എണ്ണ ടാങ്കർ ആക്രമണം: ഇറാനെ ആക്രമിക്കാൻ ഇസ്രായേൽ സജ്ജം –ബെന്നി ഗാൻറ്സ്
text_fieldsതെഹ്റാൻ: അറബിക്കടലിൽ ഒമാൻതീരത്തിനടുത്ത് എണ്ണടാങ്കർ മെർസർ സ്ട്രീറ്റ് ആക്രമിക്കപ്പെട്ട സംഭവത്തിൽ സംഘർഷം പുകയവെ, ഇറാനെതിരെ നടപടിക്ക് സജ്ജമെന്ന് ഇസ്രായേൽ പ്രതിരോധമന്ത്രി ബെന്നി ഗാൻറ്സ്. ടാങ്കർ ആക്രമിക്കപ്പെട്ടത് അന്താരാഷ്ട്ര പ്രശ്നമാണെന്നും ഗാൻറ്സ് വ്യക്തമാക്കി. ഒരു പ്രാദേശിക മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഗാൻറ്സ് ഇക്കാര്യം അറിയിച്ചത്.
ആക്രമണത്തിനു പിന്നിൽ ഇറാനാണെന്നതിെൻറ കൃത്യമായ തെളിവുകൾ സഖ്യകക്ഷികൾക്ക് കൈമാറുമെന്നും കൂടുതൽ വിശദീകരണം നൽകാതെ ഇസ്രായേൽ വ്യക്തമാക്കിയിരുന്നു. ടാങ്കറിനു നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ ബ്രിട്ടീഷ് സുരക്ഷ കമാൻഡറും റുമേനിയൻ നാവികനും കൊല്ലപ്പെട്ടിരുന്നു. ഇസ്രായേലിനു പിറകെ, യു. എസും ബ്രിട്ടനും നാറ്റോയും യൂറോപ്യൻ യൂനിയനും ഇറാനെ പ്രതിക്കൂട്ടിലാക്കിയിരുന്നു.
അതേസമയം, ആരോപണങ്ങൾ നിഷേധിച്ച ഇറാൻ മറ്റ് രാജ്യങ്ങളും സ്ഥാപിത താൽപര്യങ്ങൾക്കനുസരിച്ച് നീങ്ങുകയാണെങ്കിൽ അനുരഞ്ജനത്തിെൻറ പാത വിടുമെന്നും മുന്നറിയിപ്പുനൽകിയിരുന്നു. ഇറാൻ ഇസ്രായേലിന് ഏറ്റവും വെല്ലുവിളി സൃഷ്ടിക്കുന്ന രാജ്യമാണ്. പ്രാദേശിക-ആഗോള സുരക്ഷക്കും വലിയ വെല്ലുവിളിയാണെന്നും ഗാൻറ്സ് അവകാശപ്പെട്ടു. ഇതെ കുറിച്ച് ഇറാൻ പ്രതികരിച്ചിട്ടില്ല.
ലബനാനിൽ ഇസ്രായേൽ വ്യോമാക്രമണം
മേഖലയിൽ സംഘർഷം പുകയുന്നതിനിടെ, അയൽരാജ്യമായ ലബനാനിലെ ഹിസ്ബുല്ലയുടെ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് അതിർത്തിയിൽ ഇസ്രായേൽ വ്യോമാക്രമണം ശക്തമാക്കി. വ്യാഴാഴ്ച പുലർച്ചെ ലബനാനിൽ നിന്ന് ഇസ്രായേലിലേക്ക് റോക്കറ്റാക്രമണം നടന്നതായി വ്യോമസേന ട്വീറ്റ് ചെയ്തു. ഏഴു വർഷത്തിനു ശേഷം ആദ്യമായാണ് ഇസ്രായേൽ ലബനാനിൽ വ്യോമാക്രമണം നടത്തുന്നത്. റോക്കറ്റാക്രമണത്തിനു മറുപടിയായാണ് ഹിസ്ബ് കേന്ദ്രങ്ങളെ ലക്ഷ്യംവെച്ച് വ്യോമാക്രമണം നടത്തിയതെന്നും ഇസ്രായേൽ വ്യക്തമാക്കി.
ലബനാനിലെ ഫലസ്തീൻ ഘടകമാണ് റോക്കറ്റാക്രമണത്തിന് പിന്നിലെന്നാണ് ഇസ്രായേൽ പ്രതിരോധമന്ത്രി ബെന്നി ഗാൻറ്സിെൻറ വാദം. ഗസ്സയിലെ ഹമാസിെൻറയും സിറിയയിലെ ഇറാെൻറയും കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ വ്യോമാക്രമണം പതിവാണ്. എന്നാൽ 2014നുശേഷം ആദ്യമായാണ് ലബനാനിൽ ആക്രമണം നടത്തുന്നത്.
അതിർത്തിയിൽ നിന്ന് 11 കി.മീ അകലെയുള്ള മഹ്മൂദിയ നഗരത്തിൽ രണ്ടുതവണ വ്യോമാക്രമണം നടത്തിയത് ഹിസ്ബുല്ലയും സ്ഥിരീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.