യുക്രെയ്ൻ ആണവ നിലയത്തിലെ വൈദ്യുതി വിതരണം മുടങ്ങി
text_fieldsകിയവ്: റഷ്യൻ ആക്രമണം തുടങ്ങിയ ശേഷം യുക്രെയ്നിലെ പ്രധാന ആണവ നിലയമായ സപോറിഷ്യയിൽനിന്നുള്ള വൈദ്യുതി വിതരണം വീണ്ടും മുടങ്ങി. റഷ്യയുടെ നിയന്ത്രണത്തിലുള്ള നിലയത്തിലെ ആറ് റിയാക്ടറുകളിൽ ഒന്നു മാത്രമാണ് പ്രവർത്തിക്കുന്നതെന്നും സർവിസ് ലൈനുകൾ വഴിയുള്ള വൈദ്യുതി വിതരണം മാത്രമാണ് നടക്കുന്നതെന്നും അന്താരാഷ്ട്ര ആണവോർജ ഏജൻസി അറിയിച്ചു.
സമീപത്തെ താപ വൈദ്യുതി നിലയവുമായി ബന്ധിപ്പിച്ചിട്ടുള്ളതാണ് ഈ സർവിസ് ലൈൻ. നിലവിൽ പ്രവർത്തിക്കുന്ന ഏക റിയാക്ടർ വഴിയാണ് നിലയത്തിലെ കൂളിങ് അടക്കമുള്ള സുരക്ഷപ്രവർത്തനങ്ങൾ നടക്കുന്നത്.
ഇതുകൂടി പണിമുടക്കിയാൽ യൂറോപ്പിലെ തന്നെ വലിയ ആണവ നിലയമായ സപോറിഷ്യയുടെ സുരക്ഷ പ്രശ്നമാവുമെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി വ്യക്തമാക്കി.
റഷ്യയുടെ നിരന്തര ഷെല്ലാക്രമണമാണ് ആണവ നിലയത്തിന് ഭീഷണിയാവുന്നതെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി കുറ്റപ്പെടുത്തി. ഇതുവരെ ആണവ ചോർച്ച സംഭവിക്കാത്തത് ഭാഗ്യം കൊണ്ടാണെന്നും റഷ്യയുടെ ആക്രമണം തുടർന്നാൽ ഏതുസമയത്തും അത് യാഥാർഥ്യമാവാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, ആണവ നിലയം പിടിച്ചെടുക്കാനുള്ള യുക്രെയ്ന്റെ ശ്രമങ്ങളാണ് പ്രശ്നങ്ങളുണ്ടാക്കുന്നതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.