വിവാദമായ ഹാരി-മേഗൻ അഭിമുഖത്തിന് ഒപ്ര വിൻഫ്രിക്ക് ലഭിച്ചത് 51 കോടി രൂപ
text_fieldsലണ്ടൻ: ബ്രിട്ടനിൽ ഇപ്പോൾ ചർച്ചവിഷയമായിരിക്കുന്ന ഹാരി-മേഗൻ അഭിമുഖം യു.എസ് ടി.വി അവതാരക ഒപ്ര വിൻഫ്രി ചാനലിന് നൽകിയത് 51 കോടി രൂപ (ഏഴ് ദശലക്ഷം യു. എസ് ഡോളർ) പ്രതിഫലത്തിന്. വംശവെറി അടക്കമുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളടങ്ങിയ അഭിമുഖം ഇതിനകം 17 ദശലക്ഷം ആളുകൾ കണ്ടുകഴിഞ്ഞു.
കൊട്ടാരത്തിൽകഴിഞ്ഞ നാളുകളിൽ വംശവെറിക്കും അവഗണനക്കും ഇരയായെന്നാണ് ഹോളിവുഡ് നടിയും ഹാരി രാജകുമാരെൻറ ഭാര്യയുമായ മേഗൻ മെർക്കൽ വെളിപ്പെടുത്തിയത്. ഹാരി-മേഗൻ വെളിപ്പെടുത്തലുകൾക്ക് എന്തു മറുപടി നൽകുമെന്നതിനെ സംബന്ധിച്ച തിരക്കിട്ട ചർച്ചകളിലാണ് ബക്കിങ്ഹാം കൊട്ടാരം. രാജ്യത്തെ ടാേബ്ലായ്ഡ് പത്രങ്ങളും വിഷയം ചർച്ചയാക്കിയിട്ടുണ്ട്. അടിയന്തര യോഗങ്ങൾ കൊട്ടാരത്തിനകത്ത് പുരോഗമിക്കുകയാണ്. ആരോപണങ്ങൾ ലോകമൊട്ടുക്കും ഏറ്റെടുത്ത സാഹചര്യത്തിൽ മറുപടി നൽകാതെ തരമില്ലെന്ന് ബന്ധപ്പെട്ടവർ കരുതുന്നു.
തിരക്കിട്ട് മറുപടി നൽകി വിവാദങ്ങൾ കൊഴുപ്പിക്കുന്നതിൽ കാര്യമില്ലെന്നാണ് പ്രാഥമികമായെത്തിയ തീർപ്പ്. രാജ്ഞിയുടെ സാന്നിധ്യത്തിൽ ചാൾസ്, വില്യം തുടങ്ങി പ്രമുഖർ പങ്കെടുത്ത യോഗങ്ങൾ ഒന്നിലേറെ നടന്നതായാണ് റിപ്പോർട്ട്. ഹാരി-മേഗൻ ദമ്പതികളുടെ ആദ്യ കുഞ്ഞായി ആർച്ചി പിറക്കുംമുമ്പ് കൊട്ടാരത്തിൽ അരങ്ങേറിയ ചർച്ചകളാണ് ഇരുവരും അഭിമുഖത്തിൽ തുറന്നുപറഞ്ഞിരിക്കുന്നത്. മകന് കറുപ്പ് നിറം കൂടുതലാകുമോ എന്ന് രാജകുടുംബത്തിലെ ഒരാൾ ആശങ്ക പ്രകടിപ്പിച്ചിരുന്നതായി അവർ പറയുന്നു.
ഞായറാഴ്ച യു.എസിൽ സി.ബി.എസ് ചാനലും യു.കെയിൽ ഐ.ടി.വിയും സംപ്രേഷണം ചെയ്ത രണ്ടു മണിക്കൂർ അഭിമുഖത്തിലുടനീളം ഇരുവരും അനുഭവിച്ച ഭീഷണികളും അവഗണനകളും തുറന്നുപറയുന്നുണ്ട്. വംശവെറി നടന്നിട്ടുണ്ടെങ്കിൽ കൊട്ടാരം അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് ബ്രിട്ടീഷ് പ്രതിപക്ഷമായ ലേബർ കക്ഷി ആവശ്യപ്പെട്ടു. 2018ലാണ് ഇരുവരും വിവാഹിതരാകുന്നത്.
2020 മാർച്ചിൽ രാജകുടുംബ പദവി വേണ്ടെന്നുവെച്ച് ഹാരി- മേഗൻ ജോടി യു.എസിലെ കാലിഫോർണിയയിലേക്ക് ജീവിതം പറിച്ചുനടുകയായിരുന്നു. ഇനിയൊരിക്കലും രാജകുടുംബമാകാൻ തിരിച്ചുവരില്ലെന്ന് അടുത്തിടെ ഹാരി വ്യക്തമാക്കുകയും ചെയ്തു. മാതാവ് ഡയാന രാജകുമാരി നൽകിയ സമ്പത്തുകൊണ്ടാണ് യു.എസിൽ ജീവിതം തുടങ്ങിയതെന്നും ഹാരി തുറന്നുപറഞ്ഞു. മേഗെൻറ മാതാവ് ആഫ്രിക്കൻ വംശജയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.