ഒപെക് സെക്രട്ടറി ജനറൽ മുഹമ്മദ് ബാർകിന്ദോ അന്തരിച്ചു
text_fieldsഅബുജ: പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക് ജനറൽ സെക്രട്ടറി മുഹമ്മദ് ബാർകിന്ദോ (63) അന്തരിച്ചു. നൈജീരിയക്കാരനായ ബാർകിന്ദോയുടെ ചൊവ്വാഴ്ച രാത്രിയിലുള്ള വിയോഗം ഒപെകും നൈജീരിയൻ അധികൃതരും സ്ഥിരീകരിച്ചു. മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് അദ്ദേഹം നൈജീരിയൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തുകയും കാലാവസ്ഥാമാറ്റത്തിന്റെ പേരിൽ പഴി കേൾക്കുന്ന ഊർജവ്യവസായത്തിനനുകൂലമായി സംസാരിക്കുകയും ചെയ്തിരുന്നു.
അപ്രതീക്ഷിതമായുണ്ടായ അദ്ദേഹത്തിന്റെ മരണകാരണം വ്യക്തമല്ല. വിയന്ന ആസ്ഥാനമായ ഒപെക്കിൽ 2016 മുതൽ അധ്യക്ഷപദവിയിലിരിക്കുന്ന ബാർകിന്ദോയുടെ രണ്ടാംവട്ട കാലാവധി ജൂലൈ 31ന് അവസാനിക്കാനിരിക്കുകയായിരുന്നു. സെക്രട്ടറി ജനറലായി കാലാവധി അവസാനിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും തന്നാൽ കഴിയുന്നതെല്ലാം ചെയ്തെന്നും ഒപ്പം പ്രവർത്തിച്ചവരിൽ അഭിമാനമുണ്ടെന്നുമാണ് ബാർകിന്ദോ സുഹൃത്തുക്കളോട് പറഞ്ഞ അവസാന വാക്കുകൾ.
സമീപകാല ചരിത്രത്തിലെ ഏറ്റവും കലുഷിതമായ കാലഘട്ടത്തിലൂടെയാണ് അദ്ദേഹം സംഘടനയെ നയിച്ചത്. കോവിഡ് മഹാമാരിക്കാലത്ത് ഇന്ധനവിലയും ആവശ്യകതയും കൂപ്പുകുത്തിയതായിരുന്നു പ്രധാന പ്രതിസന്ധികളിലൊന്ന്. കാലാവസ്ഥ മാറ്റത്തിന്റെ മുറവിളികൾക്കിടയിലും ബദൽ ഊർജ മാർഗങ്ങൾ വ്യാപകമാവുന്നത് വരെ എണ്ണ ഉൽപാദന രംഗത്ത് കൂടുതൽ നിക്ഷേപങ്ങൾ ആവശ്യമാണെന്ന് അദ്ദേഹം ശക്തിയായി വാദിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.