ഞങ്ങൾ ബ്രിട്ടീഷുകാർക്കെതിരെ ജിഹാദ് നടത്തുമ്പോൾ ഫഡ്നാവിസിന്റെ പൂർവികർ അവർക്ക് പ്രണയലേഖനം എഴുതുകയായിരുന്നു -ഉവൈസി
text_fieldsമുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെതിരെ രൂക്ഷ വിമർശനവുമായി എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. ഫഡ്നാവിസിന്റെ വോട്ട് ജിഹാദ്-ധർമ്മയുദ്ധ പരാമർശത്തിനാണ് ഉവൈസി മറുപടി നൽകിയത്. ഇന്ത്യയുടെ വൈവിധ്യത്തിനെതിരാണ് ഫഡ്നാവിസിന്റെ പ്രസ്താവനയെന്ന് ഉവൈസി പറഞ്ഞു.
ഫഡ്നാവിസിന്റെ പൂർവികർ ബ്രിട്ടീഷുകാർക്കെതിരെ പോരാടുന്നതിന് പകരം അവർക്ക് പ്രണയലേഖനങ്ങൾ എഴുതുകയാണ് ചെയ്തത്. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിൽ വോട്ട് ജിഹാദിന് തുടക്കമായെന്ന് ഫഡ്നാവിസ് പറഞ്ഞിരുന്നു. ഇതിനെതിരെ ധർമ്മയുദ്ധമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ ധൂലെ ലോക്സഭ മണ്ഡലത്തിലെ ബി.ജെ.പിയുടെ നേരിയ മാർജിനിലെ തോൽവി പരാമർശിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഫഡ്നാവിസിന്റെ പരാമർശത്തിന് ഛത്രപതി സംബാജി നഗറിൽ നടന്ന തെരഞ്ഞെടുപ്പ് പരിപാടിയിലാണ് ഉവൈസി മറുപടി നൽകിയത്. പാർട്ടിയുടെ സ്ഥാനാർഥികളായ ഇംതിയാസ് ജലീൽ, നാസർ സിദ്ദീഖ് എന്നിവരുടെ പ്രചാരണത്തിനായാണ് അദ്ദേഹം എത്തിയത്.
തങ്ങളുടെ പൂർവികർ ബ്രിട്ടീഷുകാർക്കെതിരെ ജിഹാദ് നടത്തി. ഇപ്പോൾ ഫഡ്നാവിസ് ഞങ്ങളെ ജിഹാദ് പഠിപ്പിക്കുന്നു. നരേന്ദ്ര മോദിയും അമിത് ഷായും ദേവേന്ദ്ര ഫഡ്നാവിസും ഒരുമിച്ച് വന്നാൽ പോലും തന്നെ സംവാദത്തിൽ തോൽപ്പിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
വോട്ട് ജിഹാദും ധർമ്മയുദ്ധവും എങ്ങനെയാണ് തെരഞ്ഞെടുപ്പിലേക്ക് എത്തിയത്. നിങ്ങൾ എം.എൽ.എമാരെ വിലക്ക് വാങ്ങി. ഞങ്ങൾ നിങ്ങളെ കള്ളനെന്ന് വിളിക്കണോയെന്നും ഹൈദരാബാദ് എം.പി ചോദിച്ചു. അയോധ്യയിൽ എന്തുകൊണ്ടാണ് ബി.ജെ.പി തോറ്റതെന്നും അദ്ദേഹം ചോദിച്ചു. രാജ്യത്തെ വൈവിധ്യം ഇല്ലാതാക്കാനാണ് മോദി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.