ഫലസ്തീൻ ജനതക്ക് സ്വതന്ത്രമായി ജീവിക്കാൻ കഴിയണം; ദ്വിരാഷ്ട്രം മാത്രം പരിഹാരമെന്ന് യു.എന്നിൽ ഇന്ത്യ
text_fieldsന്യൂയോർക്ക്: ഇസ്രായേൽ-ഫലസ്തീൻ വിഷയത്തിൽ നിലപാട് ആവർത്തിച്ച് ഐക്യരാഷ്ട്രസഭയിൽ ഇന്ത്യ. ഫലസ്തീൻ ജനതക്ക് സ്വതന്ത്രമായി ജീവിക്കാനും ഇസ്രായേലിന് സുരക്ഷയും ഉറപ്പാക്കുന്ന ദ്വിരാഷ്ട്ര പരിഹാരത്തെ പിന്തുണക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ഇന്ത്യ വ്യക്തമാക്കി. യു.എൻ പൊതുസഭയിൽ സംസാരിച്ച യു.എന്നിലെ ഇന്ത്യയുടെ സ്ഥിരംപ്രതിനിധി രുചിര കാംബോജ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
ഇരുവിഭാഗങ്ങൾ തമ്മിലുള്ള നേരിട്ടുള്ളതും അർഥവത്തായതുമായ ചർച്ചകളിലൂടെയുള്ള ദ്വിരാഷ്ട്ര പരിഹാരം മാത്രമേ ശാശ്വതമായ സമാധാനം നൽകൂ. ഫലസ്തീൻ ജനതക്ക് സ്വതന്ത്രമായി ജീവിക്കാനും ഇസ്രായേലിന് സുരക്ഷയും ഉറപ്പാക്കുന്ന ദ്വിരാഷ്ട്ര പരിഹാരത്തെ പിന്തുണക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ് -ഇന്ത്യയുടെ സ്ഥിരംപ്രതിനിധി ചൂണ്ടിക്കാട്ടി.
സംഘർഷം കുറക്കാനും അക്രമം ഒഴിവാക്കാനും മുഴുവൻ ബന്ദികളെയും മോചിപ്പിക്കാനും പ്രകോപനപരമായ നടപടികൾ ഒഴിവാക്കാനുമുള്ള ശാശ്വത പരിഹാരത്തിനായി ചർച്ചകൾ പുനരാരംഭിക്കുന്നതിനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കണം. ഇസ്രായേൽ- ഹമാസ് സംഘർഷം സംബന്ധിച്ച് ഇന്ത്യയുടെ നിലപാട് വ്യക്തമാണ്. ഇത് ഇന്ത്യൻ നേതൃത്വം നിരവധി തവണ പ്രഖ്യാപിച്ചിട്ടുമുണ്ട്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ വലിയ തോതിൽ സിവിലിയൻമാരുടെ ജീവൻ നഷ്ടപ്പെടാൻ സംഘർഷം കാരണമായി. ഭയാനകമായ മാനുഷിക പ്രതിസന്ധിക്ക് ഇത് വഴിവെച്ചിട്ടുണ്ട്.
പ്രശ്നപരിഹാര ശ്രമങ്ങൾക്ക് എല്ലാവരും ശ്രമിക്കണം. അതിന് ഐക്യരാഷ്ട്രസഭയെയും രാജ്യാന്തര സമൂഹത്തെ സ്വാഗതം ചെയ്യുന്നു. ഫലസ്തീൻ ജനതക്ക് നൽകുന്ന മാനുഷിക സഹായങ്ങൾ ഇന്ത്യ തുടരുമെന്നും രുചിര കാംബോജ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.