പേജർ, വോക്കിടോക്കി സ്ഫോടനം: മൊസാദിന്റെ രഹസ്യ പദ്ധതി വെളിപ്പെടുത്തി മുൻ ചാരന്മാർ
text_fieldsവാഷിങ്ടൺ: ലബനാനിലെ ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് നടത്തിയ പേജർ, വോക്കിടോക്കി സ്ഫോടന പദ്ധതിക്ക് പിന്നിൽ ഇസ്രായേൽ ചാരസംഘടനയായ മൊസാദിന്റെ 10 വർഷം നീണ്ട ആസൂത്രണത്തെ കുറിച്ച് വെളിപ്പെടുത്തി മുൻ ചാരന്മാർ. ഈയടുത്ത് മൊസാദിൽനിന്ന് വിരമിച്ച രണ്ട് മുതിർന്ന ഉദ്യോഗസ്ഥരാണ് മൈക്കിൾ, ഗബ്രിയേൽ എന്നീ പേരുകളിൽ രഹസ്യങ്ങൾ പുറത്തുവിട്ടത്. മൂന്നുമാസം മുമ്പ് ലബനാൻ തലസ്ഥാനമായ ബൈറൂത്തിലും മറ്റും നടന്ന പേജർ, വോക്കിടോക്കി സ്ഫോടനങ്ങളിൽ ഹിസ്ബുല്ലയുടെ നിരവധി പോരാളികൾ കൊല്ലപ്പെട്ടിരുന്നു.
ഹിസ്ബുല്ല തായ്വാൻ ആസ്ഥാനമായ കമ്പനിയിൽനിന്ന് പേജറുകൾ വാങ്ങുന്നുണ്ടെന്ന് അറിഞ്ഞതോടെയാണ് മൊസാദ് സ്ഫോടന പദ്ധതിക്ക് തുടക്കമിട്ടതെന്ന് മുൻ ചാരന്മാർ പറഞ്ഞു. തായ്വാൻ കമ്പനിയായ ഗോൾഡ് അപ്പോളോയെ പോലെ തോന്നിപ്പിക്കുന്ന ഹംഗറി ആസ്ഥാനമായ നിഴൽ കമ്പനിയുണ്ടാക്കുകയാണ് ആദ്യം ചെയ്തത്. പേജറുകൾ വാങ്ങുമ്പോൾ മൊസാദിൽനിന്നാണെന്ന് ഒരിക്കലും തിരിച്ചറിയാൻ കഴിയാത്ത തരത്തിൽ ഒരു വ്യാജ ലോകം തന്നെ സൃഷ്ടിച്ചു. ബിസിനസുകാരൻ, മാർക്കറ്റിങ്, എൻജിനീയർമാർ, ഷോറൂം എന്നിവയുൾപ്പെടെ എല്ലാം മൊസാദിന്റെ ഏജന്റുമാരായിരുന്നു.
സ്ഫോടന വസ്തുക്കൾ രഹസ്യമായി ഉള്ളിൽ ഘടിപ്പിക്കുന്നതിന് വലുപ്പവും ഭാരവും കൂടിയ പേജറുകളാണ് നിർമിച്ചത്. ഭാരമേറിയ പേജറുകളാണ് നല്ലതെന്ന് ഹിസ്ബുല്ല നേതൃത്വത്തെ ബോധ്യപ്പെടുത്താൻ രണ്ടാഴ്ച സമയമെടുത്തു. പൊടിപിടിച്ചാൽ കേടാകില്ലെന്നും വെള്ളം കടക്കില്ലെന്നും ബാറ്ററി ദൈർഘ്യം കൂടുതലാണെന്നും വിശ്വസിപ്പിക്കാൻ യൂട്യൂബിൽ വ്യാജ പരസ്യങ്ങൾ നൽകുകയായിരുന്നു.
പേജർ ഉപയോഗിക്കുന്നവർക്ക് മാത്രമേ പരിക്കേൽക്കൂവെന്ന് ഉറപ്പാക്കാൻ പലതവണ പരീക്ഷണം നടത്തി. അടിയന്തരമായി കീശയിൽനിന്ന് പേജർ പുറത്തെടുക്കാൻ തോന്നിപ്പിക്കുന്ന തരത്തിലുള്ള റിങ് ടോണുകളും പരീക്ഷിച്ചു.
