ട്രംപിന്റെ ജയത്തിനു പിന്നാലെ മസ്കിന്റെ ‘എക്സ്’ വിട്ടത് ലക്ഷത്തിലധികം പേർ
text_fieldsന്യൂയോർക്ക്: ഡൊണാൾഡ് ട്രംപിന്റെ വിജയം സ്ഥിരീകരിച്ച യു.എസ് തെരഞ്ഞെടുപ്പിനു പിന്നാലെ രാജ്യത്തിനകത്തെ ലക്ഷത്തിലധികം ഉപയോക്താക്കൾ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമായ ‘എക്സ്’ വിട്ടതായി റിപ്പോർട്ട്.
115,000 ലധികം യു.എസ് ഉപയോക്താക്കൾ തെരഞ്ഞെടുപ്പിന്റെ പിറ്റേന്ന് അവരുടെ ‘X’ അക്കൗണ്ടുകൾ നിർജ്ജീവമാക്കിയതായി ഡിജിറ്റൽ ഇന്‍റലിജൻസ് പ്ലാറ്റ്‌ഫോമായ ‘സിമിലാർവെബി’നെ ഉദ്ധരിച്ച് സി.എൻ.എൻ റിപ്പോർട്ട് ചെയ്തു. 2022ൽ ശതകോടീശ്വരനും ടെസ്‍ല ഉടമയുമായ ഇലോൺ മസ്‌ക് ഏറ്റെടുത്തതിന് ശേഷം ‘എക്സി’ന്‍റെ ഏറ്റവും വലിയ ഉപയോക്തൃ തിരസ്കാരമാണിതെന്ന് പറയുന്നു.
‘എക്സ്’ ഉപേക്ഷിച്ചവർ ‘ബ്ലൂസ്കൈ’ പോലുള്ള ബദൽ പ്ലാറ്റ്ഫോമിലേക്ക് കുടിയേറുന്നതായും സി.എൻ.എൻ റിപ്പോർട്ട് ചെയ്തു. ‘ബ്ലൂസ്കൈ’യുടെ ഉപയോക്തൃ അടിത്തറ 90 ദിവസത്തിനുള്ളിൽ ഇരട്ടിയായെന്നും ഒരൊറ്റ ആഴ്ചയിൽ പത്തു ലക്ഷം പുതിയ സൈൻ-അപ്പുകൾകൂടി നേടി 15 ദശലക്ഷത്തിലെത്തിയെന്നും റിപ്പോർട്ട് പറയുന്നു.
യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലുള്ള മസ്കിന്റെ സ്വാധീനത്തെ തുടർന്നാണ് ഈ പ്രവണത ശക്തിപ്പെട്ടത്. നിയുക്ത പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനെ പിന്തുണക്കുന്നതിന് മസ്‌ക് മാസങ്ങളോളം ‘എക്‌സ്’ ഉപയോഗിച്ചു. കൂടാതെ മസ്‌ക് എക്സിൽ നേരത്തെ വരുത്തിയ മാറ്റങ്ങളായ മോഡറേറ്റർമാരെ വെട്ടിക്കുറക്കൽ, നിരോധിത അക്കൗണ്ടുകൾ പുനഃസ്ഥാപിക്കൽ, വംശീയ-നാസി അക്കൗണ്ടുകൾ അനുവദിക്കൽ തുടങ്ങിയവയെല്ലാം കമ്പനിയുടെ പ്രധാന ബിസിനസ് തകർച്ചയിലേക്ക് നയിച്ചു.
പ്രമുഖ പത്രപ്രവർത്തകരായ ചാർലി വാർസെൽ, ന്യൂയോർക്ക് ടൈംസിന്റെ മാരാ ഗേ, മുൻ സി.എൻ.എൻ അവതാരകൻ ഡോൺ ലെമൺ തുടങ്ങിയവർ എക്സിൽ നിന്ന് പുറത്തുകടക്കുന്നുവെന്നും ‘ബ്ലൂസ്കൈ’യിൽ ചേർന്നുവെന്നും പ്രഖ്യാപിച്ചു. യു.എസ് തെരഞ്ഞെടുപ്പ് പ്രക്രിയയിൽ മസ്കിന്റെ സ്വാധീനത്തെക്കുറിച്ചുള്ള ആശങ്കകൾ ചൂണ്ടിക്കാട്ടി ബ്രിട്ടീഷ് വാർത്താ പ്രസാധകരായ ‘ദി ഗാർഡിയനും’ ബുധനാഴ്ച എക്‌സിൽനിന്ന് പുറത്തുപോകുകയാണെന്ന് പ്രഖ്യാപിച്ചു. സൈറ്റിലെ ഏതെങ്കിലും ഔദ്യോഗിക ഗാർഡിയൻ അക്കൗണ്ടുകളിൽനിന്ന് ഇനി പോസ്റ്റ് ചെയ്യില്ലെന്ന് പ്രസ്താവനയിൽ ‘ദി ഗാർഡിയൻ’ പറഞ്ഞു. എക്സ് ഒരു വിഷ പ്ലാറ്റ്‌ഫോമാണെന്നും രാഷ്ട്രീയത്തെ സ്വാധീനിക്കാൻ മസ്‌ക് അത് ഉപയോഗിക്കുന്നുവെന്നും തുറന്നടിച്ചുകൊണ്ടായിരുന്നു ഇത്. ഗാർഡിയന് ‘എക്‌സി’ൽ 80ലധികം അക്കൗണ്ടുകളുണ്ട്. ഏകദേശം 27 ദശലക്ഷം ഫോളോവേഴ്‌സുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.