ഉത്തരവിൽ ഒപ്പുവെച്ചു; അസാൻജിനെ യു.എസിന് കൈമാറാൻ അനുമതി
text_fieldsലണ്ടൻ: ഇറാഖിലെയും അഫ്ഗാനിസ്താനിലെയും യുദ്ധങ്ങളുമായി ബന്ധപ്പെട്ട രഹസ്യ രേഖകൾ ചോർത്തിയെന്ന ആരോപണം നേരിടുന്ന വിക്കിലീക്‌സ് സ്ഥാപകൻ ജൂലിയൻ അസാൻജിനെ യു.എസിന് കൈമാറാൻ യു.കെ സർക്കാർ വെള്ളിയാഴ്ച അനുമതി നൽകി. ആസ്‌ട്രേലിയൻ പൗരനായ 50 വയസ്സുള്ള അസാൻജിനെ കൈമാറാനുള്ള മന്ത്രിതല ഉത്തരവിൽ യു.കെ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ ഒപ്പുവെച്ചു.
തീരുമാനത്തിനെതിരെ അപ്പീൽ നൽകാൻ അസാൻജിന് 14 ദിവസത്തെ സമയമുണ്ടെന്ന് ആഭ്യന്തര വകുപ്പ് ഓഫിസ് അറിയിച്ചു. അസാൻജ് വീണ്ടും അപ്പീൽ പോകുമെന്നാണ് കരുതുന്നത്. മജിസ്‌ട്രേറ്റ് കോടതിയുടെയും ഹൈകോടതിയുടെയും പരിഗണനക്ക് ശേഷം ജൂൺ 17നാണ് അസാൻജിനെ യു.എസിന് കൈമാറാൻ ഉത്തരവിട്ടത്. അപ്പീൽ നൽകാൻ 14 ദിവസം അസാൻജിനുണ്ടെന്ന് യു.കെ ആഭ്യന്തര ഓഫിസ് വക്താവ് പറഞ്ഞു.
2003ലെ കുറ്റവാളി കൈമാറ്റ നിയമം പ്രകാരം ഉത്തരവ് നിരോധിക്കാൻ കാരണങ്ങളൊന്നുമില്ലെങ്കിൽ സ്റ്റേറ്റ് സെക്രട്ടറി ഒപ്പിടണം. കേസിന്റെ വിവിധ വശങ്ങൾ പരിഗണിച്ച ശേഷം മാത്രമേ കൈമാറൽ അഭ്യർഥന ആഭ്യന്തര സെക്രട്ടറിക്ക് അയക്കൂവെന്നും വക്താവ് പറഞ്ഞു. കൈമാറ്റം അന്യായമോ നിയമവിരുദ്ധമോ ആയി യു.കെ കോടതികൾ കണ്ടെത്തിയിട്ടില്ല. ഒരു തെറ്റും ചെയ്തിട്ടില്ലെന്നാണ് ഇപ്പോഴും അസാൻജ് പറയുന്നത്.
2010ലും 2011ലും അമേരിക്കയെ നടുക്കി സൈനിക രഹസ്യങ്ങളും നയതന്ത്രരേഖകളുമടക്കമുള്ള വിവരങ്ങൾ വിക്കിലീക്സ് പരസ്യപ്പെടുത്തിയതിനെ തുടർന്നാണ് യു.എസിന്റെ കണ്ണിലെ കരടായത്.
കേബിൾഗേറ്റ് വിവാദം എന്നാണിത് അറിയപ്പെടുന്നത്. ഇതോടെ അസാൻജിനെ ശത്രുവായി പ്രഖ്യാപിക്കാനും പിടികൂടി വിചാരണ നടത്താനും യു.എസ് ശ്രമങ്ങൾ ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട 18 ക്രിമിനൽ കേസുകളാണ് യു.എസിലുള്ളത്. 2019 മുതൽ ലണ്ടനിലെ ബെൽമാർഷ് ജയിലിലാണ്. അതിനുമുമ്പ് ലണ്ടനിലെ ഇക്വഡോർ എംബസിയിൽ ഏഴു വർഷത്തോളം അഭയം തേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.