ഒടുവിൽ പാകിസ്താൻ സമ്മതിച്ചു; ദാവൂദ് ഇബ്രാഹിം കറാച്ചിയിലുണ്ട്
text_fieldsന്യൂഡൽഹി: മൂന്ന് പതിറ്റാണ്ടോളമായി ഇന്ത്യ തേടിക്കൊണ്ടിരിക്കുന്ന അധോലോക നേതാവ് ദാവൂദ് ഇബ്രാഹിം രാജ്യത്തുണ്ടെന്ന് പാകിസ്താൻ സമ്മതിച്ചു. 1993ലെ മുംബൈ സ്ഫോടന പരമ്പരയുടെ മുഖ്യ ആസൂത്രകനായി കരുതുന്ന ദാവൂദ് ഇബ്രാഹിമിന് പാകിസ്താൻ അഭയമൊരുക്കുന്നതായ ഇന്ത്യയുടെ ആരോപണം പാകിസ്താൻ ഇക്കാലമത്രയും നിഷേധിക്കുകയായിരുന്നു. ഭീകരരെ സഹായിക്കുന്നതിന്‍റെ പേരിൽ സാമ്പത്തിക ഉപരോധ മുന്നറിയിപ്പ് നേരിടുന്ന പാകിസ്താൻ 88 നിരോധിത ഭീകര ഗ്രൂപ്പുകളുടെ പട്ടിക പുറത്തുവിട്ടിരുന്നു. ഇതിലാണ് ദാവൂദ് ഇബ്രാഹിമിന്‍റെയും വിവരമുള്ളത്.
ഭീകര സംഘങ്ങൾക്കെതിരെയും നേതാക്കൾക്കെതിരെയും കടുത്ത സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയതായി പാകിസ്താൻ അറിയിച്ചു. ഹാഫിസ് സയീദ്, മസൂദ് അസ്ഹർ, ദാവൂദ് ഇബ്രാഹിം എന്നിവർ പട്ടികയിലുണ്ട്. ഇവരുടെ സ്വത്ത് കണ്ടുകെട്ടാനും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും നിർദേശമുണ്ട്.
ഭീകരർക്ക് സാമ്പത്തിക സഹായം നൽകുന്നതിനെ നിരീക്ഷിക്കുന്ന ആഗോള ഏജൻസിയായ എഫ്.എ.ടി.എഫ് (ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ്) 2018 ജൂണിൽ പാകിസ്താനെ ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു. ഭീകരതയെ നേരിടാൻ 2019 അവസാനത്തിനുള്ളിൽ കൃത്യമായ പദ്ധതി ആസൂത്രണം ചെയ്യണമെന്നും നിർദേശം നൽകിയിരുന്നു. കോവിഡ് സാഹചര്യത്തിൽ ഇതിന്‍റെ സമയപരിധി നീട്ടിനൽകിയിരിക്കുകയാണ്.
26/11 മുംബൈ ഭീകരാക്രമണത്തിന്‍റെ മുഖ്യ ആസൂത്രകൻ ജമാഅത്ത് ഉദ്ദവ നേതാവ് ഹാഫിസ് സയീദ്, ജെയ്ഷെ മുഹമ്മദ് നേതാവ് മസൂദ് അസ്ഹർ, അധോലോക നായകൻ ദാവൂദ് ഇബ്രാഹിം തുടങ്ങിയവർക്കെതിരെ ഉപരോധം ഏർപ്പെടുത്തി ആഗസ്റ്റ് 18നാണ് പാക് ഭരണകൂടം ഉത്തരവിറക്കിയത്.
ഉത്തരവിൽ പറയുന്നത് പ്രകാരം കറാച്ചിയിലാണ് ദാവൂദ് ഇബ്രാഹിമിന്‍റെ വിലാസം. രണ്ട് വീടും ബംഗ്ലാവും ഉള്ളതായും ഇതിൽ പറയുന്നു.
ദാവൂദ് കറാച്ചിയിൽ ഉണ്ടെന്ന് ഇന്ത്യ ആവർത്തിച്ച് വ്യക്തമാക്കിയിട്ടും പാകിസ്താൻ ഇക്കാലമത്രയും സമ്മതിച്ചിരുന്നില്ല. നേരത്തെ, ഉസാമ ബിൻ ലാദൻ പാകിസ്താനിൽ കഴിയുന്ന കാലത്തും ഇവർ ഇക്കാര്യം അംഗീകരിച്ചിരുന്നില്ല.
അധോലോക നായകനായി വളർന്ന ദാവൂദ് ഇബ്രാഹിം (59) മുംബൈ സ്ഫോടനത്തോടെയാണ് കൊടുംകുറ്റവാളി പട്ടികയിലായത്. 1993ലെ മുംബൈ സ്ഫോടന പരമ്പരയിൽ 257 പേരാണ് കൊല്ലപ്പെട്ടത്. 700ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ, കൊള്ളയടിക്കൽ തുടങ്ങിയ നിരവധി കുറ്റകൃത്യങ്ങളിലും ദാവൂദിന് പങ്കുണ്ട്. അൽഖ്വയ്ദ, ലഷ്കറെ ത്വയ്ബ തുടങ്ങിയ ഭീകരസംഘടനകൾക്ക് ദാവൂദ് സാമ്പത്തിക സഹായം നൽകുന്നതായി ഇന്ത്യയും അമേരിക്കയും ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.