‘നമ്മുടെ വിശ്വഗുരു തനിച്ചായി!’; ജി7 ഉച്ചകോടിയിൽ ലോകനേതാക്കൾക്കിടയിൽ ഒറ്റപ്പെട്ട മോദിയുടെ വിഡിയോ പങ്കുവെച്ച് പ്രശാന്ത് ഭൂഷൺ
text_fieldsടോക്യോ: ഹിരോഷിമയിലെ ജി7 ഉച്ചകോടിക്കിടെ ലോകനേതാക്കൾക്കിടയിൽ ഒറ്റപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഡിയോ പങ്കുവെച്ച് സുപ്രീം കോടതി അഭിഭാഷകനും സാമൂഹിക പ്രവർത്തകനുമായ പ്രശാന്ത് ഭൂഷൺ. ‘നമ്മുടെ വിശ്വഗുരു തനിച്ചായി!’ എന്ന കുറിപ്പോടെയാണ് വിഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ജി7 നേതാക്കളും ക്ഷണിക്കപ്പെട്ട രാജ്യങ്ങളുടെ പ്രതിനിധികളും ചേർന്നുള്ള ഫോട്ടോ സെഷന് ശേഷം മറ്റു ലോക നേതാക്കൾ പരസ്പരം സംസാരിക്കുമ്പോൾ ആരും ശ്രദ്ധിക്കാത്തതിനാൽ മോദി തിരിച്ചുനടക്കുന്നതാണ് വിഡിയോയിലുള്ളത്.
ഉച്ചകോടിക്കിടയിൽ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഓട്ടോഗ്രാഫ് ചോദിച്ചെന്ന് ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ ഈ വിഡിയോയും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ജോ ബൈഡൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഓട്ടോഗ്രാഫ് ചോദിച്ചെന്ന എ.എൻ.ഐ വാർത്ത ഏജൻസിയുടെ റിപ്പോർട്ടിനെതിരെ സമൂഹ മാധ്യമങ്ങളിൽ ചോദ്യങ്ങൾ ഉയർന്നിരുന്നു. എ.എൻ.ഐയെ ഉദ്ധരിച്ച് നിരവധി ദേശീയ, പ്രാദേശിക മാധ്യമങ്ങളും ഓട്ടോഗ്രാഫ് വാർത്ത ഏറ്റുപിടിച്ചിരുന്നു.
എന്നാൽ, ഈ വാർത്തയുടെ ഉറവിടം ഏതാണെന്ന് എ.എൻ.ഐ വെളിപ്പെടുത്തുന്നില്ല. ജി7 ഉച്ചകോടി പോലൊരു അന്താരാഷ്ട്ര പരിപാടിയിൽ ഇത്തരമൊരു ആശയവിനിമയം നടന്നിട്ടുണ്ടെങ്കിൽ അത് പ്രമുഖ അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യേണ്ടതാണെന്നും അങ്ങനെയൊന്ന് ഉണ്ടായിട്ടില്ലെന്നും ചോദ്യമുന്നയിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു. എ.എൻ.ഐയുടെ ട്വീറ്റിനടിയിലും ഉറവിടം ചോദ്യം ചെയ്ത് നിരവധി പേർ രംഗത്തുവന്നിട്ടുണ്ട്.
‘താങ്കൾ ശരിക്കും എനിക്ക് വെല്ലുവിളിയാണ്. അടുത്ത മാസം താങ്കൾക്കൊപ്പം വാഷിങ്ടണിൽ ഡിന്നർ കഴിക്കണം. ഞങ്ങളുടെ രാജ്യം മുഴുവൻ താങ്കളുടെ സാന്നിധ്യത്തിനായി കാത്തിരിക്കുകയാണ്. താങ്കളെ കളിയാക്കുകയാണെന്ന് കരുതരുത്. എന്റെ ടീമിനോട് ചോദിച്ചു നോക്കൂ. സത്യമാണ് ഞാൻ പറയുന്നത്. ഒരിക്കൽ പോലും കാണുകയോ കേൾക്കുകയോ ചെയ്യാത്ത ആളുകളിൽ നിന്നാണ് എനിക്ക് ഫോൺ കോളുകൾ വരുന്നത്. സിനിമാ താരങ്ങൾ മുതൽ അടുത്ത ബന്ധുക്കൾ വരെയുണ്ട് അക്കൂട്ടത്തിൽ. താങ്കൾ അത്രയും ജനകീയനാണ്’ എന്നിങ്ങനെ ബൈഡൻ പറഞ്ഞെന്നും റിപ്പോർട്ടിലുണ്ട്.
മോദിയുടെ ജനപ്രീതി കടുത്ത വെല്ലുവിളി സൃഷ്ടിക്കുന്നുണ്ടെന്ന് ആസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസിന്റെ അഭിപ്രായം ബൈഡൻ ശരിവെച്ചെന്നും റിപ്പോർട്ടിലുണ്ട്. ‘സിഡ്നിയിൽ നടക്കുന്ന പരിപാടിയിൽ മോദിയുടെ സംസാരം കേൾക്കാൻ ആഗ്രഹിക്കുന്നവർക്കെല്ലാം സൗകര്യം ചെയ്തുകൊടുക്കാൻ സാധിക്കാത്ത സ്ഥിതിയാണ്. 20,000 ആളുകൾക്ക് ഇരിക്കാവുന്ന വേദിയിലാണ് പരിപാടി നടക്കുക. ആളുകൾ ടിക്കറ്റുകൾ ഇതിനകം തന്നെ ബുക്ക് ചെയ്തു കഴിഞ്ഞു. കൂടുതൽ ആളുകൾ ടിക്കറ്റിനായി ആവശ്യപ്പെട്ടെങ്കിലും നൽകാൻ കഴിയാത്ത സ്ഥിതിയാണ്. പ്രധാനമന്ത്രി മോദി സംസാരിക്കുന്ന പരിപാടികളിൽ നിർബന്ധമായും പങ്കെടുക്കണമെന്നാണ് തന്റെ രാജ്യത്തെ ജനങ്ങളുടെ ഇപ്പോഴത്തെ പ്രധാന ആവശ്യം’, എന്നിങ്ങനെ ആൽബനീസ് പറഞ്ഞതായും ഇതിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.