ആറായിരത്തിലധികം ഇന്ത്യൻ തൊഴിലാളികൾ ഇസ്രായേലിലേക്ക്
text_fieldsജറൂസലം: ഇന്ത്യയിൽ നിന്ന് 6,000ത്തിലേറെ തൊഴിലാളികൾ ഏപ്രിൽ, മേയ് മാസങ്ങളിൽ ഇസ്രായേലിലെത്തും. ഗസ്സയിൽ കൂട്ടക്കുരുതി തുടരുന്ന ഇസ്രായേൽ മുമ്പില്ലാത്ത വിധം രൂക്ഷമായ തൊഴിൽ ക്ഷാമമാണ് നേരിടുന്നത്. ഇസ്രായേലിലെ നിർമാണ മേഖല നേരിടുന്ന തൊഴിൽ ക്ഷാമം പരിഹരിക്കാനാണ് ഇന്ത്യ മുന്നിട്ടിറങ്ങിയത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രത്യേക കരാർ പ്രകാരമാണ് തൊഴിലാളികളെ ഇന്ത്യയിൽ നിന്ന് ഇസ്രായേലിലേക്ക് അയക്കുന്നത്. ഇന്ത്യൻ തൊഴിലാളികളെ കൊണ്ടുവരുന്നത് സംബന്ധിച്ച് തീരുമാനമെടുത്തതായി ഇസ്രായേൽ സർക്കാർ ബുധനാഴ്ച അറിയിച്ചിരുന്നു.
ഇസ്രായേലിൽ ഏറ്റവും കൂടുതൽ തൊഴിലാളികൾ എത്തിയിരുന്നത് അധിനിവിഷ്ട വെസ്റ്റ്ബാങ്കിൽ നിന്നും(80,000 പേർ)ഗസ്സ മുനമ്പിൽ(17,000) നിന്നുമായിരുന്നു. എന്നാൽ ഒക്ടോബറിൽ യുദ്ധം തുടങ്ങിയതോടെ ഇതിൽ ഭൂരിഭാഗം ആളുകളുടെയും തൊഴിൽ പെർമിറ്റ് റദ്ദാക്കി.
ഇന്ത്യ, ശ്രീലങ്ക രാജ്യങ്ങൾ കൂടാതെ ചൈനയിൽ നിന്ന് 7,000 തൊഴിലാളികളും കിഴക്കൻ യൂറോപ്പിൽ നിന്ന് 6,000 തൊഴിലാളികളും ഇസ്രായേലിലേക്ക് എത്തിയിട്ടുണ്ട്. ഇസ്രായേലിലെ നിർമാണ മേഖലയിലാണ് ഏറ്റവും കൂടുതൽ വിദേശ തൊഴിലാളികൾ ജോലി ചെയ്യുന്നത്. കരാറിന്റെ ഭാഗമായി കഴിഞ്ഞാഴ്ച ഇന്ത്യയിൽ നിന്ന് 64 നിർമാണ തൊഴിലാളികൾ ഇസ്രായേലിലെത്തിയിരുന്നു.
കഴിഞ്ഞ ഡിസംബറിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിനിടെ ഈ വിഷയം സംസാരിച്ചിരുന്നു.
ഏതാണ്ട് 18,000 ഇന്ത്യൻ തൊഴിലാളികളാണ് ഇസ്രായേലിൽ ജോലി ചെയ്തിരുന്നത്. യുദ്ധം തുടങ്ങിയതിനു ശേഷം സുരക്ഷിതമല്ലെന്ന് കണ്ട് ഇവരിൽ ഭൂരിഭാഗം തൊഴിലാളികളും മടങ്ങുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.