പോപ്പ് ഗായകൻ ലിയാം പെയ്ൻ ഹോട്ടൽ കെട്ടിടത്തിൽനിന്ന് വീണ് മരിച്ച നിലയിൽ
text_fieldsബ്യൂണസ് അയേഴ്സ്: പ്രശസ്ത മുൻ പോപ്പ് ഗായകൻ ലിയാം പെയ്ൻ അർജന്‍റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയേഴ്സിലെ ഒരു ഹോട്ടലിന് പുറത്ത് മരിച്ച നിലയിൽ. 31 കാരനായ ബ്രിട്ടീഷ് സംഗീതജ്ഞനെ മൂന്നാം നിലയിലെ ഹോട്ടൽ മുറിയുടെ ബാൽക്കണിയിൽനിന്ന് വീണു മരിച്ച നിലയിൽ കണ്ടെത്തിയതായി ലോക്കൽ പൊലീസ് ബുധനാഴ്ച സ്ഥിരീകരിച്ചു.
തലസ്ഥാനത്തെ പലേർമോയിലുള്ള ഹോട്ടലിലേക്ക് തങ്ങളെ വിളിച്ചുവരുത്തിയതായും അവിടെ മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും സ്വാധീനത്തിൽപെട്ട ആക്രമണകാരിയായ ഒരാൾ ഉള്ളതായി അറിയിപ്പ് ലഭിച്ചെന്നും പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. ഹോട്ടലിന്റെ ഉൾവശത്തുള്ള നടുമുറ്റത്ത് ഗായകന്റെ ശരീരം കണ്ടെത്തി.
‘ഞങ്ങൾ പൂർണമായും തകർന്നിരിക്കുന്നുവെന്നും അദ്ദേഹത്തിന്റെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും ഇതു താങ്ങാനുള്ള കരുത്തുണ്ടാവട്ടെയെന്നും എം.ടി.വിയുടെ ലാറ്റിൻ അമേരിക്കൻ ബ്രാഞ്ച് ‘എക്‌സി’ലെ ഒരു പോസ്റ്റിൽ അനുശോചിച്ചു.
പിരിച്ചുവിട്ട പോപ്പ് ബാൻഡായ ‘വൺ ഡയറക്ഷ’ന്‍റെ ഭാഗമായി ഹാരി സ്റ്റൈൽസ്, സെയ്ൻ മാലിക്, നിയാൽ ഹൊറാൻ, ലൂയിസ് ടോംലിൻസൺ എന്നിവർക്കൊപ്പമാണ് പെയ്ൻ ആഗോള പ്രശസ്തിയിലേക്ക് ഉയർന്നത്. 2010ലെ ‘എക്സ് ഫാക്ടർ മ്യൂസിക് മത്സര ഷോ’യുടെ ബ്രിട്ടീഷ് പതിപ്പിൽ മൂന്നാം സ്ഥാനത്തെത്തിയതിന് ശേഷമാണ് ബാൻഡ് ആരംഭിച്ചത്. എന്നാൽ, 2016 ൽ ഗ്രൂപ്പ് പിരിഞ്ഞു. പിന്നീട് അതിന്റെ അംഗങ്ങൾ സോളോ കരിയർ ഉൾപ്പെടെ വ്യത്യസ്ത പ്രോജക്ടുകളിലേക്ക് മാറി.
പെയ്ൻ ഈ മാസം ആദ്യം ബ്യൂണസ് അയേഴ്സിൽ തന്റെ മുൻ ബാൻഡ്മേറ്റ് നിയാൽ ഹൊറന്റെ സംഗീത പരിപാടിയിൽ പങ്കെടുത്തിരുന്നു. ലഹരിക്കടിപ്പെട്ടതിനെ തുടർന്ന് ആസക്തിയുമായി മല്ലിടുന്നതിനെക്കുറിച്ചും പുനരധിവാസ കേന്ദ്രത്തിൽ സമയം ചെലവഴിക്കുന്നതിനെക്കുറിച്ചും സംഗീതജ്ഞൻ മാധ്യമങ്ങളിൽ തുറന്ന് പറഞ്ഞിരുന്നു.
കുതിര സവാരി, പോളോ കളിക്കൽ, തന്റെ നായയെ കാണാൻ വീട്ടിലേക്ക് മടങ്ങൽ, അർജന്‍റീനയിലേക്കുള്ള തന്റെ യാത്ര എന്നിവയെക്കുറിച്ച് സംസാരിച്ചുകൊണ്ട് ‘സ്‌നാപ്ചാറ്റിൽ’ പെയ്ൻ ബുധനാഴ്ച പ്രത്യക്ഷപ്പെട്ടിരുന്നു. ‘അർജന്‍റീനയിലെ മനോഹരമായ ദിവസം’ എന്നും അദ്ദേഹം വിഡിയോയിൽ പറയുകയുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.