‘വിൽക്കുന്നില്ല’; മസ്‌കിന്റെ 97.4 ബില്യൺ ഡോളറിന്റെ ഓഫർ നിരസിച്ച് ഓപൺ എ.ഐ
text_fieldsവാഷിംങ്ടൺ: 97.4 ബില്യൺ ഡോളറിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയെ വാങ്ങാനുള്ള ടെസ്‌ല സി.ഇ.ഒ ഇലോൺ മസ്‌കിന്റെ ഓഫർ ഓപ്പൺ എ.ഐയുടെ ഡയറക്ടർ ബോർഡ് ഏകകണ്ഠമായി നിരസിച്ചു. ‘സാങ്കേതികവിദ്യയുമായി പൊരുത്തപ്പെടാനും വിപണിയിൽ ഞങ്ങളുമായി മത്സരിക്കാനും പാടുപെടുന്ന ഒരു എതിരാളിയിൽ നിന്നാണ് ഓഫർ വന്നത്. അത് ഞങ്ങൾ നിരസിച്ചു -ഓപ്പൺ എ.ഐയുടെ ചീഫ് ഗ്ലോബൽ അഫയേഴ്സ് ഓഫീസർ ക്രിസ് ലെഹാനെ പറഞ്ഞു.
2015ൽ ഓപ്പൺ എ.ഐ തുടങ്ങുമ്പോൾ അതിന്റെ സ്ഥാപകരിൽ ഒരാളായിരുന്നു മസ്ക്. പ്രാരംഭ ഫണ്ടിംഗിൽ 45 മില്യൺ ഡോളർ ഇദ്ദേഹം സംഭാവന ചെയ്തു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനിടെ ടെസ്‌ലയുമായുള്ള ‘ഭാവിയിലെ സംഘർഷ സാധ്യത’ കണക്കിലെടുത്ത് 2018ൽ കമ്പനി വിട്ടു. ഓപ്പൺ എ.ഐ ഈ രംഗത്തെ മുന്നേറ്റത്തിന് ആഗോള ശ്രദ്ധ നേടിയതിനുശേഷം 2023ൽ മസ്ക് തന്റെ സ്വന്തം എ.ഐ കമ്പനിയായ ‘xAI’ ആരംഭിച്ചു.
‘ഓപ്പൺ എ.ഐ വിൽപ്പനക്കുള്ളതല്ല. മത്സരത്തെ തടസ്സപ്പെടുത്താനുള്ള മിസ്റ്റർ മസ്‌ക്കിന്റെ ഏറ്റവും പുതിയ ശ്രമം ബോർഡ് ഏകകണ്ഠമായി നിരസിച്ചു’വെന്ന് ഓപ്പൺ എ.ഐയുടെ ബോർഡ് ചെയർമാൻ ബ്രെറ്റ് ടെയ്‌ലറും ‘എക്‌സി’ൽ വ്യക്തമാക്കി. ‘ഓപ്പൺ എ.ഐയുടെ ഏത് സാധ്യതയുള്ള പുനഃസംഘടനയും ലാഭേച്ഛയില്ലാത്തതും ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസ് എല്ലാ മനുഷ്യരാശിക്കും പ്രയോജനം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാനുമുള്ള അതിന്റെ ദൗത്യത്തെ ശക്തിപ്പെടുത്തും’ എന്നും അദ്ദേഹം പ്രസ്താവനയിൽ പറയുന്നു.
അതേസമയം, എ.ഐ മോഡലുകൾ വികസിപ്പിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമുള്ള അധികരിച്ച ചെലവുകൾ നിക്ഷേപവും പുതിയ കോർപ്പറേറ്റ് ഘടനയും തേടാൻ ഓപൺ എ.ഐയെ പ്രേരിപ്പിച്ചിരിക്കുകയാണ്. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന മോഡലിലേക്ക് മാറുന്നതിനുള്ള ഒരുക്കത്തിലാണിവർ. ഇതിന് കാലിഫോർണിയയിലെയും ഡെല്ലവെയറിലെയും അധികാരികളുടെ അംഗീകാരം ആവശ്യമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.