വ്യാപാരം വർധിപ്പിക്കാൻ ഒമാനും തുർക്കിയയും
text_fieldsമസ്കത്ത്: വിവിധ മേഖലകളിലെ പരസ്പര വ്യാപാരവും ബന്ധവും വർധിപ്പിക്കുന്നതിനുള്ള സഹകരണ കരാറിൽ ഒമാനും തുർക്കിയയും ഒപ്പുവെച്ചു. പതിനൊന്നാമത് തുർക്കിയ-ഒമാൻ ജോയന്റ് ഇക്കണോമിക് കമീഷൻ (ജെ.ഇ.സി) യോഗത്തിന്റെ ഭാഗമായി ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖായിസ് ബിൻ മുഹമ്മദ് അൽ യൂസുഫാണ് ഒപ്പുവെച്ചതെന്ന് തുർക്കിയ ട്രഷറി, ധനകാര്യ മന്ത്രി നൂറുദ്ദീൻ നെബാതി ട്വീറ്റ് ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര വിനിമയവും പരസ്പര നിക്ഷേപവും വർധിപ്പിക്കേണ്ടതിന്റെ ആവശ്യകത കണക്കിലെടുത്ത് വിദ്യാഭ്യാസം, കൃഷി, വ്യവസായം, ടൂറിസം തുടങ്ങി നിരവധി മേഖലകളിൽ സഹകരണം വർധിപ്പിച്ച് ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്താനാണ് കരാറിൽ എത്തിയിരിക്കുന്നത്.
ഊർജം, നിർമാണം, ശാസ്ത്ര സാങ്കേതികവിദ്യ, വ്യവസായം, ഗതാഗതം, വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി, കൃഷി, വനം, വിനോദസഞ്ചാരം, സംസ്കാരം തുടങ്ങിയ മേഖലകളിൽ സഹകരണം വർധിപ്പിക്കും. കരാറുകൾ ഇരു രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിന് വലിയ സംഭാവന നൽകുമെന്ന് തുർക്കിയ-ഒമാൻ ജോയന്റ് ഇക്കണോമിക് കമീഷൻ യോഗത്തിൽ നെബാതി പറഞ്ഞു.
തുർക്കിയ-ഒമാൻ ജോയന്റ് ഇക്കണോമിക് കമീഷൻ യോഗം അങ്കാറയിലായിരുന്നു നടന്നത്. യോഗത്തിനു മുന്നോടിയായി തുർക്കിയ വാണിജ്യ മന്ത്രി മെഹ്മത് മുഷുമായി ഖായിസ് ബിൻ മുഹമ്മദ് അൽ യൂസുഫ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഉദ്യോഗസ്ഥർ, സർക്കാർ മേഖലയിലെ പ്രതിനിധികൾ, വ്യവസായികൾ തുടങ്ങി നിരവധി പേരാണ് ഒമാൻ പ്രതിനിധി സംഘത്തിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.