ഇറാൻ പ്രസിഡന്‍റുമായി കൂടിക്കാഴ്ച നടത്താൻ തയ്യാറെന്ന് ട്രംപ്; സമാധാനത്തിന് വഴി തുറക്കുമോ?
text_fieldsടെഹ്‌റാൻ: യുദ്ധത്തിൽ ഹൂത്തികൾ ഇടപെടുകയും പശ്ചിമേഷ്യയിൽ സ്ഥിതി കൂടുതൽ സങ്കീർണമാവുകയും ചെയ്തിരിക്കെ പരസ്പരം ഭീഷണികൾ കൈമാറി ഇറാനും യു.എസും. അതേസമയം യു.എൻ ജനറൽ അസംബ്ലിയിൽ പങ്കെടുക്കുന്നതിനായി ഇറാന്റെ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ ഈ ആഴ്ച ന്യൂയോർക്കിൽ എത്തുമെന്നിരിക്കെ, അദ്ദേഹവുമായി കൂടിക്കാഴ്ച നടത്താൻ താൻ തയ്യാറാണെന്ന് യു.എസ് പ്രസിഡന്റ് ഡോണാൾഡ്ട്രംപ് പറഞ്ഞതായി ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ഇത് സമാധാനത്തിന് വഴിതുറക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. ന്യൂയോർക്കിൽ എത്തുന്ന പെസെഷ്കിയാൻ മറ്റ് ലോക നേതാക്കളുമായും കൂടിക്കാഴ്ച നടത്തും.
അതേസമയം കരാറിലെത്തിയില്ലെങ്കിൽ ഇറാൻ സാമ്പത്തികമായി തകരുകയോ നേതൃത്വം തുടച്ചുനീക്കപ്പെടുകയോ ചെയ്യുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയപ്പോൾ, ഏതൊരു പുതിയ ആക്രമണത്തിനും ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാനിയൻ സൈന്യം പ്രതികരിച്ചു.
യുഎസ് അടുത്തഘട്ടം ആക്രമണങ്ങൾക്ക് പദ്ധതിയിടുന്നുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്നും അത്തരമൊരു ആക്രമണം ഉണ്ടായാൽ യാതൊരു പരിധികളുമില്ലാതെ തിരിച്ചടിക്കുമെന്നുമാണ് ഇറാന്റെ മുന്നറിയിപ്പ്. ഇറാന്റെ നേതാക്കൾ ഒരു കരാറിലെത്തണം, അല്ലാത്തപക്ഷം സാമ്പത്തികമായി തകരുകയോ തുടച്ചുനീക്കപ്പെടുകയോ ചെയ്യണമെന്ന് ട്രംപ് പറഞ്ഞതായി ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു.സംഘർഷം പശ്ചിമേഷ്യയെ അസ്വസ്ഥമാക്കുകയും ഹോർമുസിലും ബാബ് അൽ-മന്ദേബിലും ഊർജ ഗതാഗതം തടസ്സപ്പെടുകയും ആഗോളതലത്തിൽ പ്രതിസന്ധി രൂക്ഷമാക്കുകയും ചെയ്യുമ്പോഴും സമാധാന ധാരണ അകലെയാണെന്ന സൂചനയാണ് ഇരു ഭാഗത്തുനിന്നും ലഭിക്കുന്നത്.അതേസമയം ഗൾഫ് മേഖലയിൽ സംഘർഷങ്ങൾ വീണ്ടും രൂക്ഷമാകുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ബിൻ ജാസിം അൽ താനി മുന്നറിയിപ്പ് നൽകി.
പരമാധികാരം മാനിക്കപ്പെടുന്നതും ഒരു രാജ്യവും മറ്റൊരു രാജ്യത്തിന് ഭീഷണിയാകാത്തതുമായ വ്യവസ്ഥയാണ് ഈ മേഖലയ്ക്ക് ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി.ഹൂത്തികളും സൗദി പിന്തുണയുള്ള സേനയും തമ്മിൽ രൂക്ഷമായ പോരാട്ടം തുടരുന്ന യെമനിലെ അൽ-ജൗഫ് പ്രവിശ്യയിൽ നാല് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്.
യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഏഴ് ഉപാധികൾ ഖത്തർ പ്രതിനിധി മുഖേന യുഎസിന് കൈമാറിയതായി ഇറാന്റെ സുരക്ഷാ തലവൻ മൊഹ്സെൻ റെസായി നേരത്തെ പറഞ്ഞിരുന്നു.ഏഴു മാസം മുമ്പ് ഇസ്രായേലും യു.എസും ഇറാനെതിരെ ആരംഭിച്ച യുദ്ധത്തിൽ ഹൂത്തികൾ കൂടി പങ്കാളികളായതോടെ യെമനിലും സ്ഥിതിഗതികൾ രൂക്ഷമായിരിക്കുകയാണ്. ചെങ്കടലിലെ ബാബ് അൽ-മന്ദേബ് കടലിടുക്ക് ഹൂത്തികളുടെ നിയന്ത്രണത്തിലായതോടെ ആഗോള വിപണിയിൽ എണ്ണവില കുത്തനെ ഉയർന്നിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

