ഇന്ത്യയിലെ ജനാധിപത്യ-മനുഷ്യാവകാശ പ്രശ്നങ്ങൾ മോദിയുമായി ചർച്ച ചെയ്യണം; ബൈഡന് 70ലേറെ യു.എസ് ജനപ്രതിനിധികളുടെ കത്ത്
text_fieldsവാഷിങ്ടൺ ഡി.സി: ഇന്ത്യയിലെ ജനാധിപത്യ-മനുഷ്യാവകാശ പ്രശ്നങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് യു.എസ് പ്രസിഡന്‍റ് ജോ ബൈഡന് ജനപ്രതിനിധികളുടെ കത്ത്. സെനറ്ററും ഇന്ത്യൻ വംശജയുമായ പ്രമീള ജയ്പാലിന്‍റെ നേതൃത്വത്തിൽ ഇരുസഭകളിലെയും 70 ഓളം ജനപ്രതിനിധികളാണ് മോദിയുടെ യു.എസ് സന്ദർശനത്തിന് തൊട്ട് മുൻപ് ബൈഡന് കത്തയച്ചത്.
ഇന്ത്യയും യു.എസും തമ്മിലുള്ള ശക്തമായ ബന്ധത്തെ പിന്തുണക്കുന്നവരെന്ന നിലയിൽ, ഇരു സുഹൃത്തുക്കളും തമ്മിൽ ഭിന്നതകളും അഭിപ്രായവ്യത്യാസങ്ങളും തുറന്ന് ചർച്ച ചെയ്യാമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അതുകൊണ്ട് ആശങ്കയുള്ള മേഖലകളെ കുറിച്ച് താങ്കൾ മോദിയോട് ചോദിക്കണമെന്ന് അഭ്യർഥിക്കുന്നു -കത്തിൽ പറഞ്ഞു.
ഇന്ത്യയിൽ മതപരമായ അസഹിഷ്ണുത വർധിക്കുകയാണെന്നും രാഷ്ട്രീയ ഇടങ്ങൾ ഇല്ലാതാകുന്നുവെന്നും മനുഷ്യാവകാശ സംഘടനകളേയും മാധ്യമപ്രവർത്തകരേയും ലക്ഷ്യമിടുന്നുവെന്നും പത്രസ്വാതന്ത്ര്യത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുവെന്നുമുള്ള നിരവധി റിപ്പോർട്ടുകളുടെ പരമ്പരകളാണ് രാജ്യത്ത് നിന്ന് വന്നുകൊണ്ടിരിക്കുന്നതെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.
അതേസമയം പ്രതിരോധം, വിതരണ ശൃംഖല, ഫാർമസ്യൂട്ടിക്കൽസ് എന്നീ മേഖലകളിൽ യു.എസും ഇന്ത്യയും തമ്മിലുള്ള സഹകരണം ആഴത്തിലാക്കുന്നതിനുള്ള നടപടികൾക്ക് എല്ലാ പിന്തുണയും നൽകുന്നതായി സഭാംഗങ്ങൾ കത്തിൽ ഊന്നിപറഞ്ഞു. രാജ്യങ്ങൾ തമ്മിലുള്ള സാംസ്കാരിക ഇടപെടലിനെ പിന്തുണയ്ക്കുന്നുവെന്നും അവർ കത്തിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.