പാകിസ്താനിലെ കുട്ടികളിൽ ഒമ്പതിൽ ഒരാൾക്ക് പോഷകാഹാരക്കുറവ് -യുനിസെഫ്
text_fieldsഇസ്ലാമാബാദ്: പാകിസ്താനിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ കുട്ടികൾ ഗുരുതര പോഷകാഹാരക്കുറവ് നേരിടുന്നതായി യുനിസെഫ് മുന്നറിയിപ്പ് നൽകി.
സിന്ധിലെയും ബലൂചിസ്ഥാനിലെയും പ്രളയ ബാധിത പ്രദേശങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങളിൽ പ്രവേശിപ്പിക്കപ്പെട്ട അഞ്ചിൽ താഴെയുള്ള ഒമ്പത് കുട്ടികളിൽ ഒന്നിലധികം പേരും കടുത്ത പോഷകാഹാരക്കുറവ് അനുഭവിക്കുന്നുണ്ടെന്ന് യുനിസെഫ് പറയുന്നു.
പ്രളയ ബാധിത പ്രദേശങ്ങളിലുള്ള 22,000-ത്തിലധികം കുട്ടികളിൽ ആരോഗ്യ വിദഗ്ധർ പരിശോധന നടത്തി. ഇതിൽ 2,630-ലധികം പേർ ഗുരുതരമായ പോഷകാഹാരക്കുറവ് നേരിടുന്നു.
കുട്ടികളിൽ ക്ഷയം, വളർച്ചയില്ലായ്മ, രോഗപ്രതിരോധ ശേഷി കുറയൽ എന്നിവ പോഷകാഹാരക്കുറവ് മൂലമുണ്ടാകുന്ന പ്രശ്നങ്ങളാണെന്ന് യു.എൻ ഏജൻസി പറഞ്ഞു.
ദേശീയ പോഷകാഹാര സർവേയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം പ്രദേശത്ത് 1.6 ദശലക്ഷം കുട്ടികൾ പോഷകാഹാരക്കുറവ് അനുഭവിക്കുന്നുണ്ടെന്നും ഇവർക്ക് അടിയന്തര ചികിത്സ ആവശ്യമാണെന്നും പറയുന്നു.
'ദശലക്ഷക്കണക്കിന് കുട്ടികളുടെ ജീവന് ഭീഷണിയായ പോഷകാഹാര അടിയന്തരാവസ്ഥയാണ് ഞങ്ങൾ നേരിടുന്നത്. കുട്ടികളുടെ വളർച്ചക്കും നിലനിൽപ്പിനും ഭീഷണിയാകുന്ന വിനാശകരമായ അവസ്ഥയിലേക്കാണ് നീങ്ങുന്നത്. ആഗോള സമൂഹത്തിന്റെ ഇതുവരെയുള്ള പിന്തുണക്ക് നന്ദി. പക്ഷേ കുട്ടികളുടെ ജീവൻ രക്ഷിക്കാൻ ഇനിയും പിന്തുണ ആവശ്യമാണ്.'പാകിസ്താനിലെ യുനിസെഫ് പ്രതിനിധി അബ്ദുല്ല ഫാദിൽ പറഞ്ഞു.
40 ശതമാനത്തിലധികം അമ്മമാർ അനീമിയ ബാധിച്ചവരാണ്. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ ഏഴ് ദശലക്ഷത്തിലധികം കുട്ടികളും സ്ത്രീകളും ഉൾപ്പെടെ രാജ്യത്ത് മുഴുവനായി 25 ദശലക്ഷത്തിലധികം കുട്ടികൾക്കും സ്ത്രീകൾക്കും അവശ്യപോഷകാഹാര സേവനങ്ങൾ ഉടൻ ലഭ്യമാക്കേണ്ടതുണ്ട്.
അഞ്ച് ദശലക്ഷത്തിലധികം ജനങ്ങൾക്ക് സുരക്ഷിതമായ കുടിവെള്ള സ്രോതസ്സുകളില്ല, ആറ് ദശലക്ഷത്തിലധികം പേർക്ക് വീടുകളിൽ ശുചിത്വ സൗകര്യങ്ങളില്ല.
അതേസമയം, ജലജന്യ രോഗമായ വയറിളക്കം, മലേറിയ, ഡെങ്കിപ്പനി, ചർമ്മരോഗങ്ങൾ, ശ്വാസകോശ സംബന്ധമായ അണുബാധകൾ, മറ്റ് രോഗങ്ങൾ എന്നിവയും കൂടിവരികയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.