കോളിൻസ് നിഘണ്ടുവിലേക്ക് ഒരു വാക്ക് കൂടി; ‘ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ)’
text_fieldsലണ്ടൻ: ലോകമെമ്പാടുമുള്ള വെബ്‌സൈറ്റുകൾ, പത്രങ്ങൾ, മാഗസിനുകൾ, പുസ്തകങ്ങൾ എന്നിവയിൽ നിന്നുള്ള രേഖാമൂലമുള്ള 20 ബില്യണിലധികം വാക്കുകൾ ഉൾക്കൊള്ളുന്ന കോളിൻസ് കോർപസ് എന്ന നിഘണ്ടുവിലേക്ക് പുതിയ ഒരു വാക്കും കൂടി. 2023ലെ ‘കോളിൻസ് വേഡ് ഓഫ് ദ ഇയർ’ ആയി ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്‍റെ ചുരുക്കപേരായ എ.ഐയെ തെരഞ്ഞെടുത്ത് കോളിൻസ് നിഘണ്ടു പ്രസാധകർ. 2023ലെ പ്രധാന വിഷയവും ഏറ്റവും കൂടുതൽ ഉപയോഗിച്ച വാക്കുമായതിനാലാണ് നിഘണ്ടുവിലെ ലെക്‌സിക്കോഗ്രാഫർമാർ (നിഘണ്ടു എഴുതുന്നവർ) എ.ഐയെ തെരഞ്ഞെടുത്തത്.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പ്രാധാന മാറ്റമെന്തെന്ന് ചോദിച്ചാൽ നിസംശയം പറയാം അത് എ.ഐയുടെ വരവ് തന്നെയായിരിക്കും. ഇത് നിർമിത ബുദ്ധിയുടെ കാലമാണ്. എന്തിനും ഏതിനും ടെക്നോളജി. അത്രയേറെ ശക്തമായ ചലനങ്ങളാണ് ഈ ചുരുങ്ങിയ സമയം കൊണ്ട് എ.ഐ ഉണ്ടാക്കിയത്.
ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ചെറുകിട വിൽപന, ബാങ്കിങ് എന്ന് വേണ്ട എല്ലാ മേഖലകളിലും നാം ചിന്തിക്കുന്നതിലും വിപുലമായ തോതിലായിരിക്കും ഇതിന്റെ സ്വാധീനം. കഴിഞ്ഞ വർഷം നവംബറിൽ ടെക്‌സ്‌റ്റ് ജനറേറ്റർ ചാറ്റ്‌ജിപിടി പുറത്തിറക്കിയതിനെ തുടർന്ന് എ.ഐയുടെ സാധ്യതകളെയും ഉപയോഗത്തെ പറ്റിയും വളരെയധികം ചർച്ചകൾ നടന്നിരുന്നു. 2015ൽ അമേരിക്കയിൽ ആരംഭിച്ച ഒരു കമ്പനിയാണ് ഓപ്പൺ എ.ഐ. നിർമ്മിത ബുദ്ധിയിൽ പഠനങ്ങളും വികസനങ്ങളും നടത്തുന്ന ഒരു കമ്പനിയാണിത്. ഓപ്പൺ എ.ഐയുടെ സി.ഇ.ഒയായ സാം ഓൾഡ് മാനും ഇലോൺ മസ്ക്കും ചേർന്നാണ് ചാറ്റ് ജിപിടിക്ക് രൂപം കൊടുത്തത്.
നമ്മുടെ ജീവിതത്തിൽ വളരെ വേഗത്തിലാണ് എ.ഐ സ്വാധീനിച്ച് തുടങ്ങിയത്. പലപ്പോഴും ദൈനംദിന ജീവിതത്തിന്‍റെ ഭാഗമായ എ.ഐ ഈ വർഷം ഒരു വലിയ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നുവെന്ന് ഞങ്ങൾക്കറിയാം. 2023ലെ സംസാരവിഷയം കൂടിയാണിത് എന്നതിൽ തർക്കമില്ല -കോളിൻസിന്റെ മാനേജിങ് ഡയറക്ടർ അലക്സ് ബീക്രോഫ്റ്റ് പറഞ്ഞു.
പ്രധാന പദങ്ങളുടെ പട്ടികയിൽ 'നെപ്പോ ബേബി' (മാതാപിതാക്കളുടെ പാതയിലൂടെ സഞ്ചരിച്ച സെലിബ്രിറ്റി മക്കളെയാണ് 'നെപ്പോ ബേബി' എന്ന് വിളിക്കുന്നത്),'ഡി ബാങ്കിങ്' 'അൾട്രാപ്രോസസ്ഡ് അല്ലെങ്കിൽ അൾട്രാ-പ്രോസസ്ഡ്'എന്ന ഭക്ഷണവും വിശപ്പ് നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന 'സെമാഗ്ലൂറ്റൈഡ്'എന്ന മരുന്നും ഉൾപ്പെടുന്നു. ജീവിതചെലവിൽ ലാഭമുണ്ടാക്കുന്ന കമ്പനികൾ എന്നർഥം വരുന്ന 'ഗ്രീഡ്‌ഫ്ലേഷൻ', ലണ്ടനിൽ മലിനീകരണം ഉണ്ടാക്കുന്ന കാറുകളുടെ ഡ്രൈവർമാർക്ക് പിഴ ചുമത്തുന്ന അൾട്രാ ലോ എമിഷൻ സോണായ 'ഉലെസ്', ഇംഗ്ലണ്ടും ആസ്‌ട്രേലിയയും തമ്മിലുള്ള ആഷസ് പരമ്പരയിൽ 'ബാസ്‌ബോൾ' എന്ന് വിളിക്കപ്പെടുന്ന ക്രിക്കറ്റ് ശൈലി എന്നിവയും പരാമർശിക്കപ്പെട്ടു.
ചില വാണിജ്യ ഉൽപന്നങ്ങൾ ഒഴിവാക്കാൻ അനുയായികൾക്ക് മുന്നറിയിപ്പ് നൽകുക എന്നർഥം വരുന്ന 'ഡി-ഇൻഫ്ലൂവസിങ്'പോലുള്ള സോഷ്യൽ മീഡിയ പദങ്ങളും കോളിൻസിന്റെ പട്ടികയിൽ ഉണ്ടായിരുന്നു. 'പെർമാക്രൈസിസ്' എന്ന വാക്കാണ് 2022ലെ കോളിൻസ് വേഡ് ഓഫ് ദ ഇയർ ആയി തെരഞ്ഞെടുത്തത്. 2020ൽ 'ലോക്ക്ഡൗണും' 2016ൽ 'ബ്രെക്സിറ്റു'മായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.