ടൈറ്റനിൽ ഓക്സിജൻ ഇന്ന് തീരും; ശബ്ദതരംഗം പ്രതീക്ഷ
text_fieldsബോസ്റ്റൺ: ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാൻ പോയി ഉത്തര അറ്റ്ലാന്റിക്കിൽ അപ്രത്യക്ഷമായ ടൂറിസ്റ്റ് അന്തർവാഹിനി ടൈറ്റൻ കണ്ടെത്താനുള്ള ശ്രമങ്ങളിൽ നേർത്ത പ്രതീക്ഷ. അന്തർവാഹിനിയുള്ള ഭാഗത്ത് കടലിനടിയിൽനിന്ന് കനേഡിയൻ സൈനിക നിരീക്ഷണ വിമാനങ്ങളിൽനിന്നുള്ള ഉപകരണങ്ങൾ ശബ്ദതരംഗങ്ങൾ പിടിച്ചെടുത്തതായി യു.എസ് കോസ്റ്റ്ഗാർഡ് അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായ കാനഡയുടെ ‘പി 3 ഓറിയോൺ’ വിമാനത്തിലെ ശബ്ദമാപിനിയാണ് തരംഗങ്ങള്‍ പിടിച്ചെടുത്തത്. തുടർന്ന് റോബോട്ടിനെ ഈ ഭാഗത്തേക്ക് അയച്ചെങ്കിലും ദൗത്യം വിജയിച്ചില്ല. എന്താണ് ശബ്ദതരംഗത്തിന് പിന്നിലെന്ന് വ്യക്തമല്ല. ജലപേടകം ഇപ്പോഴും പ്രവർത്തിക്കുന്നുണ്ടെന്ന സൂചനയാണ് ശബ്ദതരംഗങ്ങൾ നൽകുന്നത്.
ഒരുദിവസത്തേക്കുള്ള ഓക്സിജൻ മാത്രമാണ് ടൈറ്റനിലുള്ളത്. 3800 മീറ്റർ ആഴത്തിലുള്ള അന്തർവാഹിയുടെ സമീപത്ത് എങ്ങനെ എത്തുമെന്നതാണ് രക്ഷാപ്രവർത്തകരെ കുഴക്കുന്നത്. പ്രാദേശികസമയം വ്യാഴാഴ്ച രാവിലെ ആറ് മണിയോടെ അന്തർവാഹിനിയിലെ ഓക്സിജൻ തീരുമെന്നത് ഏറെ ആശങ്കാജനകമാണ്. നാല് ദിവസത്തേക്കുള്ള ഓക്സിജനായിരുന്നു ടൈറ്റനിലുള്ളത്. അരമണിക്കൂർ ഇടവിട്ട് അന്തർവാഹിനിയിൽനിന്നുള്ള ശബ്ദം കേൾക്കുന്നതായി ‘റോളിങ് സ്റ്റോൺ’ മാഗസിൻ റിപ്പോർട്ട് ചെയ്തു. അന്തർവാഹിനി ദുരന്തങ്ങളിൽ ഉപരിതലവുമായി ആശയവിനിമയം നടത്താൻ ഇത്തരത്തിൽ ഇടിശബ്ദങ്ങൾ പതിവാണ്. അമേരിക്കയുടെയും കാനഡയുടെയും സംഘങ്ങളാണ് തിരച്ചിൽ നടത്തുന്നത്.
രണ്ട് തരത്തിലുള്ള ആശയവിനിമയ സംവിധാനങ്ങളാണ് ടൈറ്റനിലുള്ളതെന്ന് കഴിഞ്ഞവർഷം ടൈറ്റനിൽ ടൈറ്റാനിക്കിലേക്ക് സഞ്ചരിച്ച സി.ബി.എസ് ന്യൂസിലെ മാധ്യമപ്രവർത്തകൻ ഡേവിഡ് പോഗ് പറഞ്ഞു. കപ്പലിലേക്കുള്ള സന്ദേശങ്ങളും ഓരോ 15 മിനിറ്റിലും പുറപ്പെടുവിക്കുന്ന സുരക്ഷാമുഴക്കങ്ങളുമാണിത്. ടൈറ്റൻ മുങ്ങി ഒന്നേമുക്കാൽ മണിക്കൂർ കഴിഞ്ഞപ്പോഴേക്കും ഈ രണ്ട് സംവിധാനങ്ങളും നിലച്ചിരുന്നു.
എല്ലാവരും അബോധാവസ്ഥയിലാണെങ്കിലും പ്രവർത്തിക്കുന്ന സുരക്ഷാസംവിധാനം അന്തർവാഹിനിക്കുണ്ടായിരുന്നു. ബ്രിട്ടീഷ് പൗരനായ പാകിസ്താനി ബിസിനസുകാരൻ ഷഹ്സാദ ദാവൂദ്, മകൻ സുലൈമാൻ, ബ്രിട്ടീഷ് പര്യവേക്ഷകൻ ഹാമിഷ് ഹാർഡിങ്, ടൂറിസം പദ്ധതിയുടെ പിന്നിൽ പ്രവർത്തിക്കുന്ന ‘ഓഷ്യൻ ഗേറ്റ്’ ചീഫ് എക്സിക്യൂട്ടിവ് സ്റ്റോക്ടൺ റഷ്, ഫ്രഞ്ച് പര്യവേക്ഷകൻ പോൾ ഹെന്റി നർജിയോലെറ്റ് എന്നിവരാണ് അന്തർവാഹിനിയിലുള്ളത്. അന്തർവാഹിനിയിൽ സുരക്ഷാപ്രശ്നമുള്ളതായി വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. ആഴത്തിലെത്തുമ്പോൾ അപകടത്തിൽപെടാനുള്ള സാധ്യത ‘ഓഷ്യൻ ഗേറ്റ്’ ഡയറക്ടർതന്നെ റിപ്പോർട്ട് നൽകിയിരുന്നതായും വാർത്തയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.