും. ഹൃദ്രോഗം, റാബീസ് മരുന്ന് ഉൾപ്പെടെ 14 അവശ്യ മരുന്നുകളുടെ ക്ഷാമം രാജ്യം നേരിടുന്നുണ്ട്.
വരും നാളുകളിൽ പണപ്പെരുപ്പം വർധിക്കും. അടുത്ത ഒന്നോ രണ്ടോ മാസങ്ങൾ ഏറ്റവും കടുത്ത വെല്ലുവിളിയാകും രാജ്യത്തെ കാത്തിരിക്കുന്നത്. പ്രതിദിനം 15 മണിക്കൂറെങ്കിലും വൈദ്യുതി മുടക്കമുണ്ടാകും.
2019ൽ 750 കോടി ഡോളർ വിദേശനാണയ കരുതൽ ശേഖരമുണ്ടായിരുന്ന രാജ്യത്ത് നിലവിൽ 10 ലക്ഷം ഡോളർ മാത്രമാണ് ശേഷിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഏഴരക്കോടി ഡോളറെങ്കിലും കരുതൽ നിക്ഷേപം സംഘടിപ്പിക്കാനായാലേ അവശ്യ വസ്തുക്കളുടെ ഇറക്കുമതി സാധ്യമാകൂ. പ്രകൃതി വാതക ഇറക്കുമതിക്ക് മാത്രം ധനമന്ത്രാലയം രണ്ടു കോടി ഡോളർ അടിയന്തരമായി സംഘടിപ്പിച്ചുവരുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽനിന്ന് പെട്രോൾ, ഡീസൽ എന്നിവയുമായി രണ്ട് കപ്പലുകൾ ദിവസങ്ങൾക്കുള്ളിൽ രാജ്യത്തെത്തുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.