നവാസ് ശരീഫിന്‍റെ സ്വത്തുക്കൾ തിരിച്ചുനൽകാൻ ഉത്തരവ്
text_fieldsഇസ്‍ലാമാബാദ്: അഴിമതിക്കേസുമായി ബന്ധപ്പെട്ട് 2020ൽ കണ്ടുകെട്ടിയ മുൻ പ്രധാനമന്ത്രി നവാസ് ശരീഫിെന്റ സ്ഥാവര, ജംഗമ വസ്തുക്കൾ തിരിച്ചുനൽകാൻ കോടതി ഉത്തരവ്. നവാസ് ശരീഫിനെതിരായ തോഷഖാന അഴിമതിക്കേസിൽ വാദം കേട്ട ഇസ്‍ലാമാബാദ് അക്കൗണ്ടബിലിറ്റി കോടതി ജഡ്ജി മുഹമ്മദ് ബാഷിർ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. ലണ്ടനിൽ നാലു വർഷത്തോളം പ്രവാസജീവിതം നയിച്ച നവാസ് ശരീഫ് ഒക്ടോബർ 21നാണ് പാകിസ്താനിൽ തിരിച്ചെത്തിയത്.
ഇസ്‍ലാമാബാദ് ഹൈകോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചതിനെത്തുടർന്ന് 2020ലാണ് ഇദ്ദേഹത്തിെന്റ സ്വത്തുക്കൾ കണ്ടുകെട്ടാൻ അക്കൗണ്ടബിലിറ്റി കോടതി ഉത്തരവിട്ടത്. 200 ഏക്കറിലധികം കൃഷിഭൂമി, മെഴ്സിഡസ് ബെൻസ് കാർ, ലാൻഡ് ക്രൂസർ, മറ്റു വാഹനങ്ങൾ എന്നിവയാണ് നവാസ് ശരീഫിൽനിന്ന് കണ്ടുകെട്ടിയത്.
രാജ്യത്ത് തിരിച്ചെത്തിയ ശരീഫിനെതിരായ അറസ്റ്റ് വാറന്റ് റദ്ദാക്കിയ സാഹചര്യത്തിലാണ് സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള ഉത്തരവ് പിൻവലിച്ചത്. ഹൈകോടതിയുടെ അനുമതിയോടെ വിദഗ്ധ ചികിത്സക്കായാണ് ശരീഫ് വിദേശത്തേക്ക് പോയതെന്ന് അദ്ദേഹത്തിെന്റ അഭിഭാഷകൻ മിസ്ബാഹുൽ ഹസൻ ഖ്വാസി കോടതിയെ അറിയിച്ചു.
എന്നാൽ, അദ്ദേഹത്തിനെതിരെ നാഷനൽ അക്കൗണ്ടബിലിറ്റി ബ്യൂറോ കേസ് ഫയൽ ചെയ്യുകയും സ്വത്ത് കണ്ടുകെട്ടാനുള്ള ഉത്തരവ് പുറപ്പെടുവിക്കുകയുമായിരുന്നു. സർക്കാർ സമ്മാനശേഖരത്തിൽനിന്ന് കേവലം 15 ശതമാനം മാത്രം വിലനൽകി കാർ സ്വന്തമാക്കിയെന്നാണ് നവാസ് ശരീഫിനെതിരായ തോഷഖാന കേസ്. 2008ൽ സർക്കാർ പദവികളൊന്നും വഹിക്കാതിരുന്നിട്ടും അന്യായമായി കാർ നൽകുകയായിരുന്നു എന്നാണ് ആരോപണം.
വിദേശരാജ്യങ്ങളിൽനിന്ന് രാഷ്ട്രത്തലവന് ലഭിക്കുന്ന വസ്തുക്കൾ സർക്കാർ സമ്മാന ശേഖരത്തിൽ സൂക്ഷിക്കണമെന്നാണ് നിയമം. ഇത് വേണമെങ്കിൽ സർക്കാറിന് പൊതുലേലത്തിലൂടെ വിൽപന നടത്താം. എന്നാൽ, 10000 രൂപയിൽതാഴെ വിലയുള്ള സമ്മാനങ്ങൾ കൈവശംവെക്കാൻ നിയമം ഭരണത്തലവൻമാർക്ക് അനുമതി നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.