ഓരോ നാലു സെക്കന്‍റിലും ഒരാൾ പട്ടിണി മൂലം മരിക്കുന്നു: മുന്നറിയിപ്പുമായി എൻ.ജി.ഒകൾ
text_fieldsഓരോ നാലു സെക്കന്‍റിലും പട്ടിണി മൂലം ലോകത്ത് ഒരാൾ മരിക്കുന്നുണ്ടെന്ന മുന്നറിയിപ്പുമായി ഓക്സ്ഫം, സേവ് ദി ചിൽഡ്രൻ, പ്ലാൻ ഇന്റർനാഷണൽ തുടങ്ങിയ ഇരുന്നൂറോളം എൻ.ജി.ഒകൾ. ആഗോള പട്ടിണി പ്രതിസന്ധി മറികടക്കാൻ അന്താരാഷ്ട്രതലത്തിൽ നടപടികൾ ആവശ്യമാണെന്ന് 75 രാജ്യങ്ങളിൽ നിന്നുള്ള 238 സംഘടനകൾ ഐക്യരാഷ്ട്ര സഭയെ അറിയിച്ചു.
345 ദശലക്ഷം പേരാണ് ഇപ്പോൾ കടുത്ത പട്ടിണി അനുഭവിക്കുന്നത്. 2019നേക്കാൾ ഇരട്ടിയിലധികമാണ് അത്. 21-ാം നൂറ്റാണ്ടിൽ ഇനി പട്ടിണി അനുവദിക്കില്ലെന്ന് ലോക നേതാക്കളുടെ വാഗ്ദാനങ്ങൾ ഉണ്ടായിരുന്നിട്ടും, ആഫ്രിക്കൻ രാജ്യമായ സോമാലിയ ഇപ്പോഴും കടുത്ത പ്രതിസന്ധിയിലാണ്. 45 രാജ്യങ്ങളിലായി 50 ലക്ഷം ആളുകൾ പട്ടിണിയുടെ വക്കിലാണെന്നും എൻ.ജി.ഒകൾ സംയുക്തമായി സമർപ്പിച്ച കത്തിൽ വ്യക്തമാക്കുന്നു.
ഓരോ ദിവസവും 19,700 പേർ പട്ടിണി മൂലം മരിക്കുന്നതായി കണക്കാക്കുന്നു. അങ്ങനെയെങ്കിൽ ഓരോ നാലു സെക്കന്‍റിലും ഒരാൾ പട്ടിണി മൂലം മരിക്കുന്നു എന്ന ആഗോള മുന്നറിയിപ്പാണ് പുറത്തു വരുന്നത്.
കൃഷിയുമായി ബന്ധപ്പെട്ട എല്ലാവിധ സാങ്കേതിക വിദ്യകളുമുള്ള ഈ നൂറ്റാണ്ടിലും പട്ടിണി വിഷയമാക്കേണ്ടിവരുന്നത് മോശമാണെന്ന് യമൻ ഫാമിലി കെയർ അസോസിയേഷനിൽ നിന്നുള്ള അഹ്മദ് അലി എൽജെബലി പറഞ്ഞു. ഇത് ഒരു രാജ്യത്തെയോ ഭൂഖണ്ഡത്തെയോ മാത്രം ബാധിക്കുന്ന പ്രശ്നമല്ല. മുഴുവൻ മനുഷ്യരാശിയും നേരിടുന്ന അനീതിയെ കുറിച്ചുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.