നമ്മളെ വീട്ടിനകത്ത് ഇരുത്തിയിട്ട് അവരങ്ങ് അർമാദിക്കുവാന്നേ -വുഹാനിലെ സംഗീതോത്സവത്തിൽ ആർത്തുല്ലസിച്ച് ആയിരങ്ങൾ
text_fieldsവുഹാൻ: കൊറോണ വൈറസ് എന്നൊരു സാധനം ലോകത്ത് മുഴുവൻ പരന്നിട്ടുണ്ട് എന്ന് ഇവർ കേട്ടിേട്ടയില്ലേ എന്ന് തോന്നിപ്പോകും ഈ വിഡിയോ കണ്ടാൽ. അതും കൊറോണ വൈറസ് ആദ്യം കണ്ടെത്തിയ സ്ഥലത്ത് നിന്നുള്ള വിഡിയോ. ചൈനയിലെ വുഹാനിൽ കഴിഞ്ഞ ദിവസം നടന്ന ഒരു സംഗീത പരിപാടിയുടെ വിഡിയോ ആണിത്. മാസ്ക് പോലും ഇടാതെ ആയിരങ്ങളാണ് കൊറോണ വൈറസിന്‍റെ 'ജന്മനാട്ടിൽ' ആർപ്പുവിളിച്ചും ആടിപ്പാടിയും ആഘോഷത്തിമിർപ്പിൽ ആറാടുന്നത്. തങ്ങളുടെ നാട്ടിൽ നിന്ന് പുറപ്പെട്ട് പോയൊരു 'സാധനം' ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ലക്ഷക്കണക്കിന് ആളുകളെ വീടിനുള്ളിൽ 'പൂട്ടിയിട്ടിരിക്കുകയാണെന്ന്' അറിഞ്ഞിട്ടുപോലുമില്ല എന്ന മട്ടിലുള്ള ആഘോഷം.
കൊറോണ വൈറസ് സാന്നിധ്യം ആദ്യം കണ്ടെത്തിയ വുഹാനിൽ രണ്ട് ദിവസങ്ങളിലായി നടന്ന സ്ട്രോബറി മ്യൂസിക് ഫെസ്റ്റിവലിലാണ് ആയിരങ്ങൾ പങ്കെടുത്തത്. മാസ്ക് ധരിക്കാതെ, സാമൂഹിക അകലം പാലിക്കാതെ പാട്ടിനൊപ്പം തുള്ളിയും പരിപാടി കാമറയിൽ പകർത്തിയുമൊക്കെ അവർ ആഘോഷിക്കുന്നത് വിഡിയോയിൽ കാണാം.
ഇതിൽ അത്ഭുതപ്പെടാനില്ലെന്നാണ് വുഹാൻ അധികൃതർ നൽകുന്ന വിശദീകരണം. വുഹാൻ നഗരം ഇപ്പോൾ കോവിഡ്മുക്തമാണെന്നാണ് ഔൃദ്യോഗിക രേഖകളിലുള്ളത്. രണ്ടുമാസത്തിലേറെ നീണ്ട വിട്ടുവീഴ്ചയില്ലാത്ത നിയന്ത്രണങ്ങളും ലോക്ഡൗണും കൊണ്ടാണ് ഇത് സാധ്യമായതെന്നും അധികൃതർ പറയുന്നു.
ചൈനയിലെ ഏറ്റവും വലിയ ഔട്ട്ഡോർ സംഗീതോത്സവമായ സ്ട്രോബറി മ്യൂസിക് ഫെസ്റ്റിവൽ കഴിഞ്ഞ വർഷം കോവിഡ് വ്യാപനം മൂലം നടത്തിയിരുന്നില്ല. കോവിഡ് പൂർണമായും ഇല്ലാതായ പശ്ചാത്തലത്തിൽ ഇത്തവണ കാണികളുടെ എണ്ണം നിയന്ത്രിച്ച് നടത്താൻ തീരുമാനിക്കുകയായിരുന്നെന്ന് സംഘാടകർ പറയുന്നു. ചൈനയിലെ പ്രമുഖ ബാൻഡുകളും ഗായകരും അണിനിരക്കുന്ന ഫെസ്റ്റ് വുഹാനിലെ ഗാർഡൻ എക്സ്പോ പാർക്കിലാണ് നടന്നത്. ബീജീങിൽ അഞ്ച് ദിവസത്തെ സ്ട്രോബറി മ്യൂസിക് ഫെസ്റ്റിവൽ നടക്കാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.