കർഫ്യൂ ലംഘിച്ചതിന് 600 ലധികം പ്രതിഷേധക്കാരെ ശ്രീലങ്കയിൽ അറസ്റ്റ് ചെയ്തു
text_fieldsകൊളംബോ: ശ്രീലങ്കയിൽ രൂക്ഷമാകുന്ന സാമ്പത്തിക പ്രതിസന്ധിക്കെതിരെ പ്രതിഷേധിച്ചതിനും സർക്കാർ വിരുദ്ധ റാലി സംഘടിപ്പിച്ചതിനും 600ലധികം പേരെ ശ്രീലങ്കയിൽ അറസ്റ്റ് ചെയ്തു. രാജ്യവ്യാപകമായി കർഫ്യൂ ലംഘിച്ചതിനാണ് ഇവർക്കെതിരെ നടപടിയെടുത്തതെന്ന് പൊലീസ് അറിയിച്ചു. ഞായറാഴ്ച നടത്താനിരുന്ന 'അറബ് വസന്തം' മാതൃകയിലുള്ള പ്രതിഷേധത്തിന് മുന്നോടിയായാണ് ശ്രീലങ്കയിൽ രാജ്യവ്യാപകമായി കർഫ്യൂ പ്രഖ്യാപിച്ചത്.
എന്നാൽ സർക്കാർ പൊതു സുരക്ഷാ ഓർഡിനൻസ് നിയമം ദുരുപയോഗം ചെയ്ത് പ്രതിഷേധിക്കാനുള്ള പൊതുജനങ്ങളുടെ അവകാശം നിഷേധിക്കുകയാണ് ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവായ സജിത് പ്രേമദാസ് കുറ്റപ്പെടുത്തി.
അവശ്യസാധനങ്ങളുടെ ദൗർലഭ്യതയും സാമ്പത്തിക പ്രതിസന്ധിയും നേരിടുന്ന ശ്രീലങ്കയിൽ സർക്കാറിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ നേരത്തെ നിരവധി പേർ രംഗത്തെത്തിയിരുന്നു. ശ്രീലങ്കന്‍ പ്രസിഡന്‍റ് രാജപക്‌സെയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരണങ്ങൾ വ്യാപകമായതോടെ സൈബറിടങ്ങളിൽ സർക്കാർ കർശന നിയന്ത്രണങ്ങൾ കൊണ്ടുവന്നിരുന്നു. സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകൾ ബ്ലോക്ക് ചെയ്യാനുള്ള സർക്കാരിന്റെ നീക്കത്തിനെതിരെ സ്വന്തം അണികളിൽ നിന്ന് തന്നെ വിയോജിപ്പുകളുണ്ടായിരുന്നു. സർക്കാറിന്‍റെ ഈ തീരുമാനം വാർത്താവിനിമയ സാങ്കേതിക വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനായ ഒഷാദ സേനാനായകെയെ രാജിവെപ്പിക്കുന്നതിലേക്ക് വരെ നയിച്ചിരുന്നു.
മഹാമാരിയുടെ അനന്തരഫലമായാണ് രാജ്യത്ത് ഇപ്പോൾ സാമ്പത്തിക മാന്ദ്യം നേരിടുന്നതെന്നാണ് വിമർശനങ്ങളോടുള്ള രാജപക്‌സെയുടെ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.