ഉഭയകക്ഷി ബന്ധം വർധിപ്പിക്കാൻ ഒമാനും യു.എസും
text_fieldsമസ്‌കത്ത്: അമേരിക്കൻ തലസ്ഥാനമായ വാഷിങ്ടണില്‍ ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദിയും യു.എസ് വിദേശകാര്യ സെക്രട്ടറി അന്തോണി ബ്ലിങ്കനും ചർച്ച നടത്തി. 1958 ഡിസംബർ 20ന് ഒപ്പുവെച്ച സൗഹൃദ ഉടമ്പടി, സാമ്പത്തിക ബന്ധങ്ങൾ, കോൺസുലർ അവകാശങ്ങൾ എന്നിവ ആഘോഷിക്കുന്നതിന്‍റെ ഭാഗമായായിരുന്നു ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ച. വിദ്യാഭ്യാസം, സാംസ്കാരിക വിനിമയം, വ്യാപാരം, നിക്ഷേപം, പുനരുപയോഗ ഊർജം എന്നിവയിൽ കേന്ദ്രീകരിക്കുന്ന മൂന്ന് വർക്കിങ് ഗ്രൂപ്പുകൾ ഉൾപ്പെടുന്നതായിരുന്നു ചർച്ച. വർക്കിങ് ഗ്രൂപ്പുകൾ യോഗം ചേരുകയും ലക്ഷ്യങ്ങൾ ചർച്ച നടത്തുകയും ചെയ്യും. യു.എസിലെ ഒമാന്റെ അംബാസഡര്‍ മൂസ ബിന്‍ ഹംദാന്‍ അല്‍ തെയ്, മന്ത്രിയുടെ ഓഫിസ് മേധാവി ഖാലിദ് ബിന്‍ ഹാശില്‍ അല്‍ മസ്‍ലിഹി എന്നിവർ സംബന്ധിച്ചു.
പ്രാദേശിക സുരക്ഷയിൽ അമേരിക്കയും ഒമാനും തമ്മിലുള്ള ചരിത്രപരവും തന്ത്രപരവുമായ പങ്കാളിത്തം ഇരുപക്ഷവും അടിവരയിട്ട് പറഞ്ഞു. അമേരിക്കൻ പൗരനായ ബഖർ നമാസിയെ ഇറാനിൽനിന്ന് മോചിപ്പിക്കാൻ ഒമാൻ വഹിച്ച പങ്കിന് സ്റ്റേറ്റ് സെക്രട്ടറി നന്ദി അറിയിക്കുകയും ചെയ്തു. യമനിലെ സംഘർഷത്തിന് സൈനിക പരിഹാരമില്ലെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി അന്തോണിയും വിദേശകാര്യ മന്ത്രി സയ്യിദ് ബദറും ആവർത്തിച്ചു.യമന്റെ സമഗ്രത, പരമാധികാരം, സ്വാതന്ത്ര്യം എന്നിവക്ക് പൂർണ പിന്തുണ അറിയിക്കുകയും ചെയ്തു. വാണിജ്യ അവസരങ്ങള്‍ വിപുലപ്പെടുത്താനുള്ള 2009ലെ യു.എസ്-ഒമാന്‍ സ്വതന്ത്ര വ്യാപാര കരാറും ഇരുപക്ഷവും ചര്‍ച്ച ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.