'ലോകം കാലാവസ്ഥ നരകത്തിലേക്കുള്ള പാതയിൽ, സഹകരിക്കാം അല്ലെങ്കിൽ നശിക്കാം' -യു.എൻ സെക്രട്ടറി ജനറൽ
text_fieldsശറമുശൈഖ്: മാനവകുലം വരൾച്ച, പ്രളയം, ആഗോള താപനം തുടങ്ങി വെല്ലുവിളികൾക്കിടയിൽ ജീവിക്കാനുള്ള പോരാട്ടത്തിലാണെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. കോൺഫറൻസ് ഓഫ് ദി പാർട്ടീസ് 27 (COP27) എന്ന പേരിൽ ഈജിപ്തിലെ ശറമുശൈഖിൽ നടത്തുന്ന യു.എൻ കാലാവസ്ഥ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'കോവിഡും യുക്രെയ്ൻ അധിനിവേശവും കാലാവസ്ഥ വ്യതിയാനവും ഉൾപ്പെടെ വിവിധ പ്രശ്നങ്ങൾ സാമ്പത്തിക വ്യവസ്ഥയെ തകർക്കുകയും അന്താരാഷ്ട്ര ബന്ധങ്ങളെ ഉലക്കുകയുമാണ്. നമുക്ക് മുമ്പിൽ രണ്ട് വഴികളാണുള്ളത്. ഒന്നുകിൽ സഹകരിക്കാം, അല്ലെങ്കിൽ നശിക്കാം' -അദ്ദേഹം പറഞ്ഞു.
വികസിത രാജ്യങ്ങളും വികസ്വര രാജ്യങ്ങളും കാർബൺ പുറന്തള്ളൽ കുറക്കാനും ആഗോള താപനം വ്യവസായ യുഗത്തിന് മുമ്പുള്ള നിലയിലേക്ക് തിരിച്ചെത്തിക്കാനും ചരിത്രപരമായ ധാരണയിൽ എത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാവർക്കും താങ്ങാവുന്ന ചെലവിൽ പുനരുപയോഗ ഊർജം ലഭ്യമാക്കണം.
കാർബൺ കൂടുതൽ പുറംതള്ളുന്ന രാജ്യങ്ങളായ അമേരിക്കയും ചൈനയും ഇതൊഴിവാക്കാൻ പരിശ്രമം ഊർജിതമാക്കണം. കാലാവസ്ഥ നരകത്തിലേക്കുള്ള ഹൈവേയിൽ നമ്മുടെ കാലുകൾ ആക്സലറേറ്ററിലാണെന്ന് ഗുട്ടെറസ് പറഞ്ഞു.
കഴിഞ്ഞ വർഷം സ്കോട്ട്‍ലൻഡിലെ ഗ്ലാസ്ഗോയിൽ ചേർന്ന ഉച്ചകോടിയിലെ തീരുമാനങ്ങൾ അവലോകനം ചെയ്യൽ, കാലാവസ്ഥ വ്യതിയാനം ചെറുക്കാനും കാർബൺ പുറന്തള്ളൽ കുറക്കാനും പദ്ധതികൾ ആവിഷ്‍കരിക്കലും ധാരണകൾ രൂപപ്പെടുത്തലും, ദരിദ്ര രാജ്യങ്ങളെ ഇക്കാര്യത്തിൽ സഹായിക്കൽ തുടങ്ങിയവയാണ് അജണ്ട.
1995 മുതൽ എല്ലാ വർഷവും ഉച്ചകോടി സംഘടിപ്പിക്കാറുണ്ട്. നൂറിലേറെ രാഷ്ട്രനേതാക്കൾ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഉച്ചകോടിയിൽ സംസാരിക്കും. നവംബർ 18 വരെയാണ് സമ്മേളനം. രാഷ്ട്രങ്ങളുടെ ഉഭയകക്ഷി ചർച്ചകൾ, മറ്റു പരിപാടികൾ, പ്രദർശനങ്ങൾ, ചർച്ചകൾ, മന്ത്രിതല സമ്മേളനം തുടങ്ങിയവ ഉച്ചകോടിയുടെ ഭാഗമായി നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.