'കറുത്ത' കുഞ്ഞിന് കൊട്ടാരം സുരക്ഷ നിഷേധിച്ചു; ആത്മഹത്യ പോലും ചിന്തിച്ചു- ബ്രിട്ടനെ നടുക്കി മേഗന്‍റെ വംശവെറി വെളിപ്പെടുത്തലുകൾ
text_fields
ലണ്ടൻ: ബക്കിങ്ഹാം കൊട്ടാരം വെച്ചുനീട്ടിയെന്നു പറയുന്ന എല്ലാ ബഹുമതികളും വഴിയിലുപേക്ഷിച്ച് അമേരിക്കയിലേക്ക് ജീവിതം പറിച്ചുനട്ട ബ്രിട്ടീഷ് രാജകുടുംബാംഗങ്ങളുടെ തുറന്നുപറച്ചിൽ ലോകമെങ്ങും വൈറലാകുന്നു. രാജപിന്തുണയില്ലാതെ കടുത്ത എകാന്തതക്കു മധ്യേ ജീവിതം മടുത്ത് ആത്മഹത്യ വരെ ചിന്തിച്ചിരുന്നതായി ഹാരി രാജകുമാരന്‍റെ പത്നി മേഗൻ, ഓപ്റ വിൻഫ്രിക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു. കറുത്ത വംശജയായ മേഗന് പിറക്കുന്ന കുഞ്ഞ് എത്രത്തോളം കറുത്തതാകുമെന്ന ആധി കൊട്ടാര വൃത്തങ്ങളെ വല്ലാതെ അലട്ടിയിരുന്നതായും ഇത് പങ്കുവെച്ചത് തങ്ങളെ ഞെട്ടിച്ചതായും മേഗനൊപ്പം ഹാരി രാജകുമാരനും അഭിമുഖത്തിൽ പറഞ്ഞു. ആർച്ചിയെന്ന പൊന്നുമോളായിരുന്നു രാജകുടുംബത്തിന്‍റെ വംശീയ മനസ്സിന്‍റെ ഇര.
ഹാരിക്കൊപ്പം ജീവിതം തുടങ്ങുേമ്പാൾ സ്വാഗതമോതിയ രാജ്ഞിയും കുടുംബത്തിലെ മറ്റ് അംഗങ്ങളും പിന്നീട് എല്ലാം മറന്ന് കൈയൊഴിയുകയായിരുന്നു. അതോടെയാണ് ആത്മഹത്യ അവസാന വഴിയായി മനസ്സിലെത്തിയത്. പക്ഷേ, ഇരുവരും പരസ്പരം ചേർത്തുപിടിച്ച് ദുരന്തമൊഴിവാക്കി.
വിവാഹത്തിനു ശേഷം പിതാവ് ചാൾസ് രാജകുമാരൻ തന്‍റെ ഫോൺ വിളികൾ എടുക്കാതായതായതോടെ ഇനിയും കുടുംബത്തിന്‍റെ ഭാഗമായി തുടരുന്നതിൽ കാര്യമില്ലെന്ന ചിന്തയിലെത്തിയെന്ന് ഹാരിയുടെ വാക്കുകൾ. എന്നുവെച്ച് പിതാവ് തന്‍റെ ഇഷ്ടക്കാരിൽ ഒന്നാമത്തേതാണെന്നും അദ്ദേഹവുമായി വന്ന അകൽച്ച അതിവേഗം പരിഹരിക്കാൻ ശ്രമം തുടരുമെന്നും ഹാരി ഇതോടു ചേർത്തുപറയുന്നു.
ഞായറാഴ്ചയാണ് അമേരിക്കൻ ടെലിവിഷൻ ചാനലിൽ ഓപ്റ വിൻഫ്രിയുമായി ഇരുവരും നടത്തിയ അഭിമുഖം വന്നത്. ദീർഘമായ അഭിമുഖം ലോകം കണ്ടതോടെ ബ്രിട്ടനിൽ അനുകൂലിച്ചും പ്രതികൂലിച്ചും വാർത്തകൾ പറന്നു. രാജകുടുംബം ഇനിയും പ്രതികരിച്ചിട്ടില്ലെങ്കിലും നൂറ്റാണ്ടുകളായി രാജകുടുംബത്തെ പിന്തുണക്കുന്ന രാജ്യം ഹാരിയും മേഗനും പറഞ്ഞത് എത്രത്തോളം ശരിയാകുമെന്ന് കാത്തിരുന്ന് കാണാമെന്ന നിലപാടിലാണ്.
മറുവശത്ത്, ഇരുവരെയും പ്രതിസ്ഥാനത്തുനിർത്തി കഥകൾ മെനഞ്ഞ് ടാബ്ളോയിഡുകൾ 'പണി' തുടങ്ങിയിട്ടുമുണ്ട്. മേഗനെ ദുരന്തനായികയായി അവതരിപ്പിക്കുന്ന കഥകൾ ഓരോ മണിക്കൂറിലും പുതുതായി അവതരിപ്പിച്ച് മാനനഷ്ടം തീർക്കാമെന്ന കണക്കുകൂട്ടലിലാണ് കൊട്ടാര അനുകൂല മാധ്യമങ്ങൾ.
കഴിഞ്ഞ മാസം ജെയിംസ് കോർഡന് അനുവദിച്ച അഭിമുഖത്തിൽ കൊട്ടാരത്തിലെ അനുഭവങ്ങളാണ് തങ്ങളെ ഇത്രയും രാജ്യം വിടാൻ പ്രേരിപ്പിച്ചതെന്ന് പറഞ്ഞിരുന്നു. നാല് ടാേബ്ലായ്ഡുകളുമായും ബന്ധം അവസാനിപ്പിച്ചതായും അന്ന് ഹാരി വ്യക്തമാക്കി.
അതേ സമയം, മുമ്പ് ഡയാന രാജകുമാരി അനുഭവിച്ചതിനു തുല്യമായതാണ് ഇത്തവണ മേഗനും നേരിട്ടതെന്ന് പറയുന്നു ചില മാധ്യമങ്ങൾ. അന്ന് ഡയാനയും ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിരുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കിയിരുന്നു.
സസെക്സ് പ്രഭ്വിയായ മേഗനും ഹാരിയും അടുത്തിടെയാണ് പൂർണമായി രാജ കൊട്ടാര പദവികൾ ഉപേക്ഷിച്ച് സ്വതന്ത്രരായത്. രാജകുടുംബം തങ്ങളെ കുറിച്ച് നിരന്തരം കള്ളം പറഞ്ഞുപരത്തുകയാണെന്ന് കഴിഞ്ഞ ദിവസം ഹാരി ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.