അഫ്ഗാനിസ്താനിൽ കറുപ്പ് കൃഷി 95 ശതമാനം കുറഞ്ഞെന്ന് യു.എൻ റിപ്പോർട്ട്
text_fieldsകാബൂൾ: അഫ്ഗാനിസ്താനിൽ ലഹരിവസ്തുവായ കറുപ്പ് നിർമിക്കുന്നതിനായി പോപ്പിച്ചെടി കൃഷിചെയ്യുന്നതിൽ ഒരു വർഷത്തിനിടെ 95 ശതമാനം കുറവുണ്ടായതായി യു.എൻ ഏജൻസിയുടെ സർവേ റിപ്പോർട്ട്. യുനൈറ്റഡ് നേഷൻസ് ഓഫിസ് ഓൺ ഡ്രഗ്സ് ആൻഡ് ക്രൈം (യു.എൻ.ഒ.ഡി.സി) പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ലോകത്തിൽ തന്നെ ഏറ്റവുമധികം കറുപ്പ് കൃഷി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് അഫ്ഗാനിസ്താൻ. എന്നാൽ, സമീപകാലങ്ങളിലായി കറുപ്പ് കൃഷിയിൽ വൻതോതിൽ കുറവുണ്ടായെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞവർഷം ഏപ്രിലിൽ കറുപ്പ് കൃഷി നിരോധിച്ചുകൊണ്ട് താലിബാൻ ഉത്തരവിറക്കിയിരുന്നു. നിയമലംഘനം നടത്തുന്നവർക്ക് കർശന ശിക്ഷയുണ്ടാകുമെന്നും പ്രഖ്യാപിച്ചിരുന്നു.
യു.എൻ ഏജൻസിയുടെ കണക്ക് പ്രകാരം 2022ൽ 6200 ടൺ ആയിരുന്നു അഫ്ഗാനിലെ കറുപ്പ് ഉൽപ്പാദനം. ഇത് 2023ൽ 333 ടൺ ആയാണ് കുറഞ്ഞത്. പോപ്പിച്ചെടി കൃഷിചെയ്യുന്ന സ്ഥലവിസ്തീർണത്തിലും വൻ കുറവുണ്ടായി. 2.33 ലക്ഷം ഹെക്ടർ പ്രദേശത്താണ് കഴിഞ്ഞ വർഷം കറുപ്പ് കൃഷിചെയ്തതെങ്കിൽ 2023ൽ ഇത് 10,800 ഹെക്ടർ മാത്രമായി ചുരുങ്ങി.
വൻതോതിലുള്ള കറുപ്പ് കൃഷിയിലൂടെ 'ലോകത്തിന്‍റെ കറുപ്പ് തലസ്ഥാനം' എന്ന കുപ്രസിദ്ധി അഫ്ഗാൻ നേടിയിരുന്നു. കറുപ്പ് ഉൽപ്പാദനത്തിൽ നിന്നുള്ള വരുമാനം കേന്ദ്രീകരിച്ച സമ്പദ് വ്യവസ്ഥയും നിലനിന്നിരുന്നു. അതിനാൽ തന്നെ, കറുപ്പ് കൃഷിയിലുണ്ടായ വൻതോതിലുള്ള ഇടിവ് സാമ്പത്തിക മേഖലയിലുൾപ്പെടെ ദൂരവ്യാപകമായ പ്രത്യാഘാതത്തിന് ഇടയാക്കുമെന്ന് യു.എൻ.ഒ.ഡി.സിയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഭാവിയിൽ അഫ്ഗാനിസ്താനെ കറുപ്പ് മുക്തമാക്കാനും വിദൂരസമൂഹങ്ങളെ സാമ്പത്തികമായി നിലനിർത്താനും മറ്റു വികസനമാർഗങ്ങൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് റിപ്പോർട്ട് പറയുന്നു.
അഫ്ഗാനിലെ നിയമവിരുദ്ധ കറുപ്പ് വിപണിക്കെതിരെയും അതുണ്ടാക്കുന്ന നാശനഷ്ടങ്ങൾക്കെതിരെയും ദീർഘകാലാടിസ്ഥാനത്തിലുള്ള നടപടികൾ കൈക്കൊള്ളാനുള്ള അവസരമാണിതെന്ന് യു.എൻ.ഒ.ഡി.സി എക്സിക്യൂട്ടിവ് ഡയറക്ടർ ഗദാ വാലി പറഞ്ഞു. അതേസമയം, അഫ്ഗാനിലെ ജനങ്ങൾക്ക് ഏറെ പോസിറ്റീവായ ഈയൊരു മാറ്റത്തിന്‍റെ പ്രത്യാഘാതങ്ങളെ അഭിസംബോധന ചെയ്യുകയും വേണം -അദ്ദേഹം പറഞ്ഞു.
കറുപ്പ് ഉൽപാദനം നിലയ്ക്കുന്നതിലൂടെയുണ്ടാകുന്ന വരുമാനനഷ്ടം മറികടക്കാൻ കർഷകർക്ക് സാധിക്കുന്ന പദ്ധതികൾ നടപ്പിലാക്കണം. ജനജീവിതം സുസ്ഥിരമാക്കാനുള്ള ശക്തമായ നിക്ഷേപങ്ങൾ മേഖലയിലുണ്ടായെങ്കിലേ കൃഷിക്കാർക്ക് കറുപ്പ് കൃഷിയിൽ നിന്ന് മാറിനിൽക്കാൻ സാധിക്കൂ -യു.എൻ.ഒ.ഡി.സി എക്സിക്യൂട്ടിവ് ഡയറക്ടർ പറഞ്ഞു.
നേരത്തെ, 2000ൽ അഫ്ഗാനിൽ കറുപ്പ്കൃഷി നിരോധിച്ച് താലിബാൻ ഉത്തരവിറക്കിയിരുന്നു. എന്നാൽ, 2001ൽ യു.എസ് അധിനിവേശത്തിനെത്തിയതോടെ താലിബാന് അധികാരം നഷ്ടമായി. അതിന് ശേഷം കറുപ്പ് കൃഷിയിൽ വ്യാപകവർധനവുണ്ടായി. 2020ൽ മാത്രം കറുപ്പ് കൃഷിയിൽ 37 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരുന്നത്. 2021ൽ താലിബാൻ അധികാരത്തിൽ തിരികെയെത്തിയതോടെയാണ് കറുപ്പ് കൃഷിക്ക് കർശന നിരോധനമേർപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.