അധിനിവേശത്തോട് സന്ധിയില്ല; ഇസ്രായേൽ പ്രസാധകരെ ബഹിഷ്‍കരിക്കാനൊരുങ്ങി അരുന്ധതി റോയ് ഉൾപ്പെടെ 1000ത്തിലേറെ എഴുത്തുകാർ
text_fieldsതെൽഅവീവ്: ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യവുമായി ഇസ്രായേൽ പ്രസാധകരെ ബഹിഷ്‍കരിക്കാനൊരുങ്ങി ആയിരത്തിലേറെ എഴുത്തുകാർ. നൊബേൽ, പുലിസ്റ്റർ, ബുക്കർ പുരസ്കാര ജേതാക്കളായ എഴുത്തുകാരാണ് ഇസ്രായേൽ പ്രസാധകരെ ബഹിഷ്‍കരിക്കാൻ തീരുമാനിച്ചത്. ബുക്കൽ പുരസ്കാര ജേതാവ് അരുന്ധതി റോയി, കനേഡിയൻ എഴുത്തുകാരി നവോമി ക്ലെയിൻ, നൊബേൽ ജേതാവായ ഫ്രഞ്ച് എഴുത്തുകാരി ആനി എർനോ, റേച്ചൽ കുഷ്നർ, സാലി റൂണി എന്നിവരാണ് എഴുത്തുകാരുടെ കൂട്ടത്തിലുള്ളത്.
ഇസ്രായേലിന്റെ ഗസ്സ വംശഹത്യയുടെ ആദ്യഘട്ടം മുതൽ ഫലസ്തീനികൾക്കൊപ്പമുണ്ട് അരുന്ധതി റോയ്. 2024ൽ പെൻ പിന്റർ പുരസ്‍കാരവും അരുന്ധതി റോയിക്കായിരുന്നു. പുരസ്കാരം ഏറ്റുവാങ്ങിയപ്പോൾ സമ്മാനത്തുക ഫലസ്തീൻ കുട്ടികൾക്കായുള്ള ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്നാണ് അരുന്ധതി റോയി പ്രഖ്യാപിച്ചത്.
ഫലസ്തീന്‍ സാഹിത്യോത്സവമായ പാല്‍ഫെസ്റ്റിന്റെ നേതൃത്വത്തിലാണ് എഴുത്തുകാര്‍ ഇസ്രായേൽ പ്രസാധകരെ ബഹിഷ്‍കരിക്കാനൊരുങ്ങുന്നത്. പ്രസാധകരെ ബഹിഷ്‍കരിക്കണമെന്ന സംയുക്ത പ്രസ്താവനയിൽ എഴുത്തുകാർ ഒപ്പുവെച്ചു. വംശഹത്യയെ പിന്തുണക്കുന്ന ഇസ്രായേലിലെ പ്രസാധകരുമായി സഹകരിക്കില്ല എന്നാണ് സംയുക്ത പ്രസ്താവനയിൽ പറയുന്നത്. മാത്രമല്ല, ഇസ്രായേലുമായി ബന്ധമുള്ള സാംസ്കാരിക പരിപാടികളിലും ഇവർ പങ്കെടുക്കില്ല. വംശഹത്യയെ ന്യായീകരിക്കുകയും വെള്ളപൂശുന്നതുമാണ് ഇസ്രായേലിലെ പ്രസാധകരുടെ നിലപാട്. ഫലസ്തീൻ ജനതയുടെ അവകാശങ്ങളെ പരസ്യമായി അംഗീകരിക്കാത്ത സ്ഥാനങ്ങളെ തുടർന്നും ബഹിഷ്‍കരിക്കുമെന്നും എഴുത്തുകാർ വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ, ഇസ്രായേൽ അനുകൂല നിലപാട് സ്വീകരിച്ച ടാറ്റ,മക്ഡൊണാൾഡ്, സ്റ്റാർ ബക്സ്, സാറ ഉൾപ്പെടെയുള്ള കമ്പനികൾക്കെതിരെ വ്യാപക ബഹിഷ്‍കരണാഹ്വാനവും നടക്കുന്നുണ്ട്.
21ാം നൂറ്റാണ്ടിൽ കുട്ടികൾക്കെതിരെ നടക്കുന്ന ഏറ്റവും വലിയ യുദ്ധമാണ് ഗസ്സയിലേതെന്നും എഴുത്തുകാർ ചൂണ്ടിക്കാട്ടി. റിപ്പോർട്ടുകൾ പ്രകാരം 16,456 കുട്ടികളാണ് ഇസ്രായേലിന്റെ ആക്രമണത്തിൽ ഗസ്സയിൽ കൊല്ലപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.