താലിബാൻ അഫ്ഗാനിസ്ഥാനിൽ ഭരണം ഏറ്റെടുത്തതിനുശേഷം 300 മാധ്യമസ്ഥാപനങ്ങൾ അടച്ചുപൂട്ടിയതായി റിപ്പോർട്ട്
text_fieldsകാബൂൾ: താലിബാൻ അധികാരമേറ്റശേഷം അഫ്ഗാനിസ്ഥാനിലെ 34 പ്രവിശ്യകളിലായി 318 മാധ്യമ സ്ഥാപനങ്ങൾ അടച്ചുപൂട്ടിയതായി ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ജേണലിസ്റ്റ്സ് (IFJ)റിപ്പോർട്ട് ചെയ്തു. 51 ടിവി സ്റ്റേഷനുകൾ, 132 റേഡിയോ സ്റ്റേഷനുകൾ, 49 ഓൺലൈൻ മാധ്യമങ്ങൾ എന്നിവ താലിബാന്‍ ഭരണകാലത്ത് പൂർണമായി പ്രവർത്തനം അവസാനിപ്പിച്ചതായി ഐ.എഫ്.ജെ റിപ്പോർട്ട് ചെയ്തു. ഈ മാധ്യമപ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ചത് പത്രങ്ങളെ ആണെന്നും 114 പത്രങ്ങളിൽ 20 എണ്ണം മാത്രമേ ഇപ്പോൾ പ്രസിദ്ധീകരണം തുടരുന്നുള്ളുവെന്നും റിപ്പോർട്ടിനെ ഉദ്ധരിച്ച് ടോളോ ന്യൂസ് അഭിപ്രായപ്പെട്ടു.
അഫ്ഗാനിസ്ഥാനിലെ സ്വതന്ത്ര മാധ്യമപ്രവർത്തനത്തെക്കുറിച്ച് ആശങ്കകൾ പങ്കുവെച്ച ഐ.എഫ്.ജെ നിലവിൽ രാജ്യത്ത് 2,334 മാധ്യമപ്രവർത്തകർ മാത്രമാണ് പ്രവർത്തിക്കുന്നതെന്നും പറഞ്ഞു. താലിബാന് മുമ്പ് രാജ്യത്ത് 5069 മാധ്യമപ്രവർത്തകരുണ്ടായിരുന്നു. താലിബാന്‍ കാലത്ത് ജോലി നഷ്ടപ്പെട്ട മാധ്യമപ്രവർത്തകരിൽ 72 ശതമാനവും സ്ത്രീകളാണെന്നും 243 എണ്ണം സ്ത്രീകൾ ഇപ്പോഴും മാധ്യമങ്ങളിൽ ജോലി ചെയ്യുന്നതായും ഐ.എഫ്.ജെ കൂട്ടിച്ചേർത്തു.
രാജ്യത്തെ മാധ്യമസ്വാതന്ത്ര്യത്തിനുമേലുള്ള താലിബാന്‍റെ കടന്നുകയറ്റങ്ങളിൽ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ, സമീപഭാവിയിൽ നിശ്ചിത എണ്ണം മാധ്യമ സ്ഥാപനങ്ങൾ മാത്രമേ അഫ്ഗാനിസ്ഥാനിൽ ഉണ്ടാകൂവെന്നും അഫ്ഗാൻ സ്വതന്ത്ര മാധ്യമഅസോസിയേഷൻ മേധാവിയായ ഹുജത്തുള്ള മുജാദിദി പറഞ്ഞു. നിലവിൽ അഫ്ഗാൻ മാധ്യമങ്ങൾ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് ഗൗരവമായി പരിഗണിക്കാൻ അന്താരാഷ്ട്ര സംഘടനകളോട് അഫ്ഗാനിസ്ഥാനിലെ മുതിർന്ന മാധ്യമപ്രവർത്തകരും ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.