സെപ്റ്റംബറോടെ 5000 ഹിസ്ബുല്ല പോരാളികളുടെ കൈയിലാണ് പേജറുകളുണ്ടായിരുന്നത്. ലബനാന്റെ വിവിധ ഭാഗങ്ങളിൽ നിരന്തരം പേജറുകൾ മുഴങ്ങാൻ തുടങ്ങിയ ഘട്ടത്തിലാണ് സെപ്റ്റംബർ 17ന് ഇസ്രായേൽ സ്ഫോടനം നടത്തിയത്. തൊട്ടടുത്ത ദിവസം വോക്കിടോക്കി സ്ഫോടനവും നടത്തുകയായിരുന്നു. ദുർബലരാണെന്ന് ഹിസ്ബുല്ലയെ ബോധ്യപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നും ഇനി പുതിയൊരു ആക്രമണ പദ്ധതി മൊസാദ് ആസൂത്രണം ചെയ്യുമെന്നും മുൻ ചാരന്മാർ വ്യക്തമാക്കി.
ഗസ്സയിലെ ആശുപത്രി പൂട്ടണമെന്ന് ഇസ്രായേൽ
ഗസ്സ സിറ്റി: ഗസ്സയിലെ അവശേഷിക്കുന്ന ചുരുക്കം ചില ആശുപത്രികളിലൊന്നായ കമാൽ അദ്വാൻ പൂട്ടാൻ അന്ത്യശാസനം നൽകി ഇസ്രായേൽ. ആശുപത്രിയിൽനിന്ന് രോഗികളെ ഉടൻ ഒഴിപ്പിക്കണമെന്നും കഴിഞ്ഞ രാത്രിയാണ് ഇസ്രായേൽ സേന ഉത്തരവിട്ടത്. ആക്രമണത്തിൽ തകർന്ന മറ്റൊരു ആശുപത്രിയിലേക്ക് രോഗികളെ മാറ്റണമെന്നാണ് ആവശ്യം. ഒക്ടോബർ മുതൽ ഉത്തര ഗസ്സയിലെ ബൈത് ലാഹിയയിലും ബൈത് ഹാനൂനിലും ജബാലിയയിലും ഇസ്രായേൽ തുടരുന്ന ക്രൂരമായ ബോംബാക്രമണത്തിൽ കാര്യമായ നാശനഷ്ടം നേരിട്ട ആശുപത്രിയാണ് കമാൽ അദ്വാൻ.
അതേസമയം, രോഗികളെ മാറ്റാനുള്ള സൗകര്യമില്ലാത്തതിനാൽ ആശുപത്രി പൂട്ടാൻ കഴിയില്ലെന്ന് തലവനായ ഹുസാം അബൂ സാഫിയ പറഞ്ഞു. നവജാത ശിശുക്കൾ അടക്കം 400ഓളം പേരാണ് ആശുപത്രിയിലുള്ളത്. ഓക്സിജനും ഇൻക്യൂബേറ്ററും ഉപയോഗിച്ചാണ് നവജാത ശിശുക്കളുടെ ജീവൻ നിലനിർത്തുന്നത്. അത്യാവശ്യമായ സൗകര്യങ്ങളും ഉപകരണങ്ങളുമില്ലാതെ ആരെയും മാറ്റാൻ കഴിയില്ല. കനത്ത ആക്രമണമാണ് പ്രദേശത്ത് നടക്കുന്നതെന്നും ആശുപത്രിയിലെ ഇന്ധന ടാങ്കിൽ ബോംബിട്ടാൽ കൂട്ടമരണത്തിന് ഇടയാക്കുമെന്നും അബൂ സാഫിയ പറഞ്ഞു.
അതിനിടെ, അഭയാർഥികൾ താമസിക്കുന്ന ടെന്റുകളും സ്കൂളുകളും ലക്ഷ്യമിട്ട് ഇസ്രായേൽ സേനയുടെ ആക്രമണം തുടരുകയാണ്. സുരക്ഷിത മേഖലയെന്ന് പ്രഖ്യാപിച്ച അൽ മുവാസിയിൽ ഡ്രോൺ ആക്രമണത്തിൽ ടെന്റുകൾക്ക് തീപിടിച്ച് രണ്ട് കുട്ടികൾ അടക്കം എട്ടുപേർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാവിലെ നുസൈറത്ത് അഭയാർഥി ക്യാമ്പിലെ സ്കൂളിനു നേരെ സൈന്യം വെടിയുതിർത്തു. കാറിനുനേരെയും സുരക്ഷ സേന സഞ്ചരിച്ച വാഹനത്തിനു നേരെയും നടന്ന ആക്രമണത്തിൽ നാലുപേരും കൊല്ലപ്പെട്ടു. 14 മാസമായി തുടരുന്ന വംശഹത്യയിൽ 45,317 ഫലസ്തീനികൾക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.