ഒരേയൊരു വ്യക്തി മാത്രമേ രണ്ടിലേറെ തവണ യു.എസ് പ്രസിഡന്റായിട്ടുള്ളൂ; ആരാണത്
text_fieldsവാഷിങ്ടൺ: യു.എസിൽ രണ്ടു തവണ മാത്രമേ ഒരാൾക്ക് പ്രസിഡന്റാകാൻ കഴിയുകയുള്ളൂ. അത്കൊണ്ടു തന്നെ ജോർജ് വാഷിങ്ടൺ, തോമസ് ജെഫേഴ്സൺ, ജെയിംസ് മാഡിസൺ എന്നിവരാരും മൂന്നാം തവണ പ്രസിഡന്റാകാനായി മത്സരിക്കാൻ പോലും മിനക്കെട്ടില്ല. ആ പാരമ്പര്യം മറ്റുള്ളവരും പിന്തുടർന്നു.
എന്നാൽ ഫ്രാങ്ക്ളിൻ ഡി. റൂസ്‌വെൽറ്റ് രണ്ടിലേറെ തവണ പ്രസിഡന്റായിട്ടുണ്ട്. രണ്ടിലേറെ തവണ യു.എസ് പ്രസിഡന്റായ ഒരേയൊരു വ്യക്തിയും അദ്ദേഹമാണ്. നാലു തവണ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1933 മുതൽ 1945 വരെ യു.എസ് പ്രസിഡന്റായിരുന്നു.
1945ൽ റൂസ് വെൽറ്റ് മരിച്ചപ്പോൾ പഴയ സമ്പ്രദായം തന്നെ തിരിച്ചുകൊണ്ടുവരാൻ കോൺഗ്രസും ജനപ്രതിനിധി സഭയും തീരുമാനിച്ചു. അങ്ങനെ 1951ലെ 22ാം ഭരണഘടന ഭേദഗതിയിലൂടെ ആ തീരുമാനം അരക്കിട്ടുറപ്പിക്കുകയും ചെയ്തു.
രണ്ടിലേറെ തവണ ഒരു വ്യക്തിക്കും യു.എസ് പ്രസിഡന്റാകാൻ പാടില്ലെന്നാണ് 22ാം ഭേദഗതിയിൽ പറയുന്നത്. എന്നാൽ ഒന്നിലേറെ തവണ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടാത്ത ഒരാൾക്ക് വീണ്ടും മത്സരിക്കാൻ അവകാശമുണ്ട്.
പ്രസിഡന്റ് മരണപ്പെട്ടാൽ വൈസ് പ്രസിഡന്റിനാണ് ചുമതല നൽകുക. കാലാവധിയുടെ അവസാന വർഷം പ്രസിഡന്റ് മരണപ്പെട്ടാൽ വൈസ് പ്രസിഡന്റ് പ്രസിഡന്റിന്റെ ചുമതല വഹിക്കും. അപ്പോൾ അദ്ദേഹത്തിന് വീണ്ടും രണ്ടു തവണ പ്രസിഡന്റാകാൻ മത്സരിക്കാനും കഴിയും.
കാലാവധി വെച്ചില്ലെങ്കിൽ പ്രസിഡന്റുമാർ വയസാകുന്നത് വരെ അധികാരത്തിൽ തുടരുമെന്നും ഭരിക്കാനുള്ള കഴിവിനെ ഇത് ബാധിക്കുമെന്നും തോമസ് ജെഫേഴ്സൺ ആശങ്ക പ്രകടിപ്പിച്ചിരുന്നു. കൂടുതൽ കാലം അധികാരത്തിലിരുന്നാൽ പ്രസിഡന്റിനേത് രാജഭരണമാകുമെന്നും അദ്ദേഹം ഭയന്നു. കോൺഗ്രസിലെ നിരവധി അംഗങ്ങളും ഈ അപകടം തിരിച്ചറിഞ്ഞിരുന്നു. അതാണ് ഭരണഘടന ഭേദഗതിക്ക് അവരെ പ്രേരിപ്പിച്ചത്.
1947 മാർച്ച് 21ന് കോൺഗ്രസ് 22ാം ഭേദഗതി പാസാക്കി. സംസ്ഥാനങ്ങളുടെ നാലിൽ മൂന്ന് ഭാഗം ഭേദഗതി അംഗീകരിക്കാൻ നാലുവർഷത്തിലേറെ എടുത്തു. 1951 ഫെബ്രുരതി 27ന് ഭേദഗതി നിയമമായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.