തുർക്കി-സിറിയ ഭൂകമ്പത്തെ പരിഹസിക്കുന്ന കാർട്ടൂൺ പ്രസിദ്ധീകരിച്ച ഷാർലി ഹെബ്ദോ മാസികക്കെതിരെ വൻ പ്രതിഷേധം
text_fieldsപാരീസ്: തുർക്കിയെയും സിറിയയെയും തകർത്തെറിഞ്ഞ ഭൂകമ്പത്തെ പരിഹസിച്ച ഫ്രഞ്ച് മാസികയായ ഷാർലി ഹെബ്ദോ മാസികക്കെതിരെ വൻ പ്രതിഷേധം. മാസികയുടെ ട്വിറ്റർ അക്കൗണ്ടിലായിരുന്നു ഭൂകമ്പത്തിൽ തകർന്ന കെട്ടിടങ്ങളുടെയും മറിഞ്ഞുകിടക്കുന്ന കാറും മറ്റ് അവശിഷ്ടങ്ങളുടെ കൂമ്പാരവുമടങ്ങിയ കാർട്ടൂൺ പങ്കുവെച്ചത്. 'ടാങ്കറുകൾ അയക്കേണ്ടി വന്നില്ല' എന്ന അടിക്കുറിപ്പോടെയായിരുന്നു കാർട്ടൂൺ പങ്കുവെച്ചത്.
ആയിരക്കണക്കിന് ആളുകളുടെ ജീവൻ അപഹരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത ദുരന്തത്തെ പരിഹസിച്ചതിനെതിരെ സോഷ്യൽ മീഡിയയിലും വൻ പ്രതിഷേധമുയർന്നു. ഈ കാർട്ടൂൺ വിവേചന രഹിതവും ഇരുണ്ട തമാശയടങ്ങിയതും പരിധിക്കപ്പുറം പോയെന്നും സമൂഹമാധ്യമങ്ങളിൽ വിമർശനമുയർന്നു.'ഷാർലി ഹെബ്ദോ ആരെയും ചിരിപ്പിക്കാൻ ഉദ്ദേശിച്ചല്ല കാർട്ടൂൺ പങ്കുവെച്ചത്... ഭയാനകമായ സാഹചര്യങ്ങളിൽ വിജയം കണ്ടെത്തി വിദ്വേഷം ഉണർത്താൻ മാത്രമാണ് ഇത് ഉദ്ദേശിച്ചതെന്നും' ചിലർ കുറ്റപ്പെടുത്തി.
ഷാർലി എബ്ദോക്ക് പിന്തുണ പിൻവലിച്ചതായി ചിലർ അറിയിച്ചു. ഇസ്‍ലാമിനെ വിമർശിക്കുന്നതാണ് മാസികയുടെ ഏക വരുമാനമാർഗം. വസ്തുതാപരമായി എന്തെങ്കിലും അച്ചടിക്കാൻ തുടങ്ങിയാൽ അന്ന് മാസിക നിർത്തേണ്ടി വരുമെന്നും മറ്റൊരാൾ പ്രതികരിച്ചു.
ആയിരക്കണക്കിന് മുസ്‍ലിംകളുടെ മരണത്തെ ഫ്രാൻസ് പരിഹസിക്കുകയാണെന്ന് ഇസ്‍ലാമിക ഗവേഷണ സ്ഥാപനമായ യാഖീൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ഇമാം ഒമർ സുലൈമാൻ പ്രതികരിച്ചു.
'5,000-ത്തിലധികം ആളുകൾ മരിച്ചു. അവശിഷ്ടങ്ങൾക്കടിയിൽ തണുത്തുറഞ്ഞ് കാത്തിരിക്കുന്ന നിരവധി പേർ. ആയിരക്കണക്കിന് ആളുകൾ ഇപ്പോഴും അവരുടെ കുടുംബത്തെയും സുഹൃത്തുക്കളെയും തിരയുന്നു. ഇതാണോ തമാശ? കല? ഇതാണോ മനുഷ്യത്വം? ഒരാളുടെ പ്രതികരണം ഇങ്ങനെയായിരുന്നു. നേരത്തെ മുഹമ്മദ് നബിയെ അവഹേളിക്കുന്ന തരത്തിൽ കാർട്ടൂണുകൾ പ്രസിദ്ധീകരിച്ചതിനെ തുടർന്ന് വിവാദത്തിൽപ്പെട്ട മാസികയാണ് ഷാർലി എബ്ദോ. അതേ മാതൃകയാണ് ഇപ്പോഴും പിന്തുടർന്നതെന്നും ചിലർ വിമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.