കോവിഡ് നെഗറ്റീവായ 13,000-ത്തിലധികം ആളുകളെ ചൈന നിർബന്ധിതമായി ക്വാറന്റൈനിലാക്കിയതായി റിപ്പോർട്ട്
text_fieldsബീജിങ്ങ്: രാജ്യത്ത് സീറോ കോവിഡ് നയം നടപ്പാക്കാന്‍ തലസ്ഥാന നഗരമായ ബീജിങ്ങിൽ ചൈന കർശന നടപടികൾ സ്വീകരിക്കുന്നതായി റിപ്പോർട്ട്. തെക്കുകിഴക്കൻ ബീജിങ്ങിലെ നാൻസിൻയുവാനിൽ കോവിഡ് നെഗറ്റീവായ 13,000-ത്തിലധികം ആളുകളെ അധികൃതർ നിർബന്ധിച്ച് ക്വാറന്റൈനിലാക്കിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എപ്രിൽ അവസാനം മുതൽ പ്രദേശത്ത് വർധിക്കുന്ന കോവിഡ് കേസുകൾ മുന്‍നിർത്തിയാണ് നടപടികൾ സ്വീകരിക്കുന്നതെന്ന് ഭരണകൂടം അറിയിച്ചു. അതിർത്തികൾ അടയ്ക്കൽ, നിർബന്ധിത ക്വാറന്റൈനുകൾ, കൂട്ട കോവിഡ് പരിശോധന, ആഴ്ചകൾ നീളുന്ന ലോക്ക്ഡൗൺ എന്നിവയാണ് പ്രധാനമായും ബീജിങ്ങിൽ നടപ്പാക്കുന്നത്.
മഹാമാരി ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ കോവിഡ് പ്രതിസന്ധിയാണ് ബീജിങ്ങ് ഇപ്പോൾ നേരിടുന്നത്. ഭരണകൂടത്തിന്‍റെ നടപടികളോട് സഹകരിക്കാത്തവർ നിയമപരമായ അനന്തരഫലങ്ങൾ നേരിടേണ്ടി വരുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഒരു യുദ്ധകാലത്തിലേതിന് സമാനമായ സംഭവവികാസങ്ങൾക്കാണ് തങ്ങൾ ഇപ്പോൾ സാക്ഷിയായികൊണ്ടിരിക്കുന്നതെന്ന് ബീജിങ് നിവാസിയും റിയൽ എസ്റ്റേറ്റ് ബ്ലോഗറുമായ ലിയു ഗുവാങ്യു അഭിപ്രായപ്പെട്ടു.
സമാനമായ നിയന്ത്രണങ്ങളാണ് കഴിഞ്ഞമാസം ഷാങ്ഹായിലും ചൈന നടപ്പാക്കിയത്. ആഴ്ചകളോളം നീളുന്ന ലോക്ക്ഡൗൺ സഹിക്കവയ്യാതെ അപാർട്ട്മെന്‍റിൽ നിന്ന് അലറിവിളിക്കുന്ന ഷാങ്ഹായ് നിവാസികളുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സീറോ കോവിഡ് നയത്തിന്‍റെ പേരിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനെതിരെ ലോകരാജ്യങ്ങൾ ചൈനക്കെതിരെ രംഗത്ത് വന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.