പ്രവാചക നിന്ദ; അജിത് ഡോവലുമായുള്ള കൂടിക്കാഴ്ച വിവരങ്ങൾ വെബ്സൈറ്റിൽനിന്ന് നീക്കി ഇറാൻ
text_fieldsന്യൂഡൽഹി: ബി.ജെ.പി നേതാക്കളുടെ മുഹമ്മദ് നബിയെക്കുറിച്ചുള്ള വിദ്വേഷ പരാമർശങ്ങൾ സംബന്ധിച്ച വിവാദങ്ങൾക്കിടെ ഇന്ത്യയിലെത്തിയ ഇറാൻ വിദേശകാര്യമന്ത്രി ഹുസൈൻ അമീർ അബ്ദുല്ലാഹി ഡൽഹിയിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
പ്രവാചകനെതിരെ വിവാദ പരാമർശം നടത്തിയവരെ പാഠം പഠിപ്പിക്കുമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തങ്ങളുടെ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലാഹിയനോട് പറഞ്ഞതായി ഇറാൻ നേരത്തെ പ്രസ്താവനയിൽ അവകാശപ്പെട്ടിരുന്നു. ഇറാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ ഈ വരി ഇപ്പോൾ കാണാനില്ലെന്ന് എൻ.ഡി ടി.വി റിപ്പോർട്ട് ചെയ്യുന്നു.
കുവൈത്ത്, ഖത്തർ, മറ്റ് ഗൾഫ് രാജ്യങ്ങൾ എന്നിവരുമായി ചേർന്ന് പ്രവാചകനെതിരായ പരാമർശത്തെ അപലപിച്ച് ദിവസങ്ങൾക്ക് ശേഷം ഇറാനിൽ നിന്നുള്ള ആദ്യത്തെ രാഷ്ട്രീയ സന്ദർശകനാണ് ഇറാൻ വിദേശകാര്യ മന്ത്രി അബ്ദുല്ലഹി.
"നമ്മുടെ ഉഭയകക്ഷി തന്ത്രപരമായ സംഭാഷണം മുന്നോട്ട് കൊണ്ടുപോകുന്നതിന് പ്രധാനമന്ത്രി മോദി, വിദേശകാര്യ മന്ത്രി ജയ്ശങ്കർ, മറ്റ് ഇന്ത്യൻ ഉദ്യോഗസ്ഥർ എന്നിവരെ കണ്ടതിൽ സന്തോഷമുണ്ട്. മതങ്ങളെയും ഇസ്‍ലാമിക വിശുദ്ധികളെയും ബഹുമാനിക്കേണ്ടതിന്റെയും വിഭജന പ്രസ്താവനകൾ ഒഴിവാക്കുന്നതിന്റെയും ആവശ്യകതയിൽ തെഹ്‌റാനും ന്യൂഡൽഹിയും യോജിക്കുന്നു. ബന്ധം പുതിയ ഉയരങ്ങളിലെത്തിക്കാൻ തീരുമാനിച്ചു" -ഇന്നലെ രാത്രി യോഗത്തിന് ശേഷം ഇറാൻ മന്ത്രി ട്വീറ്റ് ചെയ്തു.
അതേസമയം, വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി നടത്തിയ ചർച്ചയിൽ ഒരിക്കലും പ്രവാചക പരാമർശം ഉയർന്നിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. "ട്വീറ്റുകളും അഭിപ്രായങ്ങളും സർക്കാരിന്റെ വീക്ഷണങ്ങൾ നൽകുന്നില്ലെന്ന് ഞങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ഇത് ഞങ്ങൾ അറിയിച്ചിട്ടുണ്ട്. കൂടാതെ അഭിപ്രായങ്ങളും ട്വീറ്റുകളും നടത്തിയവർക്കെതിരെ ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്ന് നടപടിയെടുത്തിട്ടുണ്ട്. ഞാൻ ഇതിനെക്കുറിച്ച് കൂടുതലായി ഒന്നും പറയാനില്ല" -ഇന്ത്യൻ ഉദ്യോഗസ്ഥൻ പറഞ്ഞു.
പ്രവാചകനെക്കുറിച്ചുള്ള പരാമർശത്തിന്റെ പേരിൽ ബി.ജെ.പി ദേശീയ വക്താവ് നൂപുർ ശർമ്മയെ സസ്‌പെൻഡ് ചെയ്യുകയും പാർട്ടിയുടെ ഡൽഹി യൂനിറ്റ് മീഡിയ ഹെഡ് നവീൻ ജിൻഡാലിനെ പുറത്താക്കുകയും ചെയ്തിരുന്നു.
സൗദി അറേബ്യ, യു.എ.ഇ, ഇന്തോനേഷ്യ, ജോർദാൻ, ബഹ്‌റൈൻ, മാലദ്വീപ്, മലേഷ്യ, ഒമാൻ, ഇറാഖ്, ലിബിയ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങൾ ഈ അഭിപ്രായത്തെ അപലപിക്കുകയും നിരവധി ഇന്ത്യൻ പ്രതിനിധികളെ വിളിച്ചുവരുത്തുകയും രോഷം അറിയിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.