കാനഡയിൽ ക്ഷേത്രത്തിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചയാൾ അറസ്റ്റിൽ
text_fieldsന്യൂഡൽഹി: കാനഡയിൽ ക്ഷേത്രത്തിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുകയും വിശ്വാസികളെ ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഇന്ദ്രജീത്ത് ഗോസാൽ (35) അറസ്റ്റിൽ. ഇന്ത്യ നിരോധിച്ച സിഖ് ഫോർ ജസ്റ്റിസ് സംഘടനയുടെ കാനഡയിലെ കോഓഡിനേറ്ററാണ് ഗോസാൽ. ആയുധം ഉപയോഗിച്ച് ആക്രമിച്ചതിനാണ് ഇയാൾക്കെതിരെ കേസെടുത്തത്.
അതിനിടെ ഇന്ത്യ തീവ്രവാദിയായി പ്രഖ്യാപിച്ച അർഷ്ദീപ് സിങ് ഗിൽ (അർഷ് ദല്ല) കാനഡയിൽ അറസ്റ്റിലായി. ഒന്റാറിയോ പ്രവിശ്യയിലെ മിൽട്ടനിൽ യുവാക്കൾക്ക് നേരെയുണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ട് കനേഡിയൻ പൊലീസ് അറസ്റ്റ് ചെയ്ത രണ്ടുപേരിൽ ഒരാൾ അർഷ് ദല്ലയാണെന്ന് അധികൃതർ വ്യക്തമാക്കി.
ഒക്ടോബർ 28നാണ് വെടിവെപ്പും അറസ്റ്റുമുണ്ടായത്. അതിനിടെ, പഞ്ചാബിലെ മൊഹാലിയിൽ കഴിഞ്ഞ മാസം സിഖ് പ്രവർത്തകനെ കൊലപ്പെടുത്തിയ സംഭവത്തിൽ അർഷ് ദല്ല സംഘത്തിലെ രണ്ടുപേരെ അറസ്റ്റ് ചെയ്തതായി ഞായറാഴ്ച പഞ്ചാബ് പൊലീസ് അറിയിച്ചിരുന്നു.
വിവിധ കുറ്റങ്ങൾ ആരോപിച്ച് കഴിഞ്ഞ വർഷം ജനുവരിയിൽ ഇന്ത്യൻ ഭരണകൂടം അർഷ് ദല്ലയെ തീവ്രവാദിയായി പ്രഖ്യാപിച്ചിരുന്നു. ഖലിസ്ഥാൻ ടൈഗർ ഫോഴ്സുമായി ബന്ധമുള്ള ദല്ല കഴിഞ്ഞ വർഷം കാനഡയിൽ കൊല്ലപ്പെട്ട ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ വിശ്വസ്തനായിരുന്നു.
കനേഡിയൻ എംബസിക്ക് മുന്നിൽ പ്രതിഷേധം
ന്യൂഡൽഹി: കാനഡയിലെ ഹിന്ദുക്ഷേത്രത്തിന് നേര്ക്കുണ്ടായ ഖലിസ്ഥാൻ ആക്രമണത്തിനെതിരെ ഡൽഹിയിലെ കനേഡിയൻ എംബസിക്ക് മുന്നിൽ പ്രതിഷേധം. ഹിന്ദു സിഖ് ഗ്ലോബൽ ഫോറത്തിന്റെ നേതൃത്വത്തിൽ നൂറുകണക്കിനാളുകളാണ് ഞായറാഴ്ച ഡൽഹി ചാണക്യപരിയിൽ സ്ഥിതിചെയ്യുന്ന എംബസിക്ക് മുന്നിലെത്തിയത്. ഇവരെ ഡൽഹി പൊലീസ് ബാരിക്കേഡുകൾ വെച്ച് തടഞ്ഞു. പ്രതിഷേധം മുന്നിൽ കണ്ട് ഡൽഹി പൊലീസ് സുരക്ഷ ശക്തമാക്കി. നവംബർ മൂന്നിനാണ് ബ്രാംപ്ടണിലെ ഹിന്ദു സഭാ ക്ഷേത്രത്തിന് നേരെ ഖാലിസ്ഥാൻ വാദികളുടെ ആക്രമണമുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.