ഇറാൻ-യു.എസ് നിർണായക ആണവ ചർച്ച: കൂടിക്കാഴ്ച നടത്തി ഒമാൻ-ഇറാൻ വിദേശകാര്യ മന്ത്രിമാർ
text_fieldsമസ്കത്ത്: ഇറാൻ-യു.എസ് നിർണായക ആണവ ചർച്ചകൾക്ക് മുന്നോടിയായി ഒമാൻ, ഇറാൻ വിദേശകാര്യ മന്ത്രിമരായ സയ്യിദ് ബദർഹമദ് അൽ ബുസൈദിയും സയ്യിദ് അബ്ബാസ് അരഘ്ചിയും മസ്കത്തിൽ കൂടിക്കാഴ്ച നടത്തി.
ഇറാനും അമേരിക്കയും തമ്മിലുള്ള പരോക്ഷ ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്നതിൽ ഒമാൻ നിർണായക പങ്കാണ് വഹിക്കുന്നത്. മിഡിൽ ഈസ്റ്റിലേക്കുള്ള യു.എസ് പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫുമായി സയ്യിദ് ബദർ കൂടിക്കാഴ്ച നടത്തും.
പ്രാദേശിക സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും നയതന്ത്ര ഇടപെടൽ പുനരുജ്ജീവിപ്പിക്കുന്നതിനുമുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് കൂടിക്കാഴ്ചയെ കാണുന്നത്. കഴിഞ്ഞ ആണവ, പ്രാദേശിക സുരക്ഷാ ചർച്ചകളുൾപ്പടെ ഇറാനും അമേരിക്കയും തമ്മിലുള്ള ആശയവിനിമയം സുഗമമാക്കുന്നതിൽ ഒമാൻ ചരിത്രപരമായി സുപ്രധാന പങ്കാണ് വഹിച്ചിരുന്നത്.
ശനിയാഴ്ച ഒമാനിൽ നടന്ന യു.എസ്- ഇറാൻ ഒന്നാഘട്ട ആണവ ചർച്ച സൗഹൃദാന്തരീക്ഷത്തിലായിരുന്നുവെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദ്ർ ഹമദ് അൽബുസൈദി.
മസ്കത്തിൽ ഇറാൻ വിദേശ കാര്യ മന്ത്രി ഡോ. സിയാദ് അബ്ബാസ് അറാഗ്ച്ചിയും യു.എസ് പ്രസിഡന്റിന്റെ ദൂതൻ സ്റ്റീഫ് വിക്കോഫും തമ്മിലെ ചർച്ചക്ക് ആതിഥ്യം നൽകിയതിൽ അഭിമാനമുണ്ടെന്ന് സയ്യിദ് ബദ്ർ എക്സിൽ കുറിച്ചു. ചർച്ചകൾക്ക് തുടർച്ചയുണ്ടാകുമെന്നും മേഖലയുടെയും ലോകത്തിന്റെയും സമാധാനത്തിനും സുരക്ഷക്കും സ്ഥിരതക്കും വേണ്ടി പൊതുസ്വീകാര്യമായ കരാറുകളിൽ എത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ലക്ഷ്യം കാണുന്നത് വരെ ഒന്നിച്ച് പ്രവർത്തിക്കുന്നത് തുടരുമെന്നും രണ്ട് സഹപ്രവർത്തകർക്കും നന്ദി പറയുന്നതായും അദ്ദേഹം കുറിച്ചു.
നിലവിലുള്ള അവസ്ഥക്ക് അയവ് വരുത്താനും ആണവ വിഷയത്തിൽ ഇരു രാജ്യങ്ങളുടെ പ്രതിനിധികൾ നേരിട്ടല്ലതെ നടത്തിയ ചർച്ചകൾ അടുത്ത ആഴ്ച തുടരാനും തീരുമാനിച്ചു. നേരത്തെ വിവിധ മേഖലകളിൽ ഒമാനും ഇറാനും പുലർത്തുന്ന അതിശക്തമായ ബന്ധത്തിൽ ഇറാൻ വിദേശകാര്യ മന്ത്രി എക്സിലൂടെ സന്തോഷം പ്രകടിപ്പിച്ചിരുന്നു. ഇറാനും അമേരിക്കക്കും മസ്കത്തിൽ പരോക്ഷ ചർച്ച നടത്താൻ ഒമാൻ മുൻകൈയെടുക്കുന്നത് ഈ വിഷയത്തിലെ ക്രിയാത്മക ചുവടുവെപ്പാണെന്നും ഇറാൻ വിദേശകാര്യ മന്ത്രി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